ലബുബുവിന്‍റെ അപരൻ ലഫുഫു; മുന്നറിയിപ്പുമായി ലബുബു കമ്പനി
text_fieldsഫാഷൻ ലോകത്തെ ട്രെന്‍റാണ് ലബുബു. ബാർബിയും, ഹോട്ട്‌വീലുകളുമൊക്കെ പോലെ ആളുകളെ ആകർഷിക്കുന്ന ലബുബു, വിവിധ നിറങ്ങളിലും ആകൃതിയിലും ലഭ്യമാണ്. തുണിയും, പഞ്ഞിയും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പാവകൾക്ക് അടിസ്ഥാനപരമായി ഒരു ജീവിയുടെ ഘടനയാണുള്ളത്. 2016ൽ ഹോങ്കോങ്ങിൽ നിന്നുള്ള കലാകാരനായ കാസിങ് ലംഗ് നോർഡിക് പുരാണങ്ങളിലെയും, നാടോടിക്കഥകളിലെയും ജീവികളെ മനസിൽ കണ്ടാണ് ലബുബുവിനെ നിർമിച്ചത്. ഇപ്പോൾ ലബുബുവിന്‍റെ അപരൻ ലഫുഫുവാണ് താരം.
ഇത് കണ്ടാല്‍ ലബുബുവുമായി സാമ്യമുണ്ടെങ്കിലും ഗുണനിലവാരം കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെരുവ് കച്ചവടക്കാർ മുതൽ പല ഓൺലൈൻ സൈറ്റുകള്‍ വരെ വ്യാജ വിൽപ്പനക്കാരിൽ ഉൾപ്പെടുന്നു. ചിലർ കളിപ്പാട്ടങ്ങളെ ലബുബുവിന്റെ പകർപ്പുകളായി തന്നെ അവതരിപ്പിക്കുമ്പോള്‍ മറ്റു ചിലർ അവയെ ഒറിജിനൽ ആയി ചിത്രീകരിക്കാനും ശ്രമിക്കുന്നുണ്ട്.
ലബുബു സ്വന്തമാക്കുന്നത് ഉയർന്ന നിലവാരമുള്ള ഫാഷൻ ആക്‌സസറികൾ സ്വന്തമാക്കുന്നത് പോലെ ആവേശകരമായ അനുഭവമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുപോലെതന്നെ ലോകമെമ്പാടുമുള്ള വിപണികളിൽ ലഫൂഫുകളും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്. ലഫൂഫു കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നത് അപകടമാണെന്നും സുരക്ഷാ മാര്‍ക്കിങ്ങുകള്‍ ഇല്ലാതെയാണ് ഇവ വില്‍ക്കുന്നതെന്നും ലബുബു കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിലക്കുറവാണ് ആളുകളെ ഇത് വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നും എന്നാല്‍ ഇത് അപകടമാണെന്നും കമ്പനി പറയുന്നുണ്ട്.
നിർമിക്കുന്ന ആളുടെ പേരുവിവരങ്ങളും മിസിങാണ്. ഇതുമൂലം പാവ വാങ്ങുന്ന മാതാപിതാക്കൾക്ക് സുരക്ഷാ സ്റ്റാൻഡേർഡുകളെ കുറിച്ച് മനസിലാക്കാനും സാധിക്കില്ല. വിലക്കുറവും കാണുമ്പോൾ ആകർഷകവുമായതാണ് ലഫുഫു ഇതാണ് ആളുകളെ വെട്ടിലാക്കുന്നതിന് പ്രധാന കാരണം. കൂടുതൽ പരിശോധനയിൽ ലഫുഫുവിന്റെ പല ഭാഗങ്ങളും പെട്ടെന്ന് തന്നെ ഇളക്കി പോകുന്ന നിലയിലാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് കൊച്ചുകുട്ടികൾ വിഴുങ്ങാനിടയായാൽ അപകടമാകും.