‘കാന്തപുരത്തിന്‍റെ ജീവചരിത്രം പുറത്തിറക്കരുത്, വിവാദത്തിന് പരിഹാരം കാണാതെ’; വിശദീകരണവുമായി മർകസ്
text_fieldsആദില ഹുസൈൻ
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥവുമായി ബന്ധപ്പെട്ട് യുവ എഴുത്തുകാരി ആദില ഹുസൈൻ ഉന്നയിച്ച ആരോപണത്തിൽ വിശദീകരണവുമായി മർകസ്. മർകസു സക്കാഫാത്തി സുന്നിയ്യ എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മർകസ് ഔദ്യോഗക വിശദീകരണം നൽകിയത്.
ജീവചരിത്ര ഗ്രന്ഥ പ്രസാധനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ഏറെ ദൗർഭാഗ്യകരമെന്ന് മർകസ് പറയുന്നു. ഗ്രന്ഥം പുറത്തിറക്കുന്നതിൽ മർകസിനോ പ്രസ്ഥാനത്തിനോ നേരിട്ട് ബന്ധമില്ലാത്തതാണ്. പ്രസ്തുത വിഷയത്തിൽ എത്രയും വേഗം നീതിപൂർവം പരിഹാരം കാണണമെന്നും അതുവരെ പുസ്തകം പുറത്തിറക്കുന്നതിലെ വിയോജിപ്പ് പ്രസാധകരെ അറിയിച്ചതായും എഫ്.ബി പോസ്റ്റിൽ മർകസ് വിശദീകരിക്കുന്നു.
മർകസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ജീവിതം പ്രമേയമാകുന്ന പുസ്തകം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യം മർകസ് ഓർഫനേജ് പൂർവ വിദ്യാർഥിയും പിന്നീട് അദ്ദേഹം കണ്ടെത്തിയ പ്രസാധകരും ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. യാതൊരു ലാഭേച്ഛയും ഇല്ലാതെ ഒരു പൂർവ വിദ്യാർഥി ചെയ്യുന്ന ഉദ്യമം എന്ന നിലക്ക് കഴിയുന്ന സഹകരണവും ചെയ്തിരുന്നു. ഇതിൽ മർകസിനോ പ്രസ്ഥാനത്തിനോ നേരിട്ട് ബന്ധമില്ലാത്തതാണ്. ഈ പുസ്തകത്തിന്റെ പ്രസാധനത്തിൽ ഉയർന്നുവന്ന വിവാദങ്ങൾ ഏറെ ദൗർഭാഗ്യകരമായി. പ്രസ്തുത വിഷയത്തിൽ എത്രയും വേഗം നീതിപൂർവം പരിഹാരം കാണണമെന്നും അതുവരെ പുസ്തകം പുറത്തിറക്കുന്നതിലെ വിയോജിപ്പും പ്രസാധകരെ അറിയിച്ചിട്ടുണ്ട്.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ കുറിച്ച് താൻ ഉൾപ്പെടെ മൂന്നുപേർ ചേർന്ന് എഴുതിയ ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥം മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം എഴുത്തുകാരി ആദില ഹുസൈൻ ഫേസ്ബുക് പോസ്റ്റിലൂടെ ആരോപിച്ചത്. ആകെ 10,000 രൂപയാണ് ഇതുവരെ പ്രതിഫലമായി നൽകിയതെന്നും പൈസ ചോദിച്ച് കോഴിക്കോട് മർകസ് കോംപ്ലക്സിലെ ഓഫിസിൽ ചെന്നപ്പോൾ അപകീർത്തി കേസ് കൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതായും ആദില കുറിപ്പിൽ വ്യക്തമാക്കി.
‘ഈ പുസ്തകം ഈ രൂപത്തിൽ പുറത്തുവരുന്നത് അക്കാദമികമായും മനുഷ്യത്വപരമായും എന്നോട് ചെയ്യുന്ന നീതികേടാണ്. എ.പി. ഉസ്താദ് (കാന്തപുരം) ഇതറിഞ്ഞാൽ അംഗീകരിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ആ നീതികേടു പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാവണം’ -ആദില ആവശ്യപ്പെട്ടു. ‘One Time One Life; The Incredible Story of the Grand Mufti of India’ എന്ന പേരിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് മൂൺ പബ്ലിഷേഴ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അടുത്തമാസം പുറത്തിറങ്ങുന്ന പുസ്‍തകത്തിന്റെ കവർ പ്രകാശനം കഴിഞ്ഞ ദിവസം മർകസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ നടന്നു.
