'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്...' മൂന്നാം ക്ലാസുകാരന്‍റെ നിയമാവലി വൈറൽ, ഉത്തരക്കടലാസ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി
text_fieldsനിങ്ങൾക്ക് ഇഷ്ടമുള്ള ഒരു കളിയുടെ നിയമാവലി എഴുതുക എന്നതായിരുന്നു ചോദ്യം. ഉത്തരമായി മൂന്നാംക്ലാസുകാരൻ അഹാൻ അനൂപ് നാരങ്ങയും സ്പൂണും കളിയുടെ നിയമാവലി എഴുതി. ആറ് നിയമങ്ങളാണ് അവനുള്ളത്. ആറാമത്തെ നിയമവും ആ ഉത്തരക്കടലാസും ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്നതാണ് അഹാന്‍ അവസാന നിയമമായി എഴുതിയത്.
അഹാന്‍റെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് ആദ്യം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു.പി. സ്കൂളിലെ വിദ്യാർഥിയാണ് അഹാൻ. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും അഹാന് അഭിനന്ദനവുമായെത്തി. ഉത്തരക്കടലാസ് മന്ത്രിയും പങ്കുവെച്ചിട്ടുണ്ട്.
അഹാന്‍റെ നിയമങ്ങൾ
ഒരു സമയം അഞ്ച് പേർക്ക് മത്സരിക്കാം. എല്ലാവരും വായിൽ സ്പൂൺ വെക്കുക.
നാരങ്ങ സ്പൂണിൻ മേൽ വെക്കണം.
അടയാളപ്പെടുത്തിയിരിക്കുന്ന വരിയിൽ നിന്നാണ് കളിക്കേണ്ടത്.
നിലത്ത് വീണാൽ പിന്നെയും എടുത്തുവെച്ചു വേണം നടക്കേണ്ടത്
വരി തെറ്റിയാൽ കളിയിൽ നിന്ന് പുറത്താകും
ജയിച്ചവർ തോറ്റവരെ കളിയാക്കരുത്..
നിമ്യ നാരായണന്‍റെ പോസ്റ്റ്
മൂന്നാം ക്ലാസുകാരന്റെ മലയാളം പരീക്ഷ പേപ്പർ... ഇഷ്ടപ്പെട്ട കളിക്ക് നിയമാവലി ഉണ്ടാക്കുക എന്നതാണ് ചോദ്യം... സ്പൂണും നാരങ്ങയും കളിക്കുമ്പോൾ നാരങ്ങ നിലത്തു വീണാൽ വീണ്ടും സ്പൂണിൽ വച്ച് നടക്കണത്രെ... അവസാനത്തെ നിയമാവലി ആണ് ഹൈലൈറ്റ്... അതാണ് എനിക്ക് ഇഷ്ടപ്പെട്ടതും...'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'... കളിയാക്കിയാൽ മറ്റുള്ളവർക്ക് വേദനിക്കും എന്ന തിരിച്ചറിവ് അവനുണ്ട് എന്നുള്ളതാണ് എന്റെ സന്തോഷം.
മന്ത്രിയുടെ പോസ്റ്റ്
"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. " ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ..
അഹാൻ അനൂപ്, തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു പി സ്കൂൾ.
നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്..