Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right23 സെക്കൻഡ്, 100 മൈൽ...

23 സെക്കൻഡ്, 100 മൈൽ വേഗത; ആകാശച്ചുഴിയിൽ റൂബിക്സ് ക്യൂബ് വിസ്മയം തീർത്ത് ജർമ്മൻ യുവാവ്; തകർത്തത് ലോക റെക്കോർഡ്!

text_fields
bookmark_border
23 സെക്കൻഡ്, 100 മൈൽ വേഗത; ആകാശച്ചുഴിയിൽ റൂബിക്സ് ക്യൂബ് വിസ്മയം തീർത്ത് ജർമ്മൻ യുവാവ്; തകർത്തത് ലോക റെക്കോർഡ്!
cancel
camera_alt

തോം കോപ്‌കെ

മോസൽ ബേ (ദക്ഷിണാഫ്രിക്ക): ഭൂമിയിൽ ഇരുന്ന് റൂബിക്സ് ക്യൂബ് പരിഹരിക്കുക എന്നത് പലർക്കും പ്രയാസകരമായ കാര്യമാണ്. എന്നാൽ മണിക്കൂറിൽ 100 മൈലിലധികം വേഗതയിൽ ആകാശത്തുനിന്ന് താഴേക്ക് പതിക്കുമ്പോൾ ഒരു റൂബിക്സ് ക്യൂബ് പരിഹരിച്ചാലോ? കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നാമെങ്കിലും, അവിശ്വസനീയമായ ഈ നേട്ടം കൈവരിച്ച് ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിച്ചിരിക്കുകയാണ് ജർമ്മനിയിൽ നിന്നുള്ള തോം കോപ്‌കെ.

ആകാശത്തുനിന്നുള്ള ഫ്രീഫാൾ സമയത്ത് ഏറ്റവും വേഗത്തിൽ റൂബിക്സ് ക്യൂബ് പരിഹരിക്കുന്ന വ്യക്തി എന്ന റെക്കോർഡാണ് ഈ 23കാരനായ മെഡിക്കൽ വിദ്യാർഥി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയിലെ മോസൽ ബേയിൽ വെച്ച് നടത്തിയ സ്കൈ ഡൈവിങ്ങിനിടെ വെറും 23.333 സെക്കൻഡ് കൊണ്ടാണ് തോം ഈ വെല്ലുവിളി പൂർത്തിയാക്കിയത്. 2023ൽ ആസ്‌ട്രേലിയയുടെ സാം സിയാരാക്കി സ്ഥാപിച്ച 28.250 സെക്കൻഡ് എന്ന റെക്കോർഡാണ് തോം തകർത്തത്.

18-ാം വയസ്സിലാണ് തോം റൂബിക്സ് ക്യൂബ് പഠിക്കാൻ തുടങ്ങിയത്. സ്കൈ ഡൈവിങ്ങിനിടെ ഇത് ചെയ്യണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ ലൈസൻസ് എടുക്കാനുള്ള പണമോ സമയമോ ഇല്ലാത്തതിനാൽ ആദ്യഘട്ടത്തിൽ ആ ശ്രമം പരാജയപ്പെട്ടു. വെള്ളത്തിനടിയിൽ 6 റൂബിക്സ് ക്യൂബുകൾ പരിഹരിച്ച് മുമ്പ് തോം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരുന്നു. കണ്ണുകെട്ടി ക്യൂബ് പരിഹരിക്കാനും തോം പരിശീലനം നേടിയിട്ടുണ്ട്.

‘സ്കൈ ഡൈവിങ് പഠിക്കുക എന്നത് എപ്പോഴും എന്റെ വലിയ ആഗ്രഹമായിരുന്നു. വെറുമൊരു വിനോദമായിട്ടല്ല, മറിച്ച് ഒരു ലോക റെക്കോർഡ് തകർക്കുക എന്ന ലക്ഷ്യത്തോടെ ഈ യാത്ര തുടങ്ങിയത് എന്റെ അനുഭവത്തിന് കൂടുതൽ അർത്ഥം നൽകി’ തോം പറഞ്ഞു. നിലവിൽ വെള്ളത്തിനടിയിൽ ഏറ്റവും കൂടുതൽ ക്യൂബുകൾ (16 എണ്ണം) പരിഹരിച്ച റെക്കോർഡ് സിംഗപ്പൂരിന്റെ ഡാരിൽ താൻ ഹോങ് ആനിന്റെ പേരിലാണെങ്കിലും, ആകാശത്തെ തന്റെ തട്ടകമാക്കാനാണ് തോം തീരുമാനിച്ചത്. കൂടുതൽ സാഹസികമായ സ്കൈ ഡൈവിങ് വിഡിയോകൾ നിർമിക്കാനുള്ള തയാറെടുപ്പിലാണ് ഈ യുവ പ്രതിഭ.

Show Full Article
TAGS:German man rubik's cube World Record social media viral 
News Summary - German Man Solves Rubik's Cube In 23 Seconds While Freefalling
Next Story