ജോലിഭാരം, 45 ലക്ഷത്തിന്റെ ഓഫറിനോട് നോ പറഞ്ഞ് യുവാവ്; വേണ്ടിയിരുന്നില്ലെന്ന് നെറ്റിസൺസ്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ബെംഗളൂരുവിൽ 45 ലക്ഷം രൂപയുടെ ജോലി ഓഫർ നിരസിച്ചതിലെ വിഷമം വെളിപ്പെടുത്തിയ ടെക്കിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ് വൈറൽ. ഗുരുഗ്രാം സ്വദേശിയായ യുവാവിന്റെ റെഡിറ്റിലെ കുറിപ്പിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയതോടെ ചർച്ചകൾ പൊടിപൊടിക്കുകയാണ്.
അമിത ജോലിഭാരമുണ്ടായേക്കുമെന്ന ഭയവും നാടുവിട്ട് മാറിത്താമസിക്കുന്നതിലെ വിഷമവും കാരണം ജോലി വാഗ്ദാനം നിരസിച്ചതിൽ കുറ്റബോധം തോന്നുന്നുവെന്നായിരുന്നു യുവാവിന്റെ കുറിപ്പ്.
‘എനിക്ക് രണ്ട് ജോലി ഓഫറുകൾ ലഭിച്ചു. ഒരു ബഹുരാഷ്ട്ര കമ്പനിയിൽ വർഷം 38 ലക്ഷത്തിനും, മറ്റൊന്ന് 45 ലക്ഷം വാർഷിക ശമ്പളത്തിന് രാജ്യത്തെ മികച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ നിന്ന്,’ r/developersIndia സബ്‌റെഡിറ്റിൽ ഉപയോക്താവ് എഴുതി.
‘പക്ഷേ, ഉയർന്ന ശമ്പളമുള്ള ജോലിക്കായി നിലവിൽ താമസിക്കുന്ന ഗുരുഗ്രാമിൽ നിന്ന് ബംഗളുരുവിലേക്ക് പോകേണ്ടി വരുമായിരുന്നു. അവിടെ ജോലി സമ്മർദ്ദം കൂടുതലുമാണ്. ഞാൻ അത് നിരസിച്ചു, കുറ്റബോധം തോന്നി. പണമാണോ അതോ സ്ഥിരത തിരഞ്ഞെടുക്കണോ?’ കുറഞ്ഞ ശമ്പളമെങ്കിലും നാട്ടിൽ ലഭിക്കുന്ന ജോലിയാണ് തെരഞ്ഞെടുത്തതെന്ന് യുവാവ് പറഞ്ഞു.
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഭൂരിഭാഗം പേരും ജോലി നിരസിക്കുന്നതിൽ വിഷമിക്കേണ്ടതില്ലെന്നും സ്വന്തം മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അഭിപ്രായപ്പെട്ടു.
സന്തോഷകരമായി ജീവിക്കുകയാണ് ജോലി ചെയ്യുന്നതിലെ ലക്ഷ്യമെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. 38 ലക്ഷം തന്നെ വലിയൊരു തുകയാണ്. ഉയർന്ന ജോലിഭാരത്തിനു പകരം സമാധാനം തിരഞ്ഞെടുത്തത് ശരിയായ തീരുമാനമാണെന്ന് മറ്റൊരാളും കമന്റ് ചെയ്തു.