Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightദമ്പതികൾക്ക് എ.സി...

ദമ്പതികൾക്ക് എ.സി കോച്ചിൽ മണിയറ: ടി.ടി.ഇക്ക് സസ്പെൻഷൻ, അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

text_fields
bookmark_border
train
cancel

മുംബൈ: നന്ദിഗ്രാം എക്‌സ്‌പ്രസിലെ ഫസ്റ്റ് ക്ലാസ് എ.സി കാബിൻ ബലൂണുകളും പൂക്കളും റോസാദളങ്ങളും ഉപയോഗിച്ച് അലങ്കരിച്ച് 'ഹണിമൂൺ കോച്ച്' ആക്കി മാറ്റിയ സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സൗത്ത് സെൻട്രൽ റെയിൽവേ നടപടിയെടുത്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. ട്രെയിനിൽ ടിക്കറ്റില്ലാതെ പ്രവേശിച്ചതിനും അതിക്രമിച്ചു കയറിയതിനും റെയിൽവേ ആക്ട് പ്രകാരം സ്വകാര്യ ഡെക്കറേറ്റർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

‘ജൂലൈ 6ന് ട്രെയിൻ നമ്പർ 11002 നന്ദിഗ്രാം എക്‌സ്‌പ്രസിൽ യാത്ര ചെയ്ത ഒരു ദമ്പതികൾ, തങ്ങളുടെ ഫസ്റ്റ് എസി കൂപ്പെ അലങ്കരിക്കാൻ ഓൺലൈൻ വഴി ഒരു സ്വകാര്യ ഡെക്കറേറ്ററെ ഏർപ്പാടാക്കിയിരുന്നു. ജൽന സ്റ്റേഷനിൽ വെച്ച് ഈ ഡെക്കറേറ്റർ റെയിൽവേയുടെ അനുമതിയില്ലാതെ കോച്ചിനുള്ളിൽ പ്രവേശിച്ചത് ഗുരുതരമായ നിയമലംഘനമാണ്. ഇതിന് ഉത്തരവാദിയായ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യുകയും വിശദമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്’ സംഭവത്തെക്കുറിച്ച് സൗത്ത് സെൻട്രൽ റെയിൽവേ എക്‌സിൽഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

ട്രെയിൻ സർവീസ് നടത്തുന്നതിനിടയിലാണ് ഫസ്റ്റ് എസി കാബിൻ പൂർണ്ണമായും ഒരു ഹണിമൂൺ സ്യൂട്ട് പോലെ മാറ്റിയെടുത്തത്. മുകളിലെ ബർത്ത് മടക്കിവെച്ച് അതിൽ റോസാദളങ്ങൾ കൊണ്ട് "I Love You" എന്ന് എഴുതിയിരുന്നു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന 'രഹത് റൂം ഡെക്കറേഷൻ' എന്ന സ്ഥാപനമാണ് വിഡിയോ ആദ്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിവാദം ഉണ്ടായതോടെ ഇവർ വീഡിയോ ഡിലീറ്റ് ചെയ്തു.

ജൽനയിൽ നിന്നുള്ള പുതുമണവാളനും മണവാട്ടിക്കും വേണ്ടിയാണ് ഈ സപ്രൈസ് ഒരുക്കിയത്. ദമ്പതികൾ ഔറംഗബാദിൽ നിന്ന് കാർ മാർഗ്ഗം ജൽന റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന സമയത്തിനുള്ളിൽ ഡെക്കറേറ്റർമാരുടെ സംഘം ട്രെയിൻ മുറി മുൻകൂട്ടി അലങ്കരിക്കുകയായിരുന്നു. ഇതിനുശേഷമാണ് ദമ്പതികൾ ചെന്നൈയിലേക്കുള്ള ഈ ട്രെയിനിൽ കയറിയത്. ഇത് അനധികൃതമായാണ്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി കണക്കാക്കുന്നുവെന്നും സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ടിക്കറ്റ് ചെക്കറായ ഗിരീഷ് കുമാറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് റിയിൽവേ അറിയിച്ചു.

സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടനടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ വ്യക്തമാക്കി. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി റെയിൽവേയുടെ നടപടിയെ അനുകൂലിച്ചും, പണം കൊടുത്തു ബുക്ക് ചെയ്ത കാബിനിൽ യാത്രക്കാർക്ക് ഇത്തരം അലങ്കാരങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് വാദിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Show Full Article
TAGS:train coach decoration TTE suspention social media viral Security Lapse 
News Summary - Train Cabin Turned 'Honeymoon Suite'; TTE Suspended
Next Story