ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി; ഒരു കപ്പ് കാപ്പിക്ക് 87,000 രൂപ
text_fieldsഒരുപാട് പേർക്ക് പ്രിയപ്പെട്ട പാനീയമാണ് കാപ്പി. സാധാരണ കാപ്പി മാത്രമല്ല, ഓരോ കാപ്പി ഇനത്തിന്റെയും രുചിയിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ അറിയാനും ആസ്വദിക്കാനും അവർക്ക് താൽപ്പര്യം കാണിക്കുന്നു. കാപ്പി പ്രേമികൾക്ക് കഫേകൾ വെറും ഇരിപ്പിടങ്ങൾ മാത്രമല്ല. അവിടെയാണ് പുതിയ ബീൻസുകൾ പരിചയപ്പെടുന്നതും, കാപ്പി ഉണ്ടാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതും, പുതിയ ആളുകളുമായി ബന്ധപ്പെടുന്നതും. പലർക്കും കാപ്പി എന്നത് തിരക്കിനിടയിലെ ഒരു പാനീയമല്ല, മറിച്ച് ദിവസം ആരംഭിക്കുന്നതിനുള്ള ഒരു സ്റ്റാർട്ടർ കൂടിയാണ്. കാപ്പി ഉണ്ടാക്കുന്ന പ്രക്രിയ പോലും അവർക്ക് സന്തോഷം നൽകുന്നു.
കാപ്പിയെ ഒരു ആഡംബര പാനീയമായി ഉയർത്തിക്കൊണ്ട്, ദുബായിലെ 'ജൂലിത്ത്' എന്ന കഫേ ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയെന്ന് കരുതുന്ന ഒരു കപ്പ് കാപ്പി വിൽപ്പനക്ക് വെച്ചു. ഈ കാപ്പിയുടെ ഏകദേശ വില ഒരു കപ്പിന് 87,000 രൂപയാണ്. എന്തായിരിക്കാം ഇത്രയേറെ വില ഇതിനെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം. ഉയർന്ന ഗുണനിലവാരത്തിലും പരിമിതമായ അളവിലും മാത്രം ലഭിക്കുന്ന കാപ്പിക്കുരുവാണിത്.
പനാമയിലെ ബാറു അഗ്നിപർവ്വതത്തിന് സമീപം കൃഷി ചെയ്യുന്ന അത്യപൂർവമായ നീഡോ 7 ഗീഷ ബീൻസ് ഉപയോഗിച്ചാണ് ഈ കാപ്പി ഉണ്ടാക്കുന്നത്. ലോകത്താകമാനം ഏകദേശം 20 കിലോഗ്രാം നീഡോ 7 ഗീഷ ബീൻസ് മാത്രമാണ് നിലവിലുള്ളത്. ഈ മുഴുവൻ ശേഖരവും ജൂലിത്ത് കഫേ ഏകദേശം 5.3 കോടി രൂപ (AED 2.2 മില്യൺ) നൽകി ലേലത്തിൽ വാങ്ങി. ഈ ബീൻസിന് മുല്ലപ്പൂവ്, സിട്രസ്, തേൻ, കല്ല് പഴങ്ങൾ എന്നിവയുടെ സ്വാദുകൾ ഉള്ളതായി രുചി വിദഗ്ധർ പറയുന്നു.
കഫേ ഇത് 'പനാമ ഗീഷ എക്സ്പീരിയൻസ്' എന്ന പേരിലാണ് അവതരിപ്പിക്കുന്നത്. പഞ്ചസാരയോ പാലോ ചേർക്കാതെയാണ് ഇത് വിളമ്പുന്നത്. ബീൻസിന്റെ കഥ കേട്ടും അതിന്റെ ശുദ്ധമായ രുചി ആസ്വദിച്ചുമാണ് ഇത് കുടിക്കേണ്ടത്. ഏകദേശം 400 കപ്പ് കോഫി വിതരണം ചെയ്യാനാണ് തങ്ങളുടെ പദ്ധതിയെന്നും കഫേ സഹസ്ഥാപകനായ സെർകാൻ സാഗ്സോസ് വ്യക്തമാക്കി. ഇതോടെ ലോകത്തിലെ ഏറ്റവും വിലകൂടിയ കോഫി എന്ന പദവിയും ‘പനാമൻ ഗെയ്ഷ ബീൻസ്’ ഉപയോഗിച്ചുള്ള കാപ്പിയെ ത്തേടിയെത്തി. ഏറ്റവും വിലയേറിയ ഒരു കപ്പ് കാപ്പിയുടെ ഗിന്നസ് റെക്കോർഡും കഴിഞ്ഞ മാസം ജൂലിത്ത് സ്വന്തമാക്കി.


