'നിന്റെ അമ്മ മരിച്ചോ? എല്ലാവരുടെയും അമ്മയും മരിക്കും, അതിത്ര നാടകീയമാക്കണോ?'; സോണൽ ഹെഡിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ കുറിച്ച് യു.സി.ഒ ബാങ്ക് ഉദ്യോഗസ്ഥന്റെ ഇ-മെയിൽ വൈറൽ
text_fieldsതൊഴിലിടത്തിലെ അസമത്വത്തെ കുറിച്ചുള്ള യു.സി.ഒ ബാങ്ക് ജീവനക്കാരന്റെ ഇ-മെയിൽ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. യു.സി.ഒ ബാങ്ക് ചെന്നൈ സോണിലെ ജീവനക്കാരനാണ് ഇ-മെയിൽ പങ്കുവെച്ചത്. തങ്ങളെയൊക്കെ പ്രഫഷനലുകളായി കാണുന്നതിന് പകരം സേവകരായാണ് കണക്കാക്കുന്നതെന്നും പരാതിയുണ്ട്. ചെന്നൈ സോണൽ ഹെഡ് സ്വേച്ഛാധിപത്യപരമായ ഒരു തൊഴിലിട സംസ്കാരം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും ജീവനക്കാരൻ ആരോപിച്ചു. ബാങ്കിന്റെ ഉന്നത മാനേജ്മെന്റിനെയാണ് ഇമെയിലിൽ അഭിസംബോധന ചെയ്തിരിക്കുന്നത്.
ആർ.എസ്. അജിത്ത് എന്നാണ് ഇതിൽ ഹെഡിന്റെ പേരെന്നും പറയുന്നുണ്ട്. അജിത്ത് ഭയത്തിന്റെയും അടിച്ചമർത്തലിന്റെയും അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. വ്യക്തിപരമായ പ്രതിസന്ധികളിലും കുടുംബ അടിയന്തര സാഹചര്യങ്ങളിലും ജീവനക്കാർക്ക് അവധി നിഷേധിക്കുകയാണ് മേലുദ്യോഗസ്ഥൻ. അമ്മയുടെ മരണത്തെത്തുടർന്ന് ഒരു ജീവനക്കാരൻ അവധിക്ക് അപേക്ഷ നൽകിയപ്പോൾ നിരസിക്കുകയാണ് ചെയ്തത് എന്നും മെയിലിൽ സൂചിപ്പിച്ചിട്ടുണ്ട്. ഒരു വയസുള്ള മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശുപത്രി വിട്ട് ഉടൻ ഓഫിസിലെത്താനാണ് ബ്രാഞ്ച് മേധാവി തനിക്ക് നൽകിയ നിർദേശമെന്നും ജീവനക്കാരൻ ആരോപിച്ചു. ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാനായി അവധി ചോദിച്ചപ്പോഴും അപമാനിക്കുകയായിരുന്നുവെന്ന് മറ്റൊരു ജീവനക്കാരൻ സൂചിപ്പിച്ചു.
അമ്മ മരിച്ചു; എല്ലാവരുടെയും അമ്മ മരിക്കും, ഇങ്ങനെ നാടകീയമായി പെരുമാറരുത്, കുട്ടി ഐ.സി.യുവിലാണോ, നീ ഒരു ഡോക്ടറാണോ ഒന്നുകിൽ ഓഫിസിലേക്ക് വരൂ...അല്ലെങ്കിൽ ലോസ് ഓഫ് പെ എടുക്കൂ...എന്നൊക്കെയാണ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നത്.
ഒരു സോണൽ ഹെഡ് ഇങ്ങനെയാണോ ജീവനക്കാരോട് പെരുമാറേണ്ടത് എന്നും മെയിലിൽ ചോദിക്കുന്നുണ്ട്. ഇയാളുടെ കീഴിൽ ജോലി ചെയ്യുന്നത് വൈകാരിക പീഡനവും ക്രൂരതയുമാണ്. ഇത്തരത്തിൽ സ്വന്തം ജീവനക്കാരെ തകർക്കുന്ന വിഷലിപ്തമായ അധികാര സംവിധാനത്തെക്കുറിച്ച് ലജ്ജ തോന്നുന്നുവെന്നും കുറിപ്പിലുണ്ട്.
ഇമെയിലിന്റെ കുറിപ്പിന്റെ സ്ക്രീൻ ഷോട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ധനകാര്യ മന്ത്രാലയം എന്നിവയെ അടക്കം ടാഗ് ചെയ്താണ് നെറ്റിസൺസ് പ്രചരിപ്പിക്കുന്നത്.