Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right‘ഇന്ത്യയിലെ മറ്റു...

‘ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെപ്പോലെയല്ല, വേറിട്ട നഗരം’; ചണ്ഡീഗഡിന്‍റെ നഗരാസൂത്രണത്തെ പ്രശംസിച്ച് ബ്രിട്ടീഷ് സഞ്ചാരി

text_fields
bookmark_border
‘ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെപ്പോലെയല്ല, വേറിട്ട നഗരം’; ചണ്ഡീഗഡിന്‍റെ നഗരാസൂത്രണത്തെ പ്രശംസിച്ച് ബ്രിട്ടീഷ് സഞ്ചാരി
cancel

ഇന്ത്യൻ നഗരങ്ങളിലെ സാധാരണ തിരക്കുകളിൽ നിന്നും ഗതാഗതക്കുരുക്കുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി, കൃത്യമായ പ്ലാനിങ്ങോടെ നിർമിച്ച ചണ്ഡീഗഡ് നഗരത്തെ പ്രശംസിച്ച ബ്രിട്ടീഷ് വ്ലോഗറുടെ ഇൻസ്റ്റാഗ്രാം വിഡിയോ വൈറലാകുന്നു. ജാക്ക് ഹീറ്റൺ എന്ന യൂട്യൂബറും ട്രാവൽ വ്ലോഗറുമാണ് ചണ്ഡീഗഡിന്റെ അടിസ്ഥാന സൗകര്യങ്ങളെയും നഗരാസൂത്രണത്തെയും വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

‘ഇന്ത്യയിലെ ഏറ്റവും വിചിത്രമായ നഗരം എന്ന തലക്കെട്ടോടെ ജാക്ക് പങ്കുവെച്ച വിഡിയോയിൽ, ചണ്ഡീഗഡ് ഇന്ത്യയിലെ മറ്റ് നഗരങ്ങളുടെ നേർവിപരീതമായി തോന്നുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച ശേഷമാണ് അദ്ദേഹം ചണ്ഡീഗഡിൽ എത്തുന്നത്.

സ്വിസ്-ഫ്രഞ്ച് വാസ്തുശില്പിയായ ലെ കോർബസിയർ രൂപകല്പന ചെയ്ത ഈ നഗരം കൃത്യമായ പ്ലാനിങ്ങോടെയാണ് നിർമിച്ചിരിക്കുന്നത്. സാധാരണ നഗരങ്ങളിലെ തിക്കും തിരക്കും ബഹളങ്ങൾക്കും പകരം, വിശാലമായ റോഡുകളും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും ചേർന്ന ഗ്രിഡ് മാതൃകയിലാണ് നഗരം വിഭജിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മറ്റ് വൻനഗരങ്ങളിൽ യാത്ര ചെയ്ത ശേഷം ചണ്ഡീഗഡിൽ എത്തുമ്പോൾ എല്ലാം വിചിത്രമായ രീതിയിൽ സംഘടിതവും അച്ചടക്കമുള്ളതുമായി തോന്നുന്നുവെന്ന് ജാക്ക് തമാശരൂപേണ പറയുന്നു. നഗരത്തിന്റെ ജനപ്രീതിയും പ്രാധാന്യവും കാരണം പഞ്ചാബ്, ഹരിയാന എന്നീ രണ്ട് സംസ്ഥാനങ്ങൾക്കും ഒരുപോലെ അവകാശപ്പെടേണ്ടി വന്നതിനാലാണ് ചണ്ഡീഗഡ് ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമായി മാറിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കൂടാതെ ഇത് ഒരു കേന്ദ്രഭരണ പ്രദേശം കൂടിയാണ്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണെങ്കിലും, ജീവിതനിലവാരത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണ് ചണ്ഡീഗഡെന്ന് ജാക്ക് കൂട്ടിച്ചേർത്തു.

1950കളിൽ ലെ കോർബസിയർ രൂപകൽപന ചെയ്ത ചണ്ഡീഗഡ്, "സെക്ടറുകൾ" എന്നറിയപ്പെടുന്ന സ്വയംപര്യാപ്തമായ മിനി-ടൗണുകളായിട്ടാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. വിശാലമായ റോഡുകളും വൃക്ഷത്തണലുകളും ഇവിടുത്തെ പ്രത്യേകതയാണ്.

സുഖ്ന തടാകം, റോസ് ഗാർഡൻ , റോക്ക് ഗാർഡൻ എന്നിവയാണ് ചണ്ഡീഗഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ചണ്ഡീഗഡ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് സുഖകരമായ കാലാവസ്ഥയും പാർക്ക് പിക്നിക്കുകൾക്കും മറ്റും അനുയോജ്യമായ അന്തരീക്ഷവുമാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.

Show Full Article
TAGS:british Vlogger Chandigarh social media viral city planning 
News Summary - British Tourist Praises Chandigarh's Unique Grid Design
Next Story