ജനാധിപത്യത്തിൽ മസിലിനാണ് പ്രാധാന്യമെങ്കിൽ റോണി കോൾമാൻ എന്നേ അമേരിക്കൻ പ്രസിഡന്റ് ആകുമായിരുന്നു; ആർഷോ-പ്രശാന്ത് സംഘർഷത്തിൽ വി. ശിവൻകുട്ടി
text_fieldsവി. ശിവൻകുട്ടി
തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനുമായി നടന്ന ചർച്ചക്കിടെ ഉണ്ടായ കൈയാങ്കളിയിൽ പ്രതികരണവുമായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രശാന്ത് ശിവനെ പരിഹസിച്ച് മന്ത്രി രംഗത്തു വന്നത്.
രാഷ്ട്രീയത്തിൽ ശാരീരിക ബലത്തിന് സ്ഥാനമില്ലെന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രശസ്ത പ്രഫഷനൽ ബോഡി ബിൽഡറായ റോണി കോൾമാന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്.''ജനാധിപത്യത്തിൽ മസിലിനാണ് പ്രാധാന്യമെങ്കിൽ റോണി കോൾമാൻ എന്നേ അമേരിക്കൻ പ്രസിഡന്റ് ആകുമായിരുന്നു. പാലക്കാട് നിന്നുള്ള വാർത്ത കണ്ടപ്പോൾ പറഞ്ഞതാണ്''-എന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസ പോസ്റ്റ്.
ചാനൽ സംവാദത്തിനിടെ, സി.പി.എം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന് പ്രശാന്ത് ശിവൻ വെല്ലുവിളിച്ചിരുന്നു. അതിനു പിന്നാലെ നേതാക്കൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. അത് പിന്നീട് സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുള്ള സംഘർഷമായി മാറി. പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ചാണ് സി.പി.എം പ്രവർത്തകർ എഴുന്നേറ്റതോടെ ബി.ജെ.പി പ്രവർത്തകരും സംഘടിച്ചെത്തി.
പിന്നീട് പോലീസ് ഇടപെട്ടാണ് പ്രവർത്തകരെ പിടിച്ചു മാറ്റിയത്.
സംഭവത്തിന് പിന്നാലെ പ്രശാന്ത് ശിവനെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് ആർഷോ ഫേസ്ബുക്കിൽ കുറിപ്പിട്ടു. ''ചാണകത്തിൽ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്''-എന്നായിരുന്നു കുറിപ്പ്.