ആദിലയുടെ കുറിപ്പിന്‍റെ പൂർണരൂപം:
ഞാൻ ആദില ഹുസൈൻ. ഉസ്താദ് എ പി അബൂബക്കർ മുസ്‌ലിയാരെ കുറിച്ച് ഇംഗ്ലീഷിൽ ഒരു പുസ്തകം എഴുതാനുള്ള ഉത്തരവാദിത്വം Handmark എന്ന പേരിൽ മർകസ് കോംപ്ലക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയാ കമ്പനിയിലെ യാസർ അറഫാത്തും, മുഹ്‌സിനും അടങ്ങുന്ന ടീമാണ് എന്നെ ഏല്പിച്ചത്. എനിക്ക് പുറമെ വേറെയും രണ്ടാളുകൾ ചേർന്നാണ് ഈ പുസ്തകം എഴുതി തുടങ്ങിയത്.
ഉസ്താദിന്റെ കുട്ടിക്കാലം, ആത്മീയമായ വളർച്ച, മാതാവ്, ഭാര്യ, അന്താരാഷ്ട്ര ബന്ധങ്ങൾ, വടക്കേ ഇന്ത്യയിലും മറ്റുമായി ഉസ്താദ് ചെയ്തു വരുന്ന കാരുണ്യ പ്രവർത്തനങ്ങൾ, ഇസ്ലാമിലെ വനിതകൾ എന്ന വിഷയത്തിലെ കാഴ്ചപ്പാട് എന്നിവയുൾപ്പടെ പുസ്തകത്തിന്റെ വലിയൊരു ഭാഗം ഞാനെഴുതി. പിന്നീട് അവർ കമ്പനിയുടെ പേര് Epistemic Breaks എന്നാക്കി മാറ്റി, കോഴിക്കോട് മർകസ് കോംപ്ലക്സ്കിലാണ് അതും പ്രവർത്തിച്ചിരുന്നത്. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിൽ എം എക്ക് പഠിച്ചിരുന്ന ഞാൻ നാട്ടിൽ നിന്നും മറ്റും രിസാല, സിറാജ് പോലെയുള്ള വാരികകളുടെ പഴയ കോപ്പികൾ ശേഖരിച്ചും, ഒട്ടേറെ ആളുകളോട് സംസാരിച്ചും, യുട്യൂബ് വീഡിയോ ഉൾപ്പടെയുള്ള ആർക്കെയ്‌വുകൾ ശേഖരിച്ചും മറ്റുമാണ് രചന പൂർത്തിയാക്കി ഏൽപ്പിച്ചത്.
രചന നടത്തുന്ന സമയത്ത് ഒരിക്കൽ ഡൽഹി നിസാമുദ്ധീനിൽ എ പി ഉസ്താദിന്റെ മകൻ ഡോ അബ്ദുൽ ഹക്കിം അസ്ഹരി ഉസ്താദ് എത്തിയപ്പോൾ, യാസർ അറഫാത്തിന്റെ ആഭിമുഖ്യത്തിൽ ഞാൻ അദ്ദേഹത്തെ സന്ദർശിക്കുകയും, ഞാനാണ് പുസ്തകം എഴുതുന്നത് എന്ന് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ഹകീം അസ്ഹരി ഉസ്താദ് എന്നെ ആശീർവദിച്ചു പ്രാർഥിച്ചു തരികയും ചെയ്തു. ഈ ഇനത്തിൽ എനിക്ക് ആകെ പതിനായിരം രൂപയാണ് ഇതുവരെ പ്രതിഫലമായി നൽകിയത്.
പിന്നീട് പുസ്തകമെന്തായി എന്ന് അന്വേഷിച്ചപ്പോൾ SHEIKH ABUBAKR AHMAD COMING FORWARD എന്ന പേരിൽ ആ പുസ്തക രചന നിർവഹിച്ച എന്റെയുൾപ്പടെ പേരുകൾ ചേർത്ത് പുസ്തകം ഉടനെ ഇറങ്ങുമെന്നും വലിയ പരിപാടി ആയിരിക്കും എന്നൊക്കെയാണ് മറുപടി ലഭിച്ചത്. പിന്നീടും വളരെ കുറഞ്ഞ വേതനത്തിൽ ഞാൻ അവിടെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു അറബി മലയാളം പുസ്തകം മലയാളത്തിലേക്കും പിന്നീട് ഇംഗ്ളീഷിലേക്കും മൊഴിമാറ്റം ചെയ്യുന്ന ജോലി. അതിനും അങ്ങേയറ്റം കുറഞ്ഞ, എന്നുവെച്ചാൽ പറഞ്ഞാൽ ഒരാൾ വിശ്വസിക്കുകപോലും ചെയ്യാത്തത്ര കുറഞ്ഞ പ്രതിഫലമാണ് എനിക്ക് തന്നത്. ശേഷം മോശം അവസ്ഥയിലാണ് ഞാൻ സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപ്പോന്നത്.
കോഴിക്കോട് ഓഫീസിൽ പൈസ ചോദിച്ചു ചെന്ന എന്നെ, എന്റെ പേരിൽ defamation കേസ് കൊടുക്കുമെന്ന് പറഞ്ഞു ഭീഷണി പ്പെടുത്തിയാണ് മുഹ്സിൻ ഇറക്കി വിട്ടത്. പിന്നീട് Epistemic Breaks പേരു മാറ്റി മാജിക് മൂൺ ആക്കി ഡൽഹിയിൽ പ്രവർത്തനം തുടങ്ങി. ഇന്നിപ്പോൾ ഈ വാർത്ത കണ്ടപ്പോഴാണ് ഞാൻ പകുതിയോളം എഴുതിയ പുസ്തകം ദുബായിലെ ഒരു വ്യാപാരിയുടെ പേരിൽ One Time One Life എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കുന്ന കാര്യം അറിഞ്ഞത്. വരാനിരിക്കുന്ന ഈ പുസ്തകമല്ലാതെ ഈ വ്യാപാരിയുടെ പേരിൽ എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടതായി ഇതുവരെ കണ്ടിട്ടില്ല.
ഈ പുസ്തകത്തിന്റെ കഴിഞ്ഞകാലത്തെ എല്ലാ വേർഷൻസും എന്റെ കൈയിൽ ഉണ്ട്. അതിലൊന്നിന്റെ ഫസ്റ്റ് പേജാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്. അത് പരിശോധിച്ചാൽ തന്നെ ഞാൻ പറഞ്ഞ കാര്യങ്ങളുടെ വസ്തുത മനസ്സിലാകും. ഇതിൽ മറ്റു പ്രധാന ഭാഗങ്ങൾ എഴുതിയ മറ്റു എഴുത്തുകാരും സമാനമായ പരാതികൾ ഉള്ളവരാണ് എന്നും അറിയാൻ കഴിഞ്ഞു. അവരുടെ പരാതികളെ പലരീതികളിൽ ഒതുക്കി വെപ്പിച്ചിരിക്കുകയാണ് എന്നാണ് അറിയുന്നത്. എന്നെ സംബന്ധിച്ചടുത്തോളം എന്റെ ദീർഘ കാലത്തെ ബൗദ്ധികമായ അദ്ധ്വാനം ആണ്, ഇങ്ങിനെ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെടാൻ പോകുന്നത്. അതെനിക്ക് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ഈ പുസ്തകം ഈ രൂപത്തിൽ പുറത്തുവരുന്നത് അക്കാദമികമായും മനുഷ്യത്വപരമായും എന്നോട് ചെയ്യുന്ന നീതികേടാണ്. എ പി ഉസ്താദ് ഇതറിഞ്ഞാൽ അംഗീകരിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ആ നീതികേടു പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാവണം.