Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right‘നന്ദി, ദീദി...ഇത്...

‘നന്ദി, ദീദി...ഇത് രാഷ്ട്രീയ വാചാടോപമല്ല, നടപടിയും നിലപാടുമാണ്’; മമതയെ പുകഴ്ത്തി മുനവ്വറലി തങ്ങൾ

text_fields
bookmark_border
‘നന്ദി, ദീദി...ഇത് രാഷ്ട്രീയ വാചാടോപമല്ല, നടപടിയും നിലപാടുമാണ്’; മമതയെ പുകഴ്ത്തി മുനവ്വറലി തങ്ങൾ
cancel

കോഴിക്കോട്: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾക്കെതിരായ ഹരജികളിൽ സുപ്രീംകോടതിയിൽ നേരിട്ട് വാദിക്കാനെത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പ്രശംസിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ജനാധിപത്യത്തിന്റെ ജീവനായ വോട്ടവകാശം വെല്ലുവിളിക്കപ്പെടുമ്പോൾ, മമത മൗനത്തിനു പകരം ഭരണഘടന തെരഞ്ഞെടുത്തെന്ന് മുനവ്വറലി കുറിച്ചു.

ഇത് നമുക്ക് ചുറ്റും കാണുന്ന രാഷ്ട്രീയ വാചാടോപമല്ല, നടപടിയും നിലപാടുമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. എസ്‌.ഐ.ആർ ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് മമത സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചത്. വെറും വാട്‌സ് ആപ്പ് കമീഷൻ മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷനെന്നും ബംഗാൾ ജനതയെ തകർക്കാൻ കമീഷൻ ശ്രമിക്കുകയാണെന്നും കോടതിയിൽ മമത വാദിച്ചു. മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ സുപ്രീംകോടതിയിൽ വാദം ഉന്നയിക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ചരിത്ര നേട്ടവും മമത സ്വന്തമാക്കി.

പാർട്ടിക്ക് വേണ്ടിയല്ല, മറിച്ച് പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ ഹാജരാകുന്നത് എന്ന ആമുഖത്തോടെയാണ് മമത കോടതിയിൽ വാദം ആരംഭിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എസ്‌.ഐ.ആറിന്റെ പേരിൽ ബംഗാളിനെ ലക്ഷ്യമിടുകയാണ്. എസ്‌.ഐ.ആറിൽ ആധാർ കാർഡ് രേഖയായി പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ മമത, എന്തുകൊണ്ടാണ് അസ്സമിൽ എസ്‌.ഐ.ആർ നടപ്പാക്കാത്തതെന്നും ചോദിച്ചു.

ജനുവരി 28നാണ് മമത എസ്.ഐ.ആർ ക്രമക്കേടുകൾ ചൂണ്ടികാട്ടി സുപ്രീംകോടതിയിൽ ഹരജി നൽകിയത്. തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയ പക്ഷപാതിത്വം പ്രകടിപ്പിക്കുകയും സ്വേഛാധിപത്യ രീതിയിൽ പെരുമാറുകയും ചെയ്യുന്നതായി ഹരജിയിൽ ആരോപിക്കുന്നു.

നിയമങ്ങൾ ലംഘിച്ചും, മാനുഷിക പരിഗണനകളും മനുഷ്യാവകാശങ്ങളുമില്ലാതെയാണ് കമീഷൻ എസ്.ഐ.ആർ നടത്തുന്നതെന്നും ആരോപിച്ചു. എസ്.ഐ.ആർ നടപടികൾക്കിടെ 140ഓളം പേർ മരിച്ചതായും മമത ചൂണ്ടികാട്ടി.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് 2024 ജൂൺ 24നും ഒക്ടോബർ 27നും തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച മുഴുവൻ ഉത്തരവുകളും റദ്ദാക്കണം. 2025ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാകണം ഈ വർഷത്തെ പശ്ചിമ ബംഗാൾ നിയമ സഭ തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. നിയമബിരുദം നേടി അഭിഭാഷകയായി പ്രവർത്തിച്ച മമത ബാനർജി 2003ലാണ് അവസാനമായി വക്കീൽ കുപ്പായത്തിൽ കോടതിയിലെത്തിയത്.

