നായയെ ക്രൂരമായി അടിച്ച സ്ത്രീയെ ആറ് തവണ അടിച്ച് മൃഗസംരക്ഷണ പ്രവർത്തക; വിഡിയോ വൈറൽ
text_fieldsഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം മുൻ കേന്ദ്രമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ മനേക ഗാന്ധിയുടെ ഓഫിസിൽ നിന്നുള്ളയാളാണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ, തെരുവ് നായയെ വടികൊണ്ട് അടിച്ചതായി ആരോപിച്ച് പരിക്കേറ്റ സ്ത്രീയെ തല്ലുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
വൈറൽ വിഡിയോയിൽ, തിരിച്ചറിയൽ കാർഡ് ധരിച്ച ഒരു സ്ത്രീ തലയിൽ ബാൻഡേജ് കെട്ടിയിരിക്കുന്ന മറ്റൊരു സ്ത്രീയെ അടിക്കാൻ തുടങ്ങുന്നു. എതിർത്ത ശേഷം, ആ സ്ത്രീ തന്നെ അടിച്ച സ്ത്രീക്കെതിരെ കോടതിയിൽ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. തുടർന്ന് താൻ മനേക ഗാന്ധിയുടെ ഓഫിസിൽനിന്നാണ് വന്നതെന്ന് അവർ അവകാശപ്പെടുന്നു.അതേസമയം, തല്ലുകൊണ്ട സ്ത്രീ ഒരു തെരുവ് നായയെ ക്രൂരമായി അടിക്കുന്നതായ മറ്റൊരു വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നായയെ ആക്രമിച്ചതിനും പരിക്കേറ്റ സ്ത്രീയെ ആക്രമിച്ചതിനുമെതിരെ കേസെടുക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. സാമൂഹിക പ്രവർത്തകയായ ദീപിക നാരായൺ ആരാണ് മൃഗസംരക്ഷണ പ്രവർത്തകക്ക് ഒരു പൗരനെ കൈയേറ്റം ചെയ്യാൻ അധികാരം നൽകിയതെന്ന് ചോദിച്ചുകൊണ്ട് മീററ്റ് പൊലീസ്, ഡൽഹി പൊലീസ്, യു.പി പൊലീസ് എന്നിവരെ ടാഗ് ചെയ്ത് പോസ്റ്റ് ഇട്ടിരുന്നു. നായ സ്നേഹികളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണെന്നും ഇവരെയെല്ലാം വൻതാരയിലേക്ക് വിടണമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. സംഭവം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.


