Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right‘എസ്.എൻ.ഡി.പി യോഗത്തെ...

‘എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നു, സതീശന്‍റേത് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥ’; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശൻ

text_fields
bookmark_border
Vellappally Natesan
cancel

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് വീണ്ടും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവ് എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുകയാണെന്നും വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത്. എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളിലൂന്നി രാജ്യംമുഴുവൻ പ്രചരണം നടത്തുന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെയും പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെയും അറിവോടെയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കണം. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങൾക്ക് അധികാരത്തിൽ അർഹമായ നീതി ഉറപ്പാക്കുമെന്നു പറഞ്ഞു പ്രചാരണം നടത്തിയ രാഹുൽ ഗാന്ധിയെ സതീശൻ വെല്ലുവിളിക്കുകല്ലേ ഇതിലൂടെ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണു സതീശന്റെ ശ്രമം. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്നു വീമ്പിളക്കുന്ന സതീശൻ എൻ.എസ്.എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂർ തിണ്ണ നിരങ്ങിയ കഥ പുറത്തു വന്നുകഴിഞ്ഞു. കൊച്ചിയിൽ സിറോ മലബാർ സഭയുടെ സിനഡ് നടന്നപ്പോൾ അവിടെ മറ്റൊരു കാറിൽ ആരും അറിയാതെ സതീശൻ പോയത് എന്തിനാണെന്നും വെളിപ്പെടുത്തണം. ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖമാണിതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

വെള്ളാപ്പള്ളി നടേശന്‍റെ കുറിപ്പിന്‍റെ പൂർണരൂപം;

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത്. എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളിലൂന്നി രാജ്യംമുഴുവൻ പ്രചരണം നടത്തുന്ന ലോക് സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടേയും, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെയും അറിവോടെയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കണം. ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങൾക്ക് അധികാരത്തിൽ ഉൾപ്പെടെ അർഹമായ നീതി ഉറപ്പാക്കുമെന്നു പറഞ്ഞു പ്രചാരണം നടത്തിയ രാഹുൽ ഗാന്ധിയെ സതീശൻ വെല്ലുവിളിക്കുകല്ലേ ഇതിലൂടെ ചെയ്യുന്നത്. ശ്രീനാരായണഗുരുദേവ തൃക്കരങ്ങളാൽ സ്ഥാപിതമായ എസ്.എൻ.ഡി.പി യോഗത്തെ മാത്രമല്ല ഗുരുദേവ ദർശനങ്ങളെകൂടിയാണ് സതീശൻ ആക്ഷേപിക്കുന്നത്. ഇതാദ്യമായല്ല സതീശൻ എസ്.എൻ.ഡി.പി യോഗത്തെ ആക്ഷേപിക്കുന്നത്. പറവൂരിൽ ഉൾപ്പെടെ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നുകൊണ്ടാണ് സതീശന്റെ നീക്കങ്ങൾ. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണു സതീശന്റെ ശ്രമം.

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്നു വീമ്പിളക്കുന്ന സതീശൻ എൻ .എസ്.എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂർ തിണ്ണ നിരങ്ങിയ കഥ പുറത്തു വന്നുകഴിഞ്ഞു.കൊച്ചിയിൽ സിറോ മലബാർ സഭയുടെ സിനഡ് നടന്നപ്പോൾ അവിടെ മറ്റൊരു കാറിൽ ആരും അറിയാതെ സതീശൻ പോയത് എന്തിനാണെന്നും വെളിപ്പെടുത്തണം. ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖമാണിത്. എസ്.എൻ.ഡി.പി യോഗത്തെ ആക്ഷേപിക്കുന്ന സതീശൻ, ശിവഗിരിയിൽ പ്രസംഗിക്കാൻ പോയപ്പോൾ എന്തുകൊണ്ട് ഇതേ നിലപാട് സ്വീകരിച്ചില്ല.അതു സതീശന്റെ പ്രീണന നയവും ഇരട്ടത്താപ്പുമാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം.

Show Full Article
TAGS:VD Satheesan SNDP Vellappally Natesan 
News Summary - Criticizing the SNDP on the streets; Vellappally Natesan against the opposition leader VD Satheesan
Next Story