മുഖ്യമന്ത്രി വാദിക്കുന്നതാദ്യം

ന്യൂഡൽഹി: ഇന്ത്യൻ നിയമചരിത്രത്തിലും രാഷ്‍ട്രീയ ചരിത്രത്തിലും സുപ്രധാന ദിവസമായി രേഖപ്പെടുത്തപ്പെട്ടിരിക്കുകയാണ് 2026 ഫെബ്രുവരി നാല്. സ്വന്തം കേസ് വാദിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് സുപ്രീംകോടതിയിൽ ഹാജരായ ദിവസമാണിത്.

കോടതി നടപടികൾ ആരംഭിക്കുന്നതിനുമുമ്പ് തന്നെ മമതാ ബാനർജി സുപ്രീംകോടതിയിൽ എത്തിയിരുന്നു. അനന്തിരവൻ അഭിഷേക് ബാനർജിയുടെ ഡൽഹിയിലെ വസതിയിൽനിന്ന് രാവിലെ 10.10നാണ് മമത സുപ്രീംകോടതിയിൽ എത്തിയത്. സ്വയം കേസ് വാദിക്കാൻ സുരക്ഷാ അനുമതിയും ഗേറ്റ് പാസും വാങ്ങി ഒന്നാം നമ്പർ കോടതി മുറിയിലെ അവസാന നിരയിൽ ഇരുന്നു. തന്റെ കേസ് എത്തിയപ്പോൾ മുൻനിരയിലേക്ക് മാറി. ഹരജി വാദത്തിനെടുത്തപ്പോൾ കേട്ടുനിന്ന മമത വാദിക്കാനായി പത്തുമിനിറ്റ് അനുവദിക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു.

കോട്ടൺ സാരി ധരിച്ച് ഗൗൺ അണിയാതെ കറുത്ത ഷാളണിഞ്ഞുള്ള വികാരഭരിതമായ മമതയുടെ വാദം 20 മിനിറ്റ് നീണ്ടു. കൊൽക്കത്ത ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഓഫ് ലോയിൽനിന്ന് നിയമബിരുദമുള്ള മമത 2003ലാണ് ഇതിനുമുമ്പ് കോടതിമുറിയിൽ വാദം ഉന്നയിച്ചിട്ടുള്ളത്. അത് കൊൽക്കത്ത ഹൈകോടതിയിലായിരുന്നു. നിയമപഠനം പൂർത്തിയാക്കിയശേഷം ദീർഘകാലം കൊൽക്കത്തയിൽ അഭിഭാഷകവൃത്തിയിലായിരുന്നു. വാദിക്കാൻ അനുവദിച്ചതിന് ചീഫ് ജസ്റ്റിസിന് ഉൾപ്പെടെ നന്ദിപറഞ്ഞ മമതയോട്, വീണ്ടും കേസ് പരിഗണിക്കുമ്പോൾ ആവശ്യമെങ്കിൽ സമയം അനുവദിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം;

നന്ദി, ദീദി.

ജനാധിപത്യത്തിന്റെ ജീവനായ -

വോട്ടവകാശം വെല്ലുവിളിക്കപ്പെടുമ്പോൾ,

നിങ്ങൾ മൗനത്തിനു പകരം ഭരണഘടന തിരഞ്ഞെടുത്തു!

ഒരിക്കൽ കൂടെ അഭിഭാഷക വേഷമണിഞ്ഞ് അചഞ്ചലമായ ധീരതയോടെ സുപ്രീം കോടതിയിലേക്ക്..

ഇത് നമുക്ക് ചുറ്റും കാണുന്ന രാഷ്ട്രീയ വാചാടോപമല്ല.

നടപടിയും നിലപാടുമാണ്.

Show Full Article
TAGS:Mamata Banerjee Munavvar Ali Shihab Thangal SIR 
News Summary - Munavvarali Thangal praises Mamata Banerjee
Next Story