വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട ചിമ്പാൻസികൾക്ക് ഡ്രോൺ വഴി ഭക്ഷണം; കൗതുകമായി രക്ഷാപ്രവർത്തന ദൃശ്യങ്ങൾ
text_fieldsഫ്ലോറിഡ: കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിലായ അമേരിക്കയിലെ ഫ്ലോറിഡയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ ഒറ്റപ്പെട്ടുപോയ ചിമ്പാൻസികൾക്ക് ഡ്രോൺ വഴി ഭക്ഷണം എത്തിച്ചുനൽകി അധികൃതർ. സെന്റ് ലൂസി കൗണ്ടിയിലെ ഫോർട്ട് പിയേഴ്സിലുള്ള 150 ഏക്കർ വിസ്തൃതിയുള്ള 'സേവ് ദി ചിമ്പീസ്'എന്ന സങ്കേതത്തിലാണ് സംഭവം.
ലബോറട്ടറികളിൽ നിന്നും സിനിമാ മേഖലയിൽ നിന്നും മറ്റ് വ്യക്തിഗത വളർത്തുമൃഗ ശേഖരങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയ ഇരുനൂറിലധികം ചിമ്പാൻസികളാണ് ഇവിടെ കഴിയുന്നത്. മേഖലയിൽ 19 ഇഞ്ചോളം പെയ്ത കനത്ത മഴയിൽ സങ്കേതത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. സമീപത്തെ കനാൽ കവിഞ്ഞൊഴുകിയതിനെ തുടർന്ന് വെള്ളം ഇറങ്ങാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.
കരമാർഗ്ഗം ജീവനക്കാർക്ക് ചിമ്പാൻസികളുടെ അടുക്കലേക്ക് എത്തുവാൻ സാധിക്കാതെ വന്നതോടെയാണ് ഡ്രോൺ ഉപയോഗിച്ച് വാഴപ്പഴവും മറ്റ് ഭക്ഷണസാധനങ്ങളും അടങ്ങിയ പേപ്പർ ബാഗുകൾ ചിമ്പാൻസികൾക്ക് നൽകിയത്. ഡ്രോൺ വഴി നൽകിയ പഴം ചിമ്പാൻസി കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി.
ചിമ്പാൻസികൾ സുരക്ഷിതരാണെന്നും ഉയർന്ന പ്രദേശങ്ങളിലെ ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്ഥാപനത്തിന്റെ സി.ഇ.ഒ അനാ പൗള തവാരസ് അറിയിച്ചു. 25 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് സങ്കേതത്തിലുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന വാഹനം തകരാറിലായതിനെ തുടർന്ന് സഹായത്തിനായി പൊതുജനങ്ങളോടും അധികൃതരോടും സങ്കേതം സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.


