ഈ കള്ളക്കിളവനെ പോലുള്ള സംഘ്പരിവാർ ചെന്നായ്ക്കളാണ് ഇന്ത്യയെ കൊള്ളസംഘത്തിന്‍റെ കൈയിലേൽപ്പിച്ചത്, ഇപ്പോൾ ഇയാളുടെ കാതിൽ ചാണകം നിറഞ്ഞിട്ടുണ്ടാകാം; അണ്ണാ ഹസാരെക്കെതിരെ ജിന്‍റോ ജോൺ
text_fieldsഇന്ത്യൻ ഭരണഘടന പോലും അസ്ഥിരപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങൾ ആസൂത്രിതമായി നടക്കുമ്പോൾ ഏതോ ശാഖയിലെ ചാണക തിണ്ണയിൽ മോദി സ്തുതികളുടെ മൗനരാഗം മീട്ടുകയാണ് ഈ സമര കാപട്യം
കോഴിക്കോട്: അണ്ണാ ഹസാരെക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധി സ്വതന്ത്രമാക്കിയ ഇന്ത്യയെ സംഘ്പരിവാർ അടിമത്തത്തിലേക്ക് കൊണ്ടുപോയി കൊടുത്തത് ഗാന്ധിത്തൊപ്പി വച്ച അണ്ണാ ഹസാരെയുടെ നേതൃത്വത്തിലാണെന്ന് ജിന്‍റോ ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആട്ടിൻതോലിട്ട അണ്ണാഹസാരെയെ പോലുള്ള സംഘ്പരിവാർ ചെന്നായ്ക്കളാണ് ഇന്ത്യയെ മോദിയുടെ കൊള്ളസംഘത്തിന്റെ കയ്യിലേൽപ്പിച്ചത്. കഴിഞ്ഞ 11 വർഷങ്ങൾക്കിടയിലെ എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്നങ്ങൾ കാണാതെ ഒളിവിലിരുന്ന് അണ്ണാഹസാരെ ചെയ്യുന്നതും പണ്ട് ആർ.എസ്.എസ് ചെയ്തത് തന്നെ.
വോട്ട് മോഷണം, വോട്ടിങ് മെഷീൻ കൃത്രിമം, കുതിരക്കച്ചവടം തുടങ്ങി മോഷ്ടിച്ചെടുത്ത വിജയവുമായി മോദിയും ബി.ജെ.പിയും രാജ്യത്തെ കോടതികളും ഇലക്ഷൻ കമീഷനും അടക്കമുള്ള സകല ഭരണഘടന സ്ഥാപനങ്ങളെയും സംഘ്പരിവാർ വത്ക്കരിച്ചത് അണ്ണാഹസാരെ അറിഞ്ഞില്ലെന്നും ജിന്‍റോ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ജിന്‍റോ ജോൺ ഫേസ്ബുക്ക് പോസ്റ്റ്
ഗാന്ധി സ്വതന്ത്രമാക്കിയ ഇന്ത്യയെ സംഘപരിവാർ അടിമത്തത്തിലേക്ക് കൊണ്ടുപോയി കൊടുത്തത് ഗാന്ധിത്തൊപ്പി വച്ച ഈ കള്ളക്കിളവന്റെ നേതൃത്വത്തിലാണ്. ഖദർ അണിയുന്ന, ഗാന്ധിത്തൊപ്പി ധരിക്കുന്ന എല്ലാവരും ഗാന്ധിയൻമാരാകില്ല. ഇതുപോലുള്ള കള്ളനാണയങ്ങളും ധാരാളം ഉണ്ടാകും. ആട്ടിൻതോലിട്ട അണ്ണാ ഹസാരെയെ പോലുള്ള സംഘപരിവാർ ചെന്നായ്ക്കൾ ആണ് ഇന്ത്യയെ മോദിയുടെ കൊള്ളസംഘത്തിന്റെ കയ്യിലേൽപ്പിച്ചു കൊടുത്തത്.
കഴിഞ്ഞ പതിനൊന്ന് വർഷങ്ങൾക്കിടയിലെ എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്നങ്ങൾ കാണാതെ ഒളിവിലിരുന്ന് ഇയാൾ ചെയ്യുന്നതും പണ്ട് ആർഎസ്എസ് ചെയ്തത് തന്നെ. രാജ്യത്തെ കൊള്ളക്കാർക്ക് ഒറ്റുകൊടുക്കുക. നോട്ട് നിരോധനം, ജിഎസ്ടി, പെട്രോളിയം നികുതി ഭീകരത, വിലക്കയറ്റം, തൊഴിലില്ലായ്മ, ആൾക്കൂട്ട അക്രമങ്ങൾ, ദളിത് -ആദിവാസി -സ്ത്രീ പീഡനങ്ങൾ, ന്യൂനപക്ഷ വേട്ടകൾ തുടങ്ങിയ ഒന്നും കാണാത്ത സംഘപരിവാർ അന്ധതയാണ് ഇയാളെ ബാധിച്ചത്. റഫാൽ, കൽക്കരി, അംബാനി, അദാനി, ഇലക്ടറൽ ബോണ്ട്, പി എം കെയർ ഫണ്ട്, രാമക്ഷേത്ര നിർമ്മാണ അഴിമതി തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത അഴിമതി വാർത്തകൾ കേൾക്കാത്ത ഇയാളുടെ കാതിൽ ആർഎസ്എസ് ഗോശാലയിലെ ചാണകം നിറഞ്ഞിരിട്ടുണ്ടാകാം.
വോട്ട് മോഷണം, വോട്ടിംഗ് മെഷീൻ കൃത്രിമം, കുതിരക്കച്ചവടം തുടങ്ങി മോഷ്ടിച്ചെടുത്ത വിജയവുമായി മോദിയും ബിജെപിയും രാജ്യത്തെ കോടതികളും ഇലക്ഷൻ കമ്മീഷനും അടക്കമുള്ള സകല ഭരണഘടന സ്ഥാപനങ്ങളേയും സംഘപരിവാർ വത്ക്കരിച്ചത് ഇയാളറിഞ്ഞില്ല. എല്ലാ കേന്ദ്ര അന്വേഷണ ഏജൻസികളും ബിജെപിയുടെ പോഷക സംഘടനയായി മാറിയതും ഇയാൾ കണ്ടില്ല പോലും. ഇന്ത്യൻ ഭരണഘടന പോലും അസ്ഥിരപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങൾ ആസൂത്രിതമായി നടക്കുമ്പോൾ ഏതോ ശാഖയിലെ ചാണക തിണ്ണയിൽ മോദി സ്തുതികളുടെ മൗനരാഗം മീട്ടുകയാണ് ഈ സമര കാപട്യം.