ട്രംപിനോട് രാഷ്ട്രീയ നിലപാട് പറയാൻ മംദാനി മടിച്ചില്ല; എന്നാൽ, മോദിയോട് പറയാൻ പിണറായി മടിച്ചു -താരാ ടോജോ അലക്സ്
text_fieldsസൊഹ്റാൻ മംദാനി, പിണറായി വിജയൻ
കോഴിക്കോട്: ട്രംപിന്‍റെ വെല്ലുവിളിയെ കരുത്തോടെ നേരിട്ട് ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയ സൊഹ്റാൻ മംദാനിയെയും കേന്ദ്ര സർക്കാറിന്‍റെ ഭീഷണിയിൽ പി.എം ശ്രീയിൽ ഒപ്പുവെച്ച മുഖ്യമന്ത്രി പിണറായി വിജയനെയും താരതമ്യം ചെയ്ത് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ താരാ ടോജോ അലക്സ്.
1,000 കോടിയുടെ ഫണ്ട് തടയുമെന്ന് കേട്ടപ്പോൾ കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുന്ന പി.എം ശ്രീയിൽ ഒപ്പുവെച്ച് പിണറായി വിജയനും വി. ശിവൻ കുട്ടിയും ഒരുമിച്ചു നരേന്ദ്ര മോദിക്ക് അടിമപ്പണി ചെയ്യാൻ മുന്നിട്ടിറങ്ങിയെന്ന് താരാ ഫേസ്ബുക്കിൽ കുറിച്ചു. പി.എം ശ്രീയിൽ ഒപ്പിട്ടത് പണം കിട്ടാനാണെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഒരു നാണവുമില്ലാതെ പറഞ്ഞത് കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടതെന്നും താരാ വ്യക്തമാക്കി.
സ്വാതന്ത്ര്യം നേടിയതിനു ശേഷം ഇന്ത്യ മുന്നിൽ രണ്ട് വ്യത്യസ്ത ആശയങ്ങൾ ഉണ്ടായിരുന്നു. ഒരു വശത്ത് ജവഹർലാൽ നെഹ്റുവിന്റെ ജനാധിപത്യ സോഷ്യലിസം. മറ്റൊരു വശത്ത് മാർക്സും ലെനിനും പ്രചോദനമായ കമ്മ്യൂണിസം.
ഇന്ത്യ തെരഞ്ഞെടുത്തത് ജനാധിപത്യ സോഷ്യലിസത്തിന്റെ പാതയായിരുന്നു. ജനങ്ങളുടെ സമ്മതത്തിലും പങ്കാളിത്തത്തിലും സ്വാതന്ത്ര്യത്തിലും വളരുന്ന ഒരു സാമൂഹിക നീതിയുള്ള രാഷ്ട്രം -താരാ എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
താരാ ടോജോ അലക്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും,
ഒരു കേരള കമ്മ്യൂണിസ്റ്റും തമ്മിലുള്ള വ്യത്യാസം..
സൊഹ്റാൻ മാംദാനി ന്യൂ യോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ന്യൂയോർക്കിന് നൽകേണ്ടുന്ന ഫെഡറൽ ഫണ്ടുകൾ തടയും എന്നായിരുന്നു ഡോണൾഡ് ട്രമ്പ് ഭീഷണി മുഴക്കിയിരുന്നത്.
ന്യൂയോർക്ക്സ് സ്റ്റേറ്റ് കംട്രോളർ ഓഫീസ് പ്രകാരം, 2026 സാമ്പത്തിക വർഷത്തിൽ നഗരം ഏകദേശം 7.4 ബില്യൺ യുഎസ് ഡോളർ ഫെഡറൽ ഫണ്ടിംഗ് പ്രതീക്ഷിച്ചിരുന്നു. (ഏകദേശം
65, 600 കോടി ഇന്ത്യൻ രൂപ).
ഇത് നഗരത്തിന്റെ ആകെ ചെലവിന്റെ ഏകദേശം 6.4 ശതമാനമാണ്.
തിരഞ്ഞെടുപ്പിൽ ഉടനീളം സൊഹ്റാൻ മാംദാനി അമേരിക്കൻ പ്രസിഡന്റ് ഉയർത്തിയ ഭീഷണിയെ പുച്ഛിച്ചു തള്ളുകയായിരുന്നു.
തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ നിലപാട് ട്രമ്പിന്റെ മുഖത്തടിച്ചത് പോലെ പറയാൻ മംദാനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.
ഡെമോക്രാറ്റുകൾക്കൊപ്പം തന്നെ റിപബ്ലിക്കൻസിന്റെ വലിയ പിന്തുണക്ക് പുറമെ മറ്റ് വോട്ടുകൾ കൂടെ നേടി മംദാനി വിജയിച്ചു.
അത് നിലപാടിന്റെ വിജയമാണ്.
തല ഉയർത്തി പിടിച്ചു നേടിയ വിജയം ആണ്.
അതേ സമയം വെറും 1000 കോടിയിൽ താഴെ SSA ഫണ്ട് തടയും എന്ന് കേട്ടപ്പോൾ കേരളത്തിൻ്റെ വിദ്യാഭ്യാമേഖലയിൽ ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന പി എം ശ്രീ പദ്ധതിയിൽ ഒപ്പു വെച്ച് കൊണ്ട് സഖാവ് പിണറായി വിജയനും സഖാവ് ശിവൻ കുട്ടിയും ഒരുമിച്ചു തന്നെ നരേന്ദ്ര മോദിക്ക് അടിമപ്പണി ചെയ്യാൻ മുന്നിട്ടിറങ്ങി.
പി എം ശ്രീയിൽ ഒപ്പിട്ടത് പണം കിട്ടാൻ ആണെന്ന് ഒരു നാണവും ഇല്ലാതെ പറയാൻ പോലും ഇവർ തയ്യാറായത് കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടത്.
ചരിത്രം പഠിക്കുമ്പോൾ,
സ്വാതന്ത്ര്യം നേടിയതിനു ശേഷം ഇന്ത്യ മുന്നിൽ രണ്ട് വ്യത്യസ്ത ആശയങ്ങൾ ഉണ്ടായിരുന്നു..
ഒരു വശത്ത് ജവഹർലാൽ നെഹ്റുവിന്റെ ജനാധിപത്യ സോഷ്യലിസം (Democratic Socialism),
മറ്റൊരു വശത്ത് മാർക്സും ലെനിനും പ്രചോദനമായ കമ്മ്യൂണിസം.
ഇന്ത്യ തെരഞ്ഞെടുത്തത് ജനാധിപത്യ സോഷ്യലിസത്തിന്റെ പാതയായിരുന്നു — ജനങ്ങളുടെ സമ്മതത്തിലും പങ്കാളിത്തത്തിലും സ്വാതന്ത്ര്യത്തിലും വളരുന്ന ഒരു സാമൂഹിക നീതിയുള്ള രാഷ്ട്രം.
സൊഹ്റാൻ മാംദാനി തന്റെ വിജയപ്രസംഗത്തിൽ ജനാധിപത്യ സോഷ്യലിസ്റ്റായി സ്വയം അടയാളപ്പെടുത്തുകയും,
ജവഹർലാൽ നെഹ്റുവിൻറെ ലോകപ്രസിദ്ധ സ്വാതന്ത്ര്യദിന പ്രസംഗമായ "Tryst with Destiny" യിലെ അതിപ്രധാന ഏടുകൾ ഉദ്ധരിക്കുകയും ,
മോദിയും നെതന്യാഹുവും നയിക്കുന്ന അധികാരാധിഷ്ഠിത, വിഭജനപരമായ, ഭേദപേരിട്ട നടപടികൾ മോഡി, വർഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തെ പരസ്യമായി നഖശികാന്തം എതിർത്തുകൊണ്ട്, അന്താരാഷ്ട്ര മനുഷ്യാവകാശവും സാമൂഹിക നീതിയും ഉയർത്തിപ്പിടിക്കുമ്പോൾ...
അദ്ദേഹം നെഹ്റുവിന്റെ ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങൾ, നയങ്ങൾ, സിദ്ധാന്തങ്ങൾ, ജനാധിപരമായ പങ്കാളിത്തം, സാമൂഹിക ക്ഷേമം, വൈവിധ്യ ബഹുമാനം, പ്രായോഗിക പരിഷ്‌കരണം എന്നിവയെ മാർഗദർശനമാക്കി, ജനാധിപത്യ സോഷ്യലിസത്തിന്റെയും നീതിയുടെയും മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ള തന്റെ രാഷ്ട്രീയ ദർശനം, നയങ്ങൾ, പ്രവർത്തനരീതി രൂപപ്പെടുത്തിയിട്ടുണ്ട് എന്നതിൽ സംശയമില്ല.


