യുവതിയെ കഴുത്തറുത്ത് കൊല്ലുന്ന വിഡിയോ, കേരളത്തിലെ ലവ് ജിഹാദ് ഇരയെന്ന് പ്രചാരണം; സത്യം പുറത്തുവിട്ട് ആൾട്ട് ന്യൂസ്
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ പുറത്തുവിട്ട് വസ്തുതാന്വേഷണ പോർട്ടലായ ആൾട്ട് ന്യൂസ്. ഏതാനും പുരുഷന്മാർ ചേർന്ന് ഒരു സ്ത്രീയെ കഴുത്തറുത്ത് കൊല്ലുന്നതാണ് ദൃശ്യം. കേരളത്തിലെ 'ലവ് ജിഹാദ്' ഇരയാണിത് എന്ന പേരിലാണ് സംഘ്പരിവാർ അനുകൂല ഹാൻഡിലുകൾ ഈ വിഡിയോ പ്രചരിപ്പിക്കുന്നത്.
വീഡിയോയുടെ ആധികാരികത പരിശോധിച്ച ആൾട്ട് ന്യൂസ്, ഇതേ വിഡിയോ 2019ലും വൈറലായിരുന്നതായി കണ്ടെത്തി. രാജസ്ഥാനിൽ നിന്നുള്ള ഹിന്ദു പെൺകുട്ടിയെ മുസ്‍ലിം സമുദായത്തിൽ പെട്ടയാൾ കൊലപ്പെടുത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് അന്ന് ഈ വിഡിയോ പ്രചരിച്ചത്.
"രാജസ്ഥാനിൽ നിന്നുള്ള ഹിന്ദു പെൺകുട്ടിയെ ചില മുസ്‍ലിം യുവാക്കൾ അവരുടെ വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു, തുടർന്ന് ക്രൂരമായി കൊലപ്പെടുത്തി. അവർ താമസിക്കുന്ന സ്ഥലത്ത് ഭൂരിപക്ഷവും മുസ്‍ലിംകളാണ്. സർക്കാർ എവിടെ? ‘ബേട്ടി ബച്ചാവോ’ എന്ന മുദ്രാവാക്യം ഉയർത്തുന്നവർ എവിടെ? ഈ വിഡിയോയുടെ ഇരകളുടെ ശബ്ദം മാധ്യമങ്ങളിലും സർക്കാരിലും എത്തുന്ന തരത്തിൽ പ്രചരിപ്പിക്കാൻ ഞാൻ നിങ്ങളോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നു. കാരണം, ഇത് നാളെ നിങ്ങൾക്കും സംഭവിക്കാം, അവളുടെ സ്ഥാനത്ത് നിങ്ങളുടെ സഹോദരിയെ സങ്കൽപിച്ച്, അത്തരം ആളുകളെ എന്തുചെയ്യണമെന്ന് ആലോചിