Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightറോഡിൽ ചിന്തുന്ന...

റോഡിൽ ചിന്തുന്ന ചോരയ്ക്ക് ആരാണ് ഉത്തരം പറയേണ്ടത്?

text_fields
bookmark_border
റോഡിൽ ചിന്തുന്ന ചോരയ്ക്ക് ആരാണ് ഉത്തരം പറയേണ്ടത്?
cancel

കേരളത്തിൽ ഒരു കൊലപാതകം നടന്നാൽ അത് വലിയ ചർച്ചയാകുന്നു. ആഭ്യന്തരവകുപ്പിനെതിരെ ചോദ്യങ്ങളുയരുന്നു, പ്രതിപക്ഷം പ്രതിഷേധിക്കുന്നു, പൊലീസ് അന്വേഷണം ശക്തമാക്കുന്നു. എന്നാൽ ഒരു വാഹനാപകടത്തിൽ പത്തോ പന്ത്രണ്ടോ പേർ ദിവസവും മരിക്കുമ്പോൾ എന്തുകൊണ്ടാണ് അതേ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകാത്തത്? അപകടത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾ നേരിടുന്ന നഷ്ടത്തിന് കൊലപാതകത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങളുടെ വേദനയേക്കാൾ എന്തെങ്കിലും കുറവുണ്ടോ?

കേരളത്തിലെ റോഡപകടങ്ങളുടെ വർധിച്ചുവരുന്ന അപകടസാധ്യതയും അതിനെ നേരിടുന്നതിൽ ഭരണസംവിധാനങ്ങൾ കാണിക്കേണ്ട ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. 'സേഫ്റ്റി'യും 'സെക്യൂരിറ്റി'യും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം വിഷയം അവതരിപ്പിക്കുന്നത്. റോഡപകടങ്ങളെ വെറും അപകടങ്ങളായി കണ്ട് അവഗണിക്കുന്ന സമൂഹത്തിനും സർക്കാറിനും മുന്നിൽ ഗൗരവമേറിയ ചോദ്യങ്ങളും അദ്ദേഹം ഉയർത്തുന്നു.റോഡപകട മരണങ്ങൾ കുറയ്ക്കാൻ പുതിയൊരു സമീപനവും പ്രത്യേക സംവിധാനവും വേണമെന്നാണ് കുറിപ്പിലെ പ്രധാന നിർദേശം. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

റോഡിൽ ചിന്തുന്ന ചോരക്ക് ആരാണ് ഉത്തരം പറയേണ്ടത് ?

ഇംഗ്ളീഷിൽ സേഫ്റ്റി എന്നും സെക്യൂരിറ്റി എന്നും രണ്ടു വാക്കുകൾ ഉണ്ട്.മലയാളത്തിൽ ഇതിന് വ്യത്യസ്തമായ പരിഭാഷകൾ ഇല്ല, രണ്ടും സുരക്ഷ എന്നുള്ള വക്കിലേക്കാണ് പരിഭാഷപ്പെടുത്തുന്നത്.അത് തെറ്റാണ്. സേഫ്റ്റിയും സെക്യൂരിറ്റിയും ഒന്നല്ല.ഒരു അപകടമോ അപകട സാധ്യതയോ സ്വാഭാവികമായി ഉണ്ടാകുന്നതിനെ കുറിക്കുന്നതും കൈകാര്യം ചെയ്യുന്നതുമാണ് സേഫ്റ്റി. കരുതിക്കൂട്ടി നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിക്കുന്നതും കൈകാര്യം ചെയ്യുന്നതുമാണ് സെക്യൂരിറ്റി,ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.ഓടുന്ന ട്രെയിനിൽ നിന്നും തുറന്ന വാതിലിലൂടെ ആളുകൾ പുറത്തേക്ക് വീണ് അപകടങ്ങൾ ഉണ്ടാകുന്നത് കേരളത്തിൽ സർവ സാധാരണമാണല്ലോ. ഇതൊരു സേഫ്റ്റി വിഷയമാണ്.ഓടുന്ന ട്രെയിനിൽ നിന്നും ഒരാളെ മറ്റൊരാൾ തള്ളി പുറത്തേക്കിടുന്ന സാഹചര്യം ഇടക്ക് ഉണ്ടാകാറുണ്ടല്ലോ. അതൊരു സെക്യൂരിറ്റി വിഷയമാണ്.പുറത്തേക്ക് വീണു മരിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം രണ്ടുസാഹചര്യങ്ങളുടെയും അന്തിമഫലം ഒന്ന് തന്നെയാണ്.അവരുടെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം കുടുംബത്തിനുണ്ടാകുന്ന നഷ്ടം ഒരുപോലെ യാണ്.പക്ഷെ ഈ വിഷയത്തോട് സമൂഹത്തിന്റെ പ്രതികരണം പൂർണ്ണമായും വ്യത്യസ്തമാണ്.ഒന്നാലോചിച്ചു നോക്കൂ.കൊച്ചി എയർപോർട്ടിനടുത്ത് രാത്രി യാത്രക്കാരായ മൂന്നു യുവാക്കളെ ഒരു കാറിൽ വന്ന ഒരു മദ്യപസംഘം സംഘം കുത്തിക്കൊലപ്പെടുത്തി എന്ന് കരുതുക. കണ്ടെയ്നർ റോഡിൽ രാത്രി കടയും പൂട്ടി വീട്ടിലേക്ക് അരിയും വാങ്ങിപ്പോയ ഒരു ഗൃഹനാഥനെ പതിനെട്ടു വയസ്സുപോലും തികയാത്ത ഒരാൾ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന് കരുതുക. കാക്കനാട് രാവിലെ ജിമ്മിൽ പോയ ഒരു യുവതിയെ ഒരു മധ്യവയസ്‌കൻ റോഡരുകിൽ വച്ച് വെട്ടിക്കൊന്നു എന്ന് കരുതുക.ഇതൊക്കെ ഒരു മാസത്തിനകം ഒരു ജില്ലയിൽ സംഭവിച്ചു എന്ന് കരുതുക.എന്തായിരിക്കും കേരളത്തിലെ ജനങ്ങളുടെ റിയാക്ഷൻ ? ജില്ല മാത്രമല്ല സംസ്ഥാനം മൊത്തം നടുങ്ങും.

പകലോ രാത്രിയോ വീട്ടിൽ നിന്നിറങ്ങാൻ ആളുകൾ പേടിക്കും. വീട്ടിൽ കിടന്നാൽ തന്നെ ഉറങ്ങാൻ ഭയമാകും. ആഭ്യന്തരവകുപ്പ് എന്ത് ചെയ്യുകയായിരുന്നു എന്ന് ആളുകൾ ചോദിക്കും.പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും ആഞ്ഞടിക്കും.

എന്തായിരിക്കും സർക്കാറിന്റെ റിയാക്ഷൻ ? അന്വേഷണം പൊടിപൊടിക്കും. ജില്ല മുഴുവൻ പോലീസ് ഡിപ്ലോയ്മെന്റ് വരും, ലോക്കൽ പോലീസ് പോരെങ്കിൽ സ്പെഷൽ പോലീസ് വരും. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിൽ പോലീസിങ്ങ്​ ശക്തമാക്കും.

പക്ഷെ ഇതിനു പകരം,കൊച്ചി എയർപോർട്ടിനടുത്ത് രാത്രി യാത്രക്കാരായ മൂന്നു യുവാക്കൾ മദ്യപിച്ചു വാഹനം ഓടിച്ച ഒരാൾ ഉണ്ടാക്കിയ അപകടത്തിൽ മരിച്ചു എന്ന് കരുതുക. കണ്ടെയ്നർ റോഡിൽ രാത്രി കടയും പൂട്ടി വീട്ടിലേക്ക് അരിയും വാങ്ങിപ്പോയ ഒരു ഗൃഹനാഥൻ പതിനെട്ടു വയസ്സുപോലും തികയാത്ത ഒരാൾ ഓടിച്ച വാഹനം ഇടിച്ചു മരിച്ചു എന്ന് കരുതുകകാക്കനാട് രാവിലെ ജിമ്മിൽ പോയ ഒരു യുവതിയെ ഒരു അതിവേഗതയിൽ ഓടിച്ച ഒരു ബസിടിച്ചു മരിച്ചു എന്ന് കരുതുക. ഇതൊക്കെ ഒരു മാസത്തിനകം ഒരു ജില്ലയിൽ സംഭവിച്ചു എന്ന് കരുതുക.

എന്തായിരിക്കും കേരളത്തിലെ ജനങ്ങളുടെ റിയാക്ഷൻ ? ഇതാലോചിച്ചു നോക്കേണ്ട കാര്യമില്ല.ഇതൊക്കെ കഴിഞ്ഞ ഒരു മാസത്തിനകം എറണാകുളം ജില്ലയിൽ നടന്നതാണ്.

എന്നിട്ടെന്തുണ്ടായി ? ഒന്നുമില്ല. എല്ലാ ദിവസവും നമ്മൾ പതിവ് പോലെ വീട്ടിൽ നിന്നും റോഡിലേക്കിറങ്ങുന്നു.എല്ലാ ദിവസവും കേരളത്തിലെ റോഡുകളിൽ പത്തോ പന്ത്രണ്ടോ പേർ കൊല്ലപ്പെടുന്നു. അതിന്റെ പത്തിരട്ടി പേർ അപകടത്തിൽ പെടുന്നു.അപകടത്തിൽ പെടാത്തവരും സർക്കാരും വീട്ടിൽ സുഖമായി കിടന്നുറങ്ങുന്നു.പക്ഷെ മരിച്ചവരുടെ വീട്ടിൽഅവരുറങ്ങുന്നില്ല. അവരുടെ ജീവിതം ഒരു മിനിറ്റിൽ ഏറെ മാറിപ്പോയിരിക്കുന്നു. അവരുടെ ദുഃഖം പക്ഷെ ഈ ജന്മത്തിൽ മാറുന്നുമില്ല.ഇതാണോ നാം ആഗ്രഹിക്കുന്ന കേരളം ?

സെക്യൂരിറ്റിയുടെ കാര്യത്തിൽ ലോകമാതൃകയാണ് കേരളം. ഒരു ലക്ഷം ആളുകളിൽ ഒരാളിൽ താഴെയാണ് ഒരു വർഷം കേരളത്തിൽ ഒരു കുറ്റകൃത്യത്തിൽ കൊല്ലപ്പെടുന്നത്.ഇന്ത്യയിൽ ഇത് ഒരുലക്ഷത്തിന് 2.7 ആണ്. അമേരിക്കയിൽ 5.7.എന്തിന് ഒരു ലക്ഷത്തിൽ അമ്പതിന് മുകളിൽ ആളുകൾ കൊല്ലപ്പെടുന്ന രാജ്യങ്ങൾ ലോകത്തുണ്ട്.അവിടെയാണ് ഒരു ലക്ഷത്തിൽ ഒന്നിൽ താഴെ കൊലപാതകങ്ങളുമായി കേരളം മുൻ നിരയിൽ നിൽക്കുന്നത്. സ്വിറ്റ്‌സർലാൻഡിനും ഫിൻലാൻഡിനും ഒക്കെ ഒപ്പം !

ഒരു കാര്യം കൂടി പറയണം.കേരളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞ കൊലപാതക നിരക്കാണ് ഇപ്പോൾ ഉള്ളത്.ജനസംഖ്യ കൂടിയിട്ടും കേരളത്തിൽ കൊലപാതകങ്ങളുടെ എണ്ണം കുറയുകയാണ് ഉണ്ടായിട്ടുള്ളത്.

നമ്മുടെ പോലീസിങ്ങിന്റെ മികവ് ഇക്കാര്യത്തിൽ ഉണ്ട്.പക്ഷെ സെക്യൂരിറ്റി മാറി സേഫ്റ്റി വരുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്നു.2025ൽ 3733 പേർ കേരളത്തിൽ റോഡപകടങ്ങളിൽ മരിച്ചു. ദിവസം പത്തിന് മുകളിൽ. ജനസംഖ്യാനുപാതികമായി എടുത്താൽ ഒരുലക്ഷത്തിന് പത്തിന് മുകളിൽ. ഒരു വർഷത്തിൽ ഒരു ലക്ഷത്തിൽ മൂന്നിന് താഴെ ആളുകൾ റോഡപകടങ്ങളിൽ മരിക്കുന്ന രാജ്യങ്ങൾ അനവധിയുണ്ട്​.ഇതിൽ കേരളത്തേക്കാളും കൊലപാതകനിരക്ക് കൂടുതൽ ഉള്ള രാജ്യങ്ങളും ഉണ്ട്.ഡ്രൈവർമാരുടെ തെറ്റായ പരിശീലനം, തെറ്റായ മനോഭാവം, അപകടം ഉണ്ടായാൽ ഒട്ടും തന്നെ പ്രത്യാഘാതമുണ്ടാകാതിരിക്കൽ ഇവ മൂന്നുമാണ് കേരളത്തിലെ റോഡുകൾ കുരുതിക്കളമാകാൻ കാരണം.ഇത് മാറാൻ കൂടുതൽ പണമോ പുതിയ സാങ്കേതിക വിദ്യയോ ഒന്നും വേണ്ട.മരണപ്പെടുന്നത് കൊലക്കത്തിയാൽ അല്ല വാഹനങ്ങളാൽ ആണ്, അപകടം ഉണ്ടാക്കുന്നവർക്ക് കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ലഎന്നുള്ള കാരണങ്ങൾ കൊണ്ട് ചിന്തുന്ന ചോരക്കും ഒഴുക്കുന്ന കണ്ണീരിനും മാറ്റമില്ല എന്ന് മനസ്സിലാക്കാൻ കഴിവുള്ള ഒരു സമൂഹവും സർക്കാറും ഉണ്ടായാൽ മാത്രം മതി,അത് നമ്മളെ പേടിപ്പിച്ചാൽ മതി. അതിനെതിരെ നമ്മൾ ചോദ്യങ്ങൾ ഉന്നയിച്ചാൽ മതി.അതിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചാൽ മതി. റോഡ് സുരക്ഷക്ക് വേണ്ടി ലോകത്തുള്ള നയങ്ങളും നിയമങ്ങളും മനസ്സിലാക്കി നമ്മുടെ ജനങ്ങളുടെ ചോര റോഡിൽ വീഴുന്നത് ഒഴിവാക്കണം എന്ന് സർക്കാർ ചിന്തിച്ചാൽ മതി.ഇപ്പോഴത്തെ അപകട നിരക്ക് ലോകോത്തരമായ ലക്ഷത്തിൽ മൂന്നിന്റെ താഴേക്ക് എത്തിക്കണമെന്നില്ല. ഇപ്പോഴത്തേതിന്റെ പകുതി ആക്കിയാൽ മതി, ലക്ഷത്തിന് അഞ്ചിൽ താഴെ. എന്നാൽ തന്നെ ഒരു വർഷത്തിൽ ആയിരത്തി എണ്ണൂറു പേർ കേരളത്തിൽ ജീവനോടെ അടുത്ത വർഷം ഉണ്ടാകും. കൂടുതലും യുവാക്കൾ. ഒരു ഭരണ കാലത്ത് ഒമ്പതിനായിരം പേർ. ഒരു പതിറ്റാണ്ടിൽ പതിനെണ്ണായിരം പേർ. ഒരു വർഷത്തിൽ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളുടെ അമ്പതിരട്ടി, അയ്യായിരം ശതമാനം....ഇത് സാധ്യമാണ്. റോഡ് സുരക്ഷയിൽ പുതിയൊരു സംസ്കാരം കൊണ്ടുവരുന്നതിൽ അപകടം കുറയ്ക്കുന്നതിൽ ഇപ്പോഴത്തെ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്ന് വ്യക്തമാണല്ലോ. സെക്യൂരിറ്റി കൈകാര്യം ചെയ്യാൻ ഉത്തരവാദിത്തപ്പെട്ട, പരിശീലിപ്പിക്കപ്പെട്ട പോലീസ് സംവിധാനത്തിൽ നിന്നും മാറി സേഫ്റ്റി കൈകാര്യം ചെയ്യാൻ ആ വിഷയത്തിൽ അറിവും പരിശീലനവും ഉള്ള ആളുകൾ ഉള്ള ഒരു വകുപ്പുണ്ടാകണം. ഇംഗ്ലണ്ടിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടിവ് പോലെ.മാറ്റം സാധ്യമാണ്. മരണങ്ങൾ ഒഴിവാക്കാവുന്നവയാണ്. നാം തയ്യാറാണോ ?

വാൽക്കഷ്ണം: (ഫുൾ ഡിസ്‌ക്ലോഷർ)- ഈ വിഷയത്തിൽ എനിക്കല്പം വ്യക്തി താല്പര്യമുണ്ട്. കാരണം ലോകത്തെ യുദ്ധ ദുരന്ത രംഗത്തൊക്കെ പ്രവർത്തിച്ചിട്ടും ഭൂകമ്പത്തിലും ബോംബാക്രമണത്തിലും ഹെലികോപ്റ്റർ യാത്രയിലും ഒന്നും മരണപ്പെടാത്ത ഞാൻ പെരുമ്പാവൂരിൽ നിന്നും തുരുത്തിപ്പറമ്പിലേക്ക് നടക്കുമ്പോൾ ഓട്ടോ ഇടിച്ചു മരിച്ചാൽ അതിനപ്പുറം മാനഹാനി ഉണ്ടോ ?

നാളെ റോഡിൽ വീഴുന്ന ചോര നിങ്ങളുടേതുമാകാം -മുരളി തുമ്മാരുകുടി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:roadsafety road accident rate Murali Thummarukudy Kerala Roads 
News Summary - Murali Thummarukudy Questions Kerala's Road Safety System
Next Story