ഓറ ഫാമിങ് കിഡ് ഓൺ ബോട്ട്
text_fields‘ഓറ ഫാമിങ്’... പേരുകേൾക്കുമ്പോൾ തോജോവലയം, കൃഷി എല്ലാമായി തെറ്റിദ്ധരിക്കും. എന്നാൽ, ഒരാഴ്ചയിൽ അധികമായി സമൂഹമാധ്യമങ്ങൾ ഭരിക്കുന്ന ഒരു വൈറൽ കുട്ടിത്താരത്തിന്റെ വിഡിയോയിലെ ഊർജസ്വലമായ ആംഗ്യങ്ങളെ വിവരിക്കുന്നതാണ് ഓറ ഫാമിങ്. പറഞ്ഞുവരുന്നത് ഒരു വള്ളത്തിന് മുകളിൽ കൂളിങ് ഗ്ലാസും വെച്ച് തലയിൽ തൊപ്പിയും പരമ്പരാഗതമായ കറുത്ത വസ്ത്രവും ധരിച്ച് വ്യത്യസ്ത ആംഗ്യങ്ങളുമായി വഞ്ചി തുഴയുന്നവരെ പ്രോത്സാഹിപ്പിക്കുന്ന 11 വയസ്സുകാരൻ റയ്യാൻ അർക്കാൻ ദിഖയെക്കുറിച്ചാണ്.
ഇന്തോനേഷ്യയിൽ പരമ്പരാഗതമായി നടന്നുവരുന്ന പാക്കു ജലൂർ ലോങ് ബോട്ട് റേസിനിടെയാണ് ആ വൈറൽ വിഡിയോ പിറന്നത്. റയ്യാൻ തന്റെ ബോട്ടിലെ ടീമിനെ ഒരുമയോടെ അണിനിരത്താനും ഊർജത്തോടെ തുഴയാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി വള്ളത്തിന്റെ അറ്റത്തുനിന്ന് ചെയ്യുന്ന സ്റ്റെപ്പുകളാണ് ‘ഓറ ഫാമിങ് കിഡ് ഓൺ ബോട്ട്’, ബോട്ട് റേസ് കിഡ് ഓറ’ തുടങ്ങിയ ഹാഷ് ടാഗുകളോടെ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
കൈ ഉപയോഗിച്ചാണ് റയ്യാന്റെ അഭ്യാസ പ്രകടനം. തുഴച്ചിൽക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ചലനങ്ങളിലൂടെ കാഴ്ചക്കാരെ ആവേശത്തിലാക്കുകയും ചെയ്യുന്നുണ്ട് റയ്യാൻ. റയ്യാന്റെ നൃത്തം ഇതുവരെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്. ഒപ്പം പല മീമുകളായും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. വള്ളത്തിന്റെ മുകളിൽ വളരെ കൂളായാണ് റയ്യാന്റെ നിൽപും നൃത്തവും.
റയ്യാന്റെ നൃത്തം അമേരിക്കൻ ഫുട്ബാൾ താരം ട്രാവിസ് കെൽസ്, എഫ് 1 ഡ്രൈവർ അലക്സ് ആൽബൺ, പാരിസ് സെന്റ് ജർമൻ ഫുട്ബാൾ ടീം ഉൾപ്പെടെ ഏറ്റെടുത്തിരുന്നു. റയ്യാന്റെ ചുവടുകളെ അനുകരിച്ചാണ് ഇവരെല്ലാം രംഗത്തെത്തിയത്. നൃത്തം ഞാൻ തനിയെ കണ്ടുപഠിച്ചതാണെന്നായിരുന്നു വൈറലായതിന് പിന്നാലെ റയ്യാന്റെ പ്രതികരണം. അഞ്ചാംക്ലാസ് വിദ്യാർഥിയാണ് റയ്യാന്റെ അരങ്ങേറ്റംകൂടിയായിരുന്നു പാക്കു ജലൂർ വള്ളംകളിയിലെ നൃത്തം.