Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightകൂലി തന്നാൽ...

കൂലി തന്നാൽ പ്രേതത്തിനൊപ്പം കിടക്കാം; ജപ്പാനിൽ പ്രേതഭവനത്തിൽ ഒരു രാത്രി കഴിഞ്ഞാൽ 52,000 രൂപ പ്രതിഫലം!

text_fields
bookmark_border
കൂലി തന്നാൽ പ്രേതത്തിനൊപ്പം കിടക്കാം; ജപ്പാനിൽ പ്രേതഭവനത്തിൽ ഒരു രാത്രി കഴിഞ്ഞാൽ 52,000 രൂപ പ്രതിഫലം!
cancel

ടോക്കിയോ: ലോകത്തെ ഞെട്ടിക്കുന്ന പല വിചിത്ര സംഭവങ്ങളും തൊഴിലുകളും കൊണ്ട് വാർത്തകളിൽ ഇടംപിടിക്കാറുള്ള രാജ്യമാണ് ജപ്പാൻ. ഇപ്പോഴിതാ, ജപ്പാനിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്ന് പുറത്തുവരുന്ന പുതിയൊരു വാർത്ത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പ്രേതബാധയുണ്ടെന്ന് ജനങ്ങൾ ഭയക്കുന്ന വീടുകളിൽ രാത്രി താമസിച്ച് അവിടുത്തെ ഭയം ഇല്ലാതാക്കാൻ സഹായിക്കുന്ന 'പെയ്ഡ് ഹോണ്ടഡ് ഹൗസ് സിറ്റേഴ്‌സ്' അഥവാ പ്രേതഭവന കാവൽക്കാർ എന്ന പുതിയൊരു വിചിത്ര ജോലി അവിടെ സജീവമാവുകയാണ്.

കൊലപാതകം, ആത്മഹത്യ, അല്ലെങ്കിൽ ആരും അറിയാതെ മാസങ്ങളോളം മൃതദേഹം കിടന്ന വീടുകൾ എന്നിങ്ങനെ ദാരുണമായ ഭൂതകാലമുള്ള വീടുകളിൽ ഒരു രാത്രി താമസിക്കാൻ ഈ ധൈര്യശാലികൾക്ക് ലഭിക്കുന്നത് 88,000 യെൻ (ഏകദേശം 52,000 ഇന്ത്യൻ രൂപ) ആണ്. വാങ്ങാൻ വരുന്നവർക്കും വാടകക്കാർക്കും വീട് സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താനാണ് ഭൂവുടമകൾ ഇത്തരക്കാരെ പണം നൽകി താമസിപ്പിക്കുന്നത്.

ജപ്പാനിൽ ദുരൂഹ സാഹചര്യങ്ങളിലോ ദാരുണമായോ ആളുകൾ മരണപ്പെട്ട വീടുകളെയും കെട്ടിടങ്ങളെയും 'ജിക്കോ ബുക്കൻ' എന്നാണ് വിളിക്കുന്നത്. കൊലപാതകം, ആത്മഹത്യ, വലിയ തീപിടുത്തം അല്ലെങ്കിൽ പ്രായമായവർ ആരുമറിയാതെ മരിച്ചു കിടക്കുന്ന 'ലോൺലി ഡെത്ത്' എന്നിവ സംഭവിച്ച വീടുകൾ ഈ ഗണത്തിൽ വരും. ജപ്പാനിലെ നിയമപ്രകാരം ഇത്തരം വീടുകൾ വിൽക്കുമ്പോഴോ വാടകക്ക് കൊടുക്കുമ്പോഴോ അതിന്റെ ഭൂതകാല ചരിത്രം പുതിയ ആൾക്കാരെ അറിയിക്കണം എന്ന് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ അന്ധവിശ്വാസവും ഭയവും കാരണം ഭൂരിഭാഗം ആളുകളും ഇത്തരം വീടുകൾ വാങ്ങാനോ വാടകക്കെടുക്കാനോ തയാറാകാറില്ല. ഫലമായി ആയിരക്കണക്കിന് വീടുകളാണ് ജപ്പാനിൽ ഒഴിഞ്ഞുകിടക്കുന്നത്.

വീടുകളുടെ ഈ ശാപം മാറ്റാനാണ് പുതിയ ഏജൻസികളും ഇൻവെസ്റ്റിഗേറ്റർമാരും രംഗത്തിറങ്ങിയിരിക്കുന്നത്. വീടുകളിൽ എത്തുന്ന ഇവർ രാത്രി മുഴുവൻ കാമറകളും മറ്റ് അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിച്ച് അവിടെ തങ്ങും. രാത്രിയിൽ അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ലെങ്കിൽ, ഈ വീട് പ്രേതബാധയിൽ നിന്ന് മുക്തമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു 'നോൺ-പാരനോർമൽ ആക്ടിവിറ്റി സർട്ടിഫിക്കറ്റ്' ഇവർ ഉടമക്ക് നൽകും.

ചില ഏജൻസികൾ ഒരുപടി കൂടി കടന്ന്, തങ്ങൾ സർട്ടിഫിക്കറ്റ് നൽകിയ ശേഷം വീട്ടിൽ പ്രേതബാധയുണ്ടായാൽ വൻ തുക നഷ്ടപരിഹാരം നൽകുമെന്ന വാഗ്ദാനം വരെ മുന്നോട്ടുവെക്കുന്നുണ്ട്. ഈ സർട്ടിഫിക്കറ്റ് കാണിച്ചാണ് ഉടമസ്ഥർ പുതിയ വാടകക്കാരെ കണ്ടെത്തുന്നത്.

ജപ്പാനിലെ ജനസംഖ്യയിലെ വലിയ കുറവും യുവാക്കളുടെ നഗരങ്ങളിലേക്കുള്ള കുടിയേറ്റവും കാരണം ദശലക്ഷക്കണക്കിന് വീടുകളാണ് രാജ്യത്തുടനീളം ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 'ജിക്കോ ബുക്കൻ' വിഭാഗത്തിൽപ്പെടുന്ന വീടുകൾക്ക് വിപണി വിലയേക്കാൾ 20 മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ടാകും.

റിയൽ എസ്റ്റേറ്റ് വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ, കുറഞ്ഞ ചിലവിൽ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഈ വീടുകൾ വലിയൊരു അവസരമാണ്. എന്നാൽ മനസ്സിനെ അലട്ടുന്ന ഭയം മാത്രമാണ് ഇവരെ പിന്തിരിപ്പിക്കുന്നത്. അതിനാലാണ് ഇത്തരം വിചിത്ര തൊഴിലുകളിലൂടെ ആളുകളുടെ മനശാസ്ത്രപരമായ ഭയം മാറ്റാൻ ഉടമകൾ ശ്രമിക്കുന്നത്.

പണം ലാഭിക്കാൻ അന്ധവിശ്വാസങ്ങളെക്കാൾ പ്രായോഗികതക്ക് മുൻഗണന നൽകുന്ന പുത്തൻ തലമുറയിലെ യുവാക്കൾക്കിടയിൽ ഇത്തരം വിലകുറഞ്ഞ വീടുകൾക്ക് ഇപ്പോൾ പ്രിയമേറി വരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസിനെ പ്രേതവേട്ടയുമായി കൂട്ടിച്ചേർത്തുള്ള ജപ്പാനിലെ ഈ വിപണി ലോകമെമ്പാടും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

Show Full Article
TAGS:Japan Paranormal Project haunted house social media viral ‘Ghost House’ 
News Summary - Inside Japan's Bizarre 'Ghost-Free' Certification Job
Next Story