പഫ്കോൺ വാങ്ങാൻ പണം ചോദിച്ചതിന് അമ്മ തല്ലി; പൊലീസിനെ വിളിച്ച് എട്ടുവയസ്സുകാരൻ, പ്രശ്നം ‘പരിഹരിച്ച്’ നിയമപാലകർ
text_fieldsമധ്യപ്രദേശ് പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലെ എമർജൻസി നമ്പറിലേക്ക് ഒരു ഫോൺകാൾ. എമർജൻസി നമ്പറായ 112 ലേക്ക് വിളിച്ചത് ഒരു എട്ടു വയസ്സുകാരനായിരുന്നു. കാൾ അറ്റൻഡ് ചെയ്ത പൊലീസുകാരനോട് കുട്ടി പരാതി പറഞ്ഞു കരയാൻ തുടങ്ങി. ഉടൻതന്നെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും ഉടൻ സ്ഥലത്തെത്തുമെന്നും അവർ കുട്ടിക്ക് വാക്കും നൽകി. വൈകാതെ ആ വാക്ക് പാലിച്ച് പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വിശ്വകർമ കുട്ടിയുടെ വീട്ടിലെത്തിയത് പഫ്കോൺ സ്നാക്സുമായി.
കുട്ടി പോലീസിനെ വിളിച്ച് പരാതി പറയുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പഫ്കോൺ സ്നാക്സ് വാങ്ങാന്‍ 20 രൂപ ചോദിച്ചതിന് അമ്മയും സഹോദരിയും ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദിച്ചെന്നായിരുന്നു എട്ട് വയസുകാരന്റെ പരാതി.
താൻ അമ്മയോട് 20 രൂപയുടെ സ്നാക്സ് പാക്കറ്റ് വാങ്ങിത്തരാന്‍ പറഞ്ഞെന്നും അമ്മ അത് കേള്‍ക്കാതെ അടിച്ചുവെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥന്‍ വിശദാംശങ്ങള്‍ ചോദിക്കുമ്പോള്‍ സങ്കടംകൊണ്ട് കുട്ടി കരയുന്നതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ കേള്‍ക്കാം.
ചിതർവായ് കാല ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കളോട് സംസാരിച്ച പൊലീസ്, കുട്ടികളെ അനാവശ്യകാര്യങ്ങൾക്കായി ഉപദ്രവിക്കരുതെന്ന് വീട്ടുകാർക്ക് താക്കീത് നൽകി. കുട്ടിക്കും അമ്മയ്ക്കും കൗൺസലിങ്ങും ഉറപ്പാക്കിയ ശേഷം പഫ്കോൺ സ്നാക്സും വാങ്ങി നൽകിയാണ് പൊലീസുകാർ പോയത്. മാതൃകാപരമായ പ്രവർത്തനത്തിന് നിറയെ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.