‘നരകതുല്യം! ഭക്ഷണവും ശുചിമുറിയുമില്ല, കൊടുംതണുപ്പിൽ കന്നുകാലികളോടെന്ന പോലെ പെരുമാറി,’ ഇൻസ്റ്റാഗ്രാമിൽ ജോർജ്ജിയൻ യാത്രാനുഭവം പങ്കിട്ട് യുവതി, പ്രതികരണവുമായി നെറ്റിസൺസ്
text_fieldsന്യൂഡൽഹി: ജോർജ്ജിയ സന്ദർശനത്തിന് പോയ വിനോദയാത്ര സംഘത്തിന് അധികൃതരിൽ നിന്ന് അഭിമുഖീകരിക്കേണ്ടി വന്ന മനുഷ്യത്വരഹിതമായ പെരുമാറ്റം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് യുവതി. അർമേനിയ സന്ദർശനത്തിന് പിന്നാലെ ജോർജ്ജിയൻ അതിർത്തിയിലെത്തിയ 56 അംഗ ഇന്ത്യൻ യാത്രികരുടെ സംഘത്തോട് ജോർജിയൻ അധികൃതർ മൃഗങ്ങളോടെന്നപോലെയാണ് പെരുമാറിയതെന്ന് യുവതി പറയുന്നു.
ധ്രുവീ പട്ടേൽ എന്ന യുവതിയാണ് അനുഭവം പങ്കുവെച്ചത്.
‘സാധുവായ ഇ-വിസകളും രേഖകളും കൈവശമുണ്ടായിട്ടും, സഡഖ്‌ലോ അതിർത്തിയിൽ അപമാനിക്കപ്പെട്ടു. ഭക്ഷണമോ ശുചിമുറികളോ ഇല്ലാതെ അഞ്ചുമണിക്കൂറിലധികം കൊടും തണുപ്പിൽ കാത്തിരിക്കാൻ നിർബന്ധിച്ചു. കാരണങ്ങൾ ഒന്നുമില്ലാതെ പാസ്പോർട്ടുകൾ കണ്ടുകെട്ടിയ ഉദ്യോഗസ്ഥർ രണ്ടുമണിക്കൂറിലധികം സമയം പിന്നിട്ടിട്ടാണ് മടക്കിത്തന്നത്. കന്നുകാലികളോടെന്ന പോലെ ഫുട്പാത്തിൽ ഇരിക്കാൻ നിർബന്ധിച്ചുവെന്നും ധ്രുവീ പട്ടേൽ ആരോപിച്ചു.
കുറ്റവാളികളുടേതെന്ന പോലെ ഉദ്യോഗസ്ഥർ തങ്ങളുടെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. തിരിച്ച് വീഡിയോ ചിത്രീകരിക്കുന്നത് വിലക്കുകയും ചെയ്തുവെന്നും യുവതി പറഞ്ഞു. കയ്യിലുണ്ടായിരുന്ന രേഖകൾ പരിശോധിക്കാൻ പോലും തയ്യാറാവാതെ വിസകൾ ‘വ്യാജം’ എന്ന് ആരോപിച്ചു. ഇത്തരം പെരുമാറ്റം ലജ്ജാകരവും അസ്വീകാര്യവുമാണെന്ന് യുവതി കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും ടാഗ് ചെയ്തുകൊണ്ടാണ് കുറിപ്പ്. ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അർമേനിയയ്ക്കും ജോർജിയയ്ക്കും ഇടയിൽ കരമാർഗം പ്രധാന അതിർത്തിയായ സഡഖ്‌ലോയിലാണ് സംഭവം നടന്നത്.
‘ജോർജിയ ഇന്ത്യക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണ്. ലജ്ജാകരവും അസ്വീകാര്യവുമാണ്!’ എന്ന രൂക്ഷ വിമർശനത്തോടെയാണ് ധ്രുവീ പട്ടേൽ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നിരവധി പേരാണ് കുറിപ്പിന് താഴെ പ്രതികരണങ്ങളുമായി എത്തിയത്. പലരും തങ്ങൾ സമാനമായ അനുഭവം അഭിമുഖീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കി. ‘ധ്രുവിക്കും യാത്രികരുടെ സംഘത്തിനും നേരിടേണ്ടി വന്ന ദുരിതം കേട്ടപ്പോൾ വിഷമം തോന്നി. എന്നാൽ ജോർജ്ജിയയെക്കുറിച്ച് കാണുന്ന ആദ്യ പോസ്റ്റല്ല ഇത്. ഇത് വളരെക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്.’-ഒരാൾ കുറിച്ചു.
ഇത്തരം മോശം റിപ്പോർട്ടുകൾ ഉണ്ടായിട്ടും ഇന്ത്യക്കാർ ഇപ്പോഴും അവിടെ സന്ദർശിക്കുന്നത് എന്തുകൊണ്ടാണെന്നും ചിലർ ചോദിക്കുന്നുണ്ടായിരുന്നു. ജോർജ്ജിയൻ സർക്കാറിന്റെ വംശീയ വിവേചപരമായ രേഖാപരിശോധനകളെ കുറിച്ച് സ്ഥിരമായ പരാതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഒരു ഉപയോക്താവ്, ഇന്ത്യക്കാരുടെ ദുരിതങ്ങൾ വിശദീകരിക്കുന്ന വാർത്താ ലേഖനത്തിലേക്കുള്ള ലിങ്കും പങ്കിട്ടു.