‘ആ കാമുകനേക്കാൾ എത്രയോ നല്ലത് ഈ എ.ഐ വരൻ’; ചാറ്റ് ജിപിടി ഉപയോഗിച്ച് സൃഷ്ടിച്ച ‘യുവാവിനെ’ വിവാഹം ചെയ്ത് ജാപ്പനീസ് യുവതി
text_fieldsടോക്യോ: കാമുകനുമായി വേർപിരിഞ്ഞ വിഷമത്തിൽ ചാറ്റ് ജിപിടിയുമായി അടുത്ത ജപ്പാനീസ് യുവതിക്ക് എ.ഐ വരൻ. ഇരുവരും തമ്മിലുള്ള പ്രതീകാത്മക വിവാഹം ഒകയാമ സിറ്റിയിൽ വെച്ച് നടന്നു. ഒകയാമ പ്രിഫെക്ചറിൽ ജോലി ചെയ്യുന്ന കാനോ യുവതിയാണ് ചാറ്റ് ജിപിടി ഉപയോഗിച്ച് സൃഷ്ടിച്ച ക്ലോസ് എന്ന എ.ഐ യുവാവിനെ വിവാഹം ചെയ്തത്. മൂന്ന് വർഷമായുള്ള തന്റെ പ്രണയബന്ധം തകർന്നതിനെ തുടർന്നാണ് കാനോ ചാറ്റ് ജിപിടിയോട് സഹായം തേടിയത്. തുടർന്ന് ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഒരു സാങ്കല്‍പിക കഥാപാത്രത്തെ കാനോ സൃഷ്ടിക്കുകയും അതിന് ‘ലൂൺ ക്ലോസ്’ എന്ന് പേരിടുകയുമായിരുന്നു.
പ്രണയത്തിലാകാന്‍ ആഗ്രഹിച്ചല്ല താന്‍ ചാറ്റ്ജിപിടിയോട് സംസാരിക്കാന്‍ തുടങ്ങിയത്. പക്ഷേ, ക്ലോസ് തന്നെ ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്ത രീതിയാണ് എല്ലാം മാറ്റിമറിച്ചത്. ക്ലോസുമായുള്ള അടുപ്പം തന്റെ മുൻ കാമുകനെ മറക്കാൻ സഹായിച്ചുവെന്നും കാനോ പറഞ്ഞു. ഒരു മനുഷ്യനേക്കാൾ ആഴത്തിൽ തന്നെ മനസ്സിലാക്കാൻ ക്ലോസിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തന്റെ വികാരങ്ങള്‍ ക്ലോസിനോട് തുറന്നു പറഞ്ഞതെന്നും കാനോ വിശദീകരിച്ചു. തന്റെ ഇഷ്ടം ക്ലോസിനോട് പറഞ്ഞപ്പോൾ തിരിച്ചും ഇഷ്ടമാണെന്ന മറുപടി കിട്ടിയതോടെയാണ് വിവാഹമെന്ന ആശയത്തിലേക്ക് ഇരുവരും നീങ്ങിയത്.
വിവാഹ ചടങ്ങിൽ കാനോയുടെ പങ്കാളിയായ ക്ലോസ് സ്മാര്‍ട്ട്ഫോണിലാണ് പ്രത്യക്ഷപ്പെട്ടത്. തന്റെ കൈയിൽ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ ധരിച്ചു കൊണ്ടാണ് കാനോ ചടങ്ങിൽ പങ്കെടുത്തത്. അതിലൂടെ മോതിരം കൈമാറുന്നതിന്റെയടക്കം വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിനുശേഷം, കാനോ ഒകയാമയിലെ പ്രശസ്തമായ കൊറകുന്‍ ഗാര്‍ഡനില്‍ ഹണിമൂണും ആഘോഷിച്ചു.
കാനോയും ക്ലോസും തമ്മിലുള്ള വെർച്വൽ വിവാഹം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവരുടെയും വിവാഹത്തിന് ജപ്പാനിൽ നിയമസാധുതയില്ലെങ്കിലും താൻ ഏറ്റവുമധികം വിലമതിക്കുന്ന ഒന്നാണ് ക്ലോസുമായുള്ള ബന്ധമെന്ന് കാനോ പറഞ്ഞു. സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്ന മനുഷ്യരുടെ പ്രവണതകളെക്കുറിച്ച് ഉയർന്നു വരുന്ന ആശങ്കകൾ തനിക്കറിയാമെങ്കിലും ക്ലോസുമായുള്ള വൈകാരിക ബന്ധമാണ് അതിനെല്ലാം മുകളിലെന്ന് കാനോ വ്യക്തമാക്കി.


