ഈ രക്ഷാപ്രവർത്തനത്തിന് കൊടുക്കാം സല്യൂട്ട് ! വെള്ളത്തിൽ ഷോക്കേറ്റ് വീണ വിദ്യാർഥിയെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച് യുവാവ്, അഭിനന്ദനപ്രവാഹം -VIDEO
text_fieldsചെന്നൈ: ഷോക്കേറ്റ് വെള്ളത്തിൽ വീണ് മരണത്തെ മുഖാമുഖം കണ്ട വിദ്യാർഥിയെ സ്വന്തം ജീവൻ പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ യുവാവിന്‍റെ പ്രവൃത്തിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് എല്ലാവരും. തമിഴ്നാട്ടിലെ ചെന്നൈ അരുമ്പാക്കത്താണ് സംഭവം. 30കാരനായ കണ്ണൻ എന്നയാളാണ് കുട്ടിയെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അരുമ്പാക്കത്തെ മുതലമ്മാൻ സ്ട്രീറ്റിൽ ഏപ്രിൽ 16നായിരുന്നു സംഭവം. മഴയെ തുടർന്ന് റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നു. സമീപത്തെ വൈദ്യുതി ലൈൻ വെള്ളത്തിലേക്ക് പൊട്ടിവീണു. ഇതുവഴിയെത്തിയ സ്കൂൾ വിദ്യാർഥിയായ റയാൻ വെള്ളത്തിൽ നിന്ന് ഷോക്കടിച്ച് പിടഞ്ഞ് വീഴുകയായിരുന്നു.
രാവിലെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു കണ്ണൻ. അപ്പോഴാണ് റോഡിലെ വെള്ളത്തിൽ ഷോക്കേറ്റ് പിടയുന്ന കുട്ടിയെ കാണുന്നത്. വെള്ളക്കെട്ടിലേക്ക് ബൈക്കോടിച്ചെത്തിയ കണ്ണന് പക്ഷേ കുട്ടിക്ക് അടുത്തേക്ക് എത്താനായില്ല. വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു. എന്നാൽ, സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു സൈഡിലൂടെ കുട്ടിക്കരികിലെത്തിയ കണ്ണൻ കുട്ടിയെ വലിച്ച് കരയിലേക്ക് കയറ്റുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണന് വിവിധ മേഖലകളിൽ നിന്ന് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. എല്ലാവരുടെയും ജീവന് ഒരേ വിലയാണെന്നും അതാണ് സ്വന്തം സുരക്ഷ പോലും നോക്കാതെ കുട്ടിയെ രക്ഷപ്പെടുത്താൻ ഇറങ്ങിയതെന്നും കണ്ണൻ പറഞ്ഞു.