ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്ത് യുവതി; ഡെലിവറി ജീവനക്കാരന്‍റെ സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടത് ഒരു ജീവൻ; വൈറൽ വിഡിയോ
text_fieldsതമിഴ്നാട്; ഡെലിവറി ജീവനക്കാരന്‍റെ സമയോചിത ഇടപെടലിൽ മരണത്തിൽ നിന്ന് രക്ഷിക്കാനായത് ഒരു ജീവൻ. മൂന്ന് പാക്കറ്റ് എലിവിഷത്തിന് ഓർഡർ ലഭിച്ചപ്പോൾ തന്നെ ബ്ലിങ്കിറ്റ് കമ്പനിയിലെ ഡെലിവറി ജീവനക്കാരന് പന്തികേട് തോന്നിയിരുന്നു. ഡെലിവറി അഡ്രസിലുള്ള വീട്ടിലെത്തുമ്പോൾ ഒരു യുവതി കണ്ണീർ തുടച്ചുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് വരുന്നതാണ് ജീവനക്കാരൻ കണ്ടത്. ഓർഡർ ചെയ്ത സാധനം നൽകി തിരികെ പോകുന്നതിനു പകരം ജീവനക്കാരൻ യുവതിയോട് സൗമ്യമായി പ്രശ്നം ആരായുകയും ആത്മഹത്യ ചെയ്യരുതെന്നും ഈ വിഷമ ഘട്ടവും കടന്നുപോകുമെന്ന് യുവതിയെ ആശ്വസിപ്പിക്കുകയും ചെയ്തു.
യുവതിയെ ആശ്വസിപ്പിച്ച ശേഷം അയാൾ എലിവിഷം ഡെലിവറി ചെയ്യാതെ തിരികെ കൊണ്ടുപോയി. ഡെലിവറി ജീവനക്കാരന്‍റെ പ്രവൃത്തിയിൽ സോഷ്യൽ മീഡിയയിൽ പ്രശംസകൾ ഒഴുകുകയാണ്. തന്‍റെ മനസ്സാന്നിദ്ധ്യം കൊണ്ട് ഒരു ജീവൻ രക്ഷപ്പെടുത്തിയ ഡെലിവറി ജീവനക്കാരന് കമ്പനി പാരിതോഷികം നൽകണമെന്ന്ആളുകൾ കുറിച്ചു. കമ്പനി സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


