കൊൽക്കത്തയിൽ ഭൂചലനം; വൈറലായി ദൃശ്യങ്ങൾ
text_fieldsകൊൽക്കത്ത: ബംഗ്ലാദേശിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് കൊൽക്കത്ത ഉൾപ്പെടെ പശ്ചിമ ബംഗാളിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസമിലും മേഘാലയയിലും പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ബംഗ്ലാദേശിലെ സത്ഖീരക്ക് സമീപമാണ്. ഭൂനിരപ്പിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് കൊൽക്കത്ത ഉൾപ്പടെയുളള പ്രദേശങ്ങളിൽ പ്രകമ്പനം ഉണ്ടായത്. ഭൂചലനത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഐ.ടി പാർക്കുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ആളുകൾ കൂട്ടത്തോടെ തെരുവുകളിലേക്ക് ഇറങ്ങി ഓടുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
വീടുകളിലെ ഫാനുകളും ലൈറ്റുകളും കസേരകളും ശക്തമായി ആടുന്ന വീഡിയോകൾ പലരും പങ്കുവെച്ചു. ആൻഡ്രോയിഡ് ഫോണുകളിൽ ലഭിച്ച ഭൂകമ്പ മുന്നറിയിപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലായി. നിലവിൽ കൊൽക്കത്തയിലോ പരിസരപ്രദേശങ്ങളിലോ വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.


