Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right‘ഇസ്രായേൽ സൈനികരുടെ...

‘ഇസ്രായേൽ സൈനികരുടെ ആത്മഹത്യ: പകരം കേരളത്തിലെ ഫാൻസിനെ റിക്രൂട്ട് ചെയ്യാൻ തയ്യാറാവുമോ? ഇത്തിരി ചോറും കിടക്കാൻ സ്ഥലവും മതി!’

text_fields
bookmark_border
‘ഇസ്രായേൽ സൈനികരുടെ ആത്മഹത്യ: പകരം കേരളത്തിലെ ഫാൻസിനെ റിക്രൂട്ട് ചെയ്യാൻ തയ്യാറാവുമോ? ഇത്തിരി ചോറും കിടക്കാൻ സ്ഥലവും മതി!’
cancel

കൊച്ചി: ‘രാജ്യത്തിനു വേണ്ടി മരിക്കാൻ’ ഇസ്രായേലികൾക്ക് താല്പര്യമില്ലാത്ത സ്ഥിതിക്ക് കേരളത്തിലെ ഫാൻസിനെ റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ തയ്യാറാവുമോ എന്ന് ആക്ടിവിസ്റ്റ് സുദേഷ് എം. രഘു. അവർക്ക് ശമ്പളം പോലും കൊടുക്കേണ്ടി വരില്ലെന്നും ഇത്തിരി ചോറും കിടക്കാൻ സ്ഥലവും കൊടുത്താൽ മതിയാവുമെന്നും അദ്ദേഹം പരിഹസിച്ചു. ഇസ്രായേൽ സൈനികർക്കിടയിൽ ആത്മഹത്യ പ്രവണത വർധിക്കു​ന്നുവെന്ന ഇസ്രായേൽ പാർലമെന്റി​ലെ റിപ്പോർട്ടും നിർബന്ധിത സൈനിക സേവനത്തിനെതിരെ യാഥാസ്ഥിക ജൂതമത വിശ്വാസികളുടെ പ്രക്ഷോഭവും മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ്.

‘ഒന്നര വർഷത്തിനിടെ 279 ഇസ്രായേൽ പട്ടാളക്കാർ ആത്മഹത്യ ശ്രമം നടത്തി എന്ന് ഇസ്രായേൽ പാർലമെന്റ് പറയുന്നു. കഴിഞ്ഞ വർഷം നടന്ന ആത്മഹത്യകളിൽ 78% ഇസ്രായേലി പട്ടാളക്കാരാണ് (അതും നേരിട്ട് അധിനിവേശത്തിൽ പങ്കെടുക്കുന്ന കോംബാറ്റ് സോൾജ്യേഴ്‌സ്). പട്ടാളക്കാരുടെ സൂയിസൈഡ് റേറ്റ് വർധിക്കുന്നതിന്റ കണക്കുകൾ ടൈംസ് ഓഫ് ഇസ്രായേലിന്റ റിപ്പോർട്ടിൽ ഉണ്ട്..കമന്റിൽ ഇടാം. പതിനായിരത്തിനു മുകളിൽ പട്ടാളക്കാർ ട്രോമ കാരണം മാനസികാരോഗ്യ ചികിത്സ നേടുന്ന കാര്യവും ഇസ്രായേൽ മാധ്യമങ്ങൾ തന്നെ പറയുന്നതാണ്.

മറ്റൊരു കാര്യം എത്ര പേർ ശ്രദ്ധിക്കുന്നു എന്നറിയില്ല. കൊല്ലപ്പെടുന്ന ഇസ്രായേൽ പട്ടാളക്കാരിൽ 40% മുകളിൽ പേരും കഷ്ടിച്ച് കൗമാരം പിന്നിട്ടവരാണ്. 18-19 വയസുള്ള റിസർവ് പട്ടാളക്കാരെ സജന്റ്, കാപ്റ്റൻ എന്നൊക്കെ എഴുതിപ്പിടിപ്പിച്ച യൂണിഫോമും തോക്കും കൊടുത്തു് ഇറക്കി വിടുകയാണ്.. കുട്ടികളെ ഫലസ്തീനികൾ ഷീൽഡ് ആക്കുന്നുവെന്നു വാദിക്കുന്നവർക്ക് ഈ കണക്ക് അറിയാമോ എന്നറിയില്ല. ശരിക്കും ഈ ടീനേജ് പിള്ളേർക്കൊക്കെ യുദ്ധം ചെയ്യാനും "വീര മൃത്യു " വരിക്കാനുമുള്ള ആഗ്രഹം ഉണ്ടായിട്ടു തന്നെയാവുമോ ഇതിനൊക്കെ ഇറങ്ങിയത്????


അല്ല എന്നതിനു തെളിവ് ഇന്നലെ നടന്ന, രണ്ടു ലക്ഷം അൾട്രാ ഓർത്തഡോക്സ് ജൂതന്മാരുടെ പ്രക്ഷോഭമാണ്. നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് മത വിദ്യാർത്ഥികൾക്ക് ഇളവുണ്ടായിരുന്നു ഇതുവരെ. എന്നാൽ പട്ടാളം പറയുന്നത് തങ്ങൾക്ക് ഇനിയും പന്ത്രണ്ടായിരം പട്ടാളക്കാരെ വേണമെന്നാണ്.

പട്ടാളത്തിനു വേണ്ടി മതവിദ്യാർത്ഥികളെക്കൂടി പട്ടാളത്തിൽ ചേർക്കാനുള്ള ബില്ലിനെതിരെ ഏതാണ്ട് അക്രമസാക്തമായ പ്രക്ഷോഭമാണ് അവിടെ നടന്നത്.. രണ്ടായിരം പൊലീസുകാർ രണ്ടു ലക്ഷം പേരെ നിയന്ത്രിക്കാൻ പാടു പെടുന്നു എന്ന് ടൈംസ് ഓഫ് ഇസ്രായേൽ. ഞാൻ ആലോചിക്കുന്നത് ഇത്രയധികം ഇസ്രായേലികൾക്ക് "രാജ്യത്തിനു വേണ്ടി മരിക്കാൻ " താല്പര്യമില്ലാത്ത സ്ഥിതിക്ക് കേരളത്തിലെ ഫാൻസിനെ റിക്രൂറ്റ് ചെയ്യാൻ ഇസ്രായേൽ തയ്യാറാവുമോ എന്നാണ്.. ശമ്പളം പോലും കൊടുക്കേണ്ടി വരില്ല; ഇത്തിരി ചോറും കിടക്കാൻ സ്ഥലവും കൊടുത്താൽ മതിയാവും...’ -സുദേഷ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഗസ്സ വംശഹത്യയിൽ പ​ങ്കാളികളായ ഇസ്രായേൽ പ്രതിരോധ സേനയിലെ (ഐ.ഡി.എഫ്) സൈനികർക്കിടയിൽ ആത്മഹത്യാ ശ്രമങ്ങൾ വർധിച്ചതായി കഴിഞ്ഞദിവസമാണ് ഇസ്രായേൽ പാർലമെന്റിൽ (കെനേസത്ത്) റിപ്പോർട്ട് സമർപ്പിച്ചത്. 2024 ജനുവരി മുതൽ 2025 ജൂലൈ വരെയുള്ള ഒന്നര വർഷത്തിനിടെ 279 ഐഡിഎഫ് സൈനികരാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് കെനേസത്ത് ഗവേഷണ, വിവര കേന്ദ്രം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് സർവിസിലുള്ള സൈനികരുടെ കണക്കാണെന്നും സൈനിക സേവനം പൂർത്തിയാക്കിയ വിമുക്തഭടന്മാരുടേതല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഗസ്സയിൽ കുഞ്ഞുങ്ങളെ അടക്കം കൊല്ലുന്ന ഭീകരദൃശ്യങ്ങളും ഇസ്രായേൽ സൈനികരുടെ മരണങ്ങളും ​സൈനികരിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. റിസർവ് സൈനികരെ വലിയ തോതിൽ അണിനിരത്തിയത് ആത്മഹത്യാ നിരക്ക് വർധിക്കുന്നതിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇക്കാലയളവിൽ ഒരു സൈനികൻ ആത്മഹത്യ ചെയ്യുമ്പോൾ ആനുപാതികമായി ഏഴ് സൈനികർ ആത്മഹത്യാശ്രമം നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇടതുപക്ഷ പാർട്ടിയായ ഹദാഷ് താലിന്റെ പാർലമെന്റംഗം ഓഫിർ കാസിഫിന്റെ അഭ്യർത്ഥന പ്രകാരമാണ് റിപ്പോർട്ട് പാർലമെന്റിൽ വെച്ചത്. ഐ.ഡി.എഫ് മെഡിക്കൽ കോർപ്‌സിന്റെ മാനസികാരോഗ്യ കേന്ദ്രം നൽകിയ വിവരങ്ങളുടെയും പാർലമെന്റ് കമ്മിറ്റി ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

2024-ൽ ഇസ്രായേലിൽ ആകെ ആത്മഹത്യ ചെയ്തവരിൽ 78 ശതമാനവും സൈനികരാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് വലിയ വർധനവാണ്. ഗസ്സ വംശഹത്യ തുടങ്ങുന്നതിന് മുമ്പ് 2023-ൽ ഇത് 17 ശതമാനമായിരുന്നു. 2017 മുതൽ 2025 ജൂലൈ വരെ ആകെ 124 സൈനികരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 68 ശതമാനം നിർബന്ധിത സൈനിക സേവനത്തിലുള്ളവരും 21 ശതമാനം ആക്ടീവ് റിസർവ് സർവീസിലുള്ളവരും 11 ശതമാനം കരിയർ സൈനികരുമാണ്. ജീവനൊടുക്കിയ സൈനികരിൽ 17 ശതമാനം പേർ മാത്രമാണ് മരണത്തിന് തൊട്ടുമുമ്പുള്ള രണ്ട് മാസത്തിനുള്ളിൽ മനശ്ശാസ്ത്ര വിദഗ്ധരുടെ സേവനം തേടിയത്.

സൈനികരുടെ മാനസികാരോഗ്യ വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്ന് ഐഡിഎഫ് അറിയിച്ചു. സൈനികരുടെ മാനസിക പ്രയാസങ്ങൾ തിരിച്ചറിയുന്നതിനായി കമാൻഡർമാർക്കുള്ള പരിശീലനം വിപുലീകരിക്കാനും മനശ്ശാസ്ത്ര വിദഗ്ധരുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാനും ഐഡിഎഫ് പദ്ധതിയിടുന്നതായി റിപ്പോർട്ട് പറയുന്നു.

സൈനികരുടേത് ആത്മഹത്യാ മഹാമാരിയാണെന്നും ഇത് വരുംമാസങ്ങളിൽ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും പാർല​മെന്റംഗം ഓഫിർ കാസിഫ് മുന്നറിയിപ്പ് നൽകി. ‘മനുഷ്യജീവനേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ല, യുദ്ധം അവസാനിച്ച സാഹചര്യത്തിൽ ആത്മഹത്യാ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. സൈനികർക്ക് മാനസിക പിന്തുണ മെച്ചപ്പെടുത്തണം. എല്ലാറ്റിനുമുപരിയായി, യുദ്ധങ്ങൾ അവസാനിപ്പിച്ച് യഥാർത്ഥ സമാധാനം കൊണ്ടുവരേണ്ടതും അത്യാവശ്യമാണ. സൈനികരെ യുദ്ധത്തിന് പറഞ്ഞുവിടുകയും തടങ്കലിലടക്കാൻ ഇടവരുത്തുകയും ചെയ്യുന്ന സർക്കാർ, പിന്നീട് അവരെ ഉപേക്ഷിക്കുകയാണ്. സർക്കാർ അവർക്കെതിരെയാണ് പോരാടുന്നത്’ -അദ്ദേഹം പറഞ്ഞു.

അതിനിടെയാണ് ഇസ്രായേലിൽ നിർബന്ധിത സൈനിക സേവനത്തിനെതിരെ വൻ പ്രതിഷേധവുമായി യാഥാസ്ഥിതിക ജൂത വിഭാഗമായ ഹരേദികൾ തെരുവിലിറങ്ങിയത്. ‘ദശലക്ഷം പേരുടെ പ്രതിഷേധം’ എന്ന പേരിൽ നടന്ന പരിപാടി വൻസംഘർഷത്തിലും ഒരു യുവാവിന്റെ മരണത്തിലും കലാശിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ജറുസലേമിന്റെ പ്രവേശന കവാടം തടസ്സപ്പെടുത്തിക്കൊണ്ട് രണ്ട് ലക്ഷത്തിലേറെ ഹരേദികളാണ് പ്രതിഷേധത്തിൽ അണിനിരന്നത്.


പരിപാടി അവസാനിച്ചതിന് പിന്നാലെ പ്രതിഷേധക്കാർ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രാർത്ഥനാ റാലി എന്ന നിലയിലാണ് പ്രതിഷേധം പ്രഖ്യാപിച്ചതെങ്കിലും ഏകദേശം 2,00,000 പേരടങ്ങുന്ന ജനക്കൂട്ടത്തിൽ ചിലർ അക്രമാസക്തരായി. ചിലർ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ തത്സമയ സംപ്രേക്ഷണത്തിനിടെ വെള്ളക്കുപ്പികളും മറ്റ് വസ്തുക്കളും എറിയുകയും വഴിയാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്തു. പൊലീസ് സംരക്ഷണത്തോടെയാണ് റിപ്പോർട്ടിങ് തുടർന്നത്.

സമരക്കാരെ പിരിച്ചുവിടാൻ ബലംപ്രയോഗിച്ചത് പലയിടത്തും പൊലീസുമായി ഏറ്റുമുട്ടലിൽ കലാശിച്ചു. പ്രതിഷേധം അവസാനിച്ചതായി പ്രഖ്യാപിച്ചിട്ടും നൂറുകണക്കിന് യുവാക്കൾ നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. യുവാവ് മരിച്ച സ്ഥലത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടിയെടുത്തു.

കടുത്ത വിഭാഗീയത നിലനിൽക്കുന്ന ഹരേദി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച അപൂർവ റാലിയായിരുന്നു ഇസ്രായേൽ കണ്ടത്. ‘ഞങ്ങളെ മതപരമായി ഇല്ലാതാക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഞങ്ങളെ നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്’ - സമരത്തിൽ പ​ങ്കെടുത്ത 65 വയസ്സുകാരനായ എഫ്രേം ലുഫ് അഭിപ്രായപ്പെട്ടു. റാലിക്ക് മുന്നോടിയായി പതിനായിരക്കണക്കിന് ഹരേദി വിശ്വാസികൾ ബസ്സുകളിലും ട്രെയിനുകളിലുമായി ജറുസലേമിലേക്ക് ഒഴുകിയെത്തി. ഇതോടെ നഗരത്തിലും പരിസരത്തും ഗതാഗത സംവിധാനങ്ങൾ താളംതെറ്റി. പ്രതിഷേധക്കാരെ വഹിച്ചെത്തിയ ബസ് ഇടിച്ചതിനെ തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

ഇസ്രായേൽ പ്രതിരോധ സേനയിൽ നിർബന്ധിത സേവനം അനുഷ്ടിക്കണ​മെന്ന നിയമത്തിൽ ഹരേദി യുവാക്കൾക്ക് ഇളവുണ്ടായിരുന്നു. എന്നാൽ, 2023 ജൂണിൽ ഇത് അവസാനിപ്പിച്ചു. തുടർന്ന് സൈന്യത്തിൽ ചേരുന്നതിൽനിന്ന് പിന്മാറുന്നവരെ പൊലീസ് വ്യാപകമായി അറസ്റ്റ് ചെയ്യാൻതുടങ്ങി. കഴിഞ്ഞ മാസങ്ങളിൽ 870ലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്.

ഹരേദി യെശീവാ വിദ്യാർഥികൾക്ക് സൈനിക സേവനത്തിൽ നൽകിയിരുന്ന പൂർണ ഇളവ് അവസാനിച്ചതുമുതൽ ഇസ്രായേലിൽ ഇത് കടുത്ത തർക്കവിഷയമാണ്. സൈന്യത്തിൽ ചേർക്കാൻ നടപടിയെടുക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹരേദി പാർട്ടികളായ ഷാസ്, യുണൈറ്റഡ് തോറ ജുദായിസം എന്നിവയുടെ എതിർപ്പ് കാരണം സഖ്യം തകരുമെന്ന ഭയത്താൽ സർക്കാർ ഇതുവരെ നിയമം പാസാക്കിയിട്ടില്ല. എന്നാൽ, ഗസ്സയിൽ വംശഹത്യ നടത്താൻ 12,000 അധിക സൈനികരെ ഐ.ഡി.എഫ് ആവശ്യപ്പെട്ടതോടെയാണ് നിർബന്ധിത സേവനത്തിന് ഹരേദികളോട് ആവശ്യപ്പെട്ടത്. ഇതാണ് അറസ്റ്റിലും പ്രതിഷേധത്തിലും കലാശിച്ചത്.

Show Full Article
TAGS:IDF Gaza Genocide Kerala Sudesh M Raghu 
News Summary - sudesh m raghu about 279 IDF soldiers attempted suicide since start of 2024
Next Story