കേരളത്തെ മതപരമായി വിഭജിച്ച ‘തീവ്രവാദികളുടെ അപ്പോസ്തലൻ’ എന്ന നിലക്കാണ് ചരിത്രത്തിൽ പിണറായിയുടെ പേര് രേഖപ്പെടുത്തേണ്ടത് - താരാ ടോജോ അലക്സ്
text_fieldsപിണറായി വിജയൻ, താരാ ടോജോ അലക്സ്
കോഴിക്കോട്: കാസ, ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ താരാ ടോജോ അലക്സ്. കേരളത്തെ മതപരമായി വിഭജിച്ച ‘തീവ്രവാദികളുടെ അപ്പോസ്തലൻ’ എന്ന നിലക്കാണ് ചരിത്രത്തിൽ പിണറായിയുടെ പേര് രേഖപ്പെടുത്തേണ്ടതെന്ന് താരാ ഫേസ്ബുക്കിൽ കുറിച്ചു
ഒരിക്കൽ പോലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ വിഷപ്രചാരണങ്ങളെ കൃത്യസമയത്ത് എതിർത്ത് സംസാരിക്കുകയോ ഏതെങ്കിലും ഒരു നടപടികൾക്ക് നിർദേശം നൽകുകയോ ചെയ്തതിട്ടില്ല. ഇത്തരം സംഘടനകൾ ഉന്നയിച്ചു കൊണ്ടിരുന്ന പല വിഷയങ്ങളും പരമാവധി ആളിക്കത്തിക്കത്തക്കവണ്ണം നിശബ്ദത പാലിക്കുകയാണ് ചെയ്തെന്ന് താരാ ടോജോ അലക്സ് എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
താര ടോജോ അലക്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
തീവ്രവാദ സംഘടനയായ കാസയും ആർഎസ്എസുമായി ബന്ധമുണ്ടെന്നും അവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആവശ്യപ്പെട്ടത്രേ....
2020 സെപ്റ്റംബർ/ ഒക്ടോബർ മുതലാണ്, കാസ എന്ന ഭീകരവാദികളുടെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷപ്രയോഗങ്ങളും പ്രചാരണങ്ങളും ആദ്യമായി അരങ്ങേറുന്നത്
അവർ ആദ്യം വിഷം വമിപ്പിച്ച് തുടങ്ങിയത് മുസ്ലീങ്ങൾ അടുത്ത ഏതാനും വർഷങ്ങൾ കൊണ്ട് സംസ്ഥാനത്തെ ജനതയുടെ പകുതിയോളം എത്തുമെന്നും അവർ അങ്ങനെ കേരളത്തിന്റെ അധികാരം എന്നെന്നേക്കുമായി കയ്യാളും എന്നുമായിരുന്നു.
തുടർന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി , ജസ്നയുടെ തിരോധാനം, 80: 20 സ്കോളർഷിപ്പ് വിവാദം, ക്രിസ്ത്യാനികളുടെ വസ്തുവകകൾ "ഭൂമി-ജിഹാദ്" നടത്തി വാങ്ങിച്ചു
കൂട്ടുന്നു..
മദ്രസ അധ്യാപകർക്ക് സർക്കാർ പണം ഉപയോഗിച്ച് പെൻഷൻ നൽകുന്നു....
ലവ് ജിഹാദ് ....
നാർക്കോട്ടിക് ജിഹാദ്.....
തുടങ്ങിയ പച്ചക്കള്ളങ്ങൾ മലയാളികളുള്ള നാടുകളിൽ എല്ലാം പ്രചരിപ്പിച്ചു.
ഒരിക്കൽ പോലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ഇവരുടെ വിഷപ്രചാരണങ്ങളെ കൃത്യസമയത്ത് തന്നെ എതിർത്ത് സംസാരിക്കുകയോ ഏതെങ്കിലും ഒരു നടപടികൾക്ക് നിർദ്ദേശം നൽകുകയോ ചെയ്തതായി കണ്ടിട്ടില്ല.
ഈ വിഷ-സംഘടന ഇന്നേവരെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടുള്ള എല്ലാ പോസ്റ്റുകളും കണ്ടെന്റുകളും കേരള പോലീസിന് കേസെടുക്കാവുന്ന നിലവാരത്തിലുള്ളവ തന്നെയായിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല.
പക്ഷേ കഴിഞ്ഞ അഞ്ചു വർഷങ്ങളായി എൽഡിഎഫ് സർക്കാർ ഇതിനെതിരെ ചെറുവിരൽ അനക്കിയിട്ടില്ല.
അവിടെയാണ് ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണക്കള്ളക്കടത്ത് നടത്തിയതിനെ കുറിച്ച് സ്വപ്നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾക്കെതിരെ കേസെടുത്ത് "കലാപാഹ്വാനം" എന്നൊരു വകുപ്പ് തന്നെ ഈ സർക്കാർ കണ്ടുപിടിച്ചത്.
രസകരമായ വസ്തുത എന്താണെന്ന് വച്ചാൽ, വക്കഫ് ബില്ല് ഉടൻ പാസാക്കിയില്ലെങ്കിൽ ഈ നാട്ടിലെ ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ഭൂമിയെല്ലാം, മുസ്ലിങ്ങൾ പിടിച്ചെടുക്കും എന്നു പറഞ്ഞ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയെ ഭീഷിണിപ്പെടുത്തി സമ്മർദ്ദത്തിൽ ആക്കാൻ ശ്രമിച്ചെങ്കിലും,
ബില്ല് പാസായതോടെ പല്ലും നഖവും കൊഴിഞ്ഞ് ഇനി എന്ത് ചെയ്യണം എന്നറിയാൻ വയ്യാതെ നിൽക്കുന്ന അവസ്ഥയിലായിരുന്നു പ്രമുഖ തീവ്രവാദ സംഘടന.
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം നടത്തി എന്ന കള്ള കേസിൽ അറസ്റ്റ് ചെയ്തതിനെ തുടർന്ന്, സംഘപരിവാർ സംഘടനകൾക്കെതിരെ വിശ്വാസ സമൂഹം ഒറ്റക്കെട്ടായി നിലയുറപ്പിച്ചപ്പോൾ തന്നെ,
കാസയും, അവർക്ക് ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നൽകിയിരുന്നവരും ഏതാണ്ട് മൃത പ്രായാവസ്ഥയിൽ എത്തിക്കഴിഞ്ഞിരുന്നു.
അപ്പോഴാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി , കാസയും ആർഎസ്എസും തമ്മിൽ ബന്ധമുണ്ട് എന്നുള്ള വെളിപാടും കൊണ്ടിപ്പോൾ വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ പലപ്പോഴും ഇത്തരം സംഘടനകളെ കുറിച്ച് പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്നുമാത്രമല്ല, അവർ ഉന്നയിച്ചുകൊണ്ടിരുന്ന പല വിഷയങ്ങളും പരമാവധി ആളിക്കത്തിക്കത്തക്കവണ്ണം നിശബ്ദത പാലിക്കുകയും ചെയ്തിരുന്നു എന്നുള്ളതാണ് ശ്രദ്ധേയം.
80:20 സ്കോളർഷിപ്പ് വിവാദങ്ങളും , മുസ്ലിം മദ്രസ അധ്യാപകർക്ക് സർക്കാരിൽ നിന്നും പെൻഷൻ കൊടുക്കുന്നു എന്നുള്ള ആരോപണങ്ങളും, വഖഫ് ബില്ലിനെ സംബന്ധിച്ചും മുഖ്യമന്ത്രി കൃത്യസമയത്ത് ഇടപെട്ട് , വിശദീകരണങ്ങൾ നൽകുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കലാപ ആഹ്വാനത്തിന് കേസ് എടുക്കുമെന്നും, വേണമെങ്കിൽ കർശനമായ പ്രസ്താവനകൾ നടത്താമായിരുന്നു... നടപടികൾ എടുക്കാമായിരുന്നു...
...... അന്നത് ചെയ്തില്ല... ഇന്നിത് വരെ ചെയ്തിട്ടുമില്ല...
"നിങ്ങളുടെ വിദ്വേഷപ്രചാരണം ഈ നാട്ടിൽ അനുവദിക്കുകയില്ല" എന്ന് ഒരിക്കൽപോലും... എന്തിന് ഇപ്പോൾ പോലും അദ്ദേഹം പറയുന്നില്ല എന്നുള്ളതാണ് വാസ്തവം.
പ്രധാനപ്പെട്ട വസ്തുത എന്താണെന്ന് വച്ചാൽ പിണറായി വിജയന്റെ ഒന്നാം ഭരണത്തിൽ ഹിന്ദുക്കൾക്കിടയിൽ രഹസ്യമായിട്ട് ക്രിസ്ത്യാനികൾക്കെതിരെയും മുസ്ലിങ്ങൾക്കെതിരെയും വിദ്വേഷ പ്രചാരണം നടത്തി.
രണ്ടാം ഭരണത്തിൽ കാസക്ക് വളമിട്ടുകൊടുത്ത് ക്രിസ്ത്യാനികൾക്കിടയിൽ, മുസ്ലീങ്ങൾക്കെതിരെ പ്രചാരണം നടത്തി.
കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഇതുപോലെ ജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമം നടന്ന, ഇത്രമേൽ മനുഷ്യർ തമ്മിൽ മതപരമായി വിഭജനം നടന്ന ഒരു കാലഘട്ടമേ ഉണ്ടായിട്ടില്ല.
അത്തരം വിഷപ്രചാരകരെ... അത് സംഘപരിവാർ സംഘടനകൾ ആയിക്കോട്ടെ... ക്രിസ്ത്യൻ നാമധാരികളുടെ സംഘടനകൾ ആയിക്കോട്ടെ,
അവരെ ആരെയും അതിൽ നിന്നും തടയുന്നതിനുള്ള ഒരു ചെറിയ ശ്രമം പോലും പിണറായി വിജയന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. യഥാർത്ഥത്തിൽ കേരളത്തെ മതപരമായി വിഭജിച്ച "തീവ്രവാദികളുടെ അപ്പസ്തോലൻ" എന്ന നിലയ്ക്കാണ് തുടർന്നുള്ള ചരിത്രത്തിൽ പിണറായി വിജയന്റെ പേര് രേഖപ്പെടുത്തേണ്ടത്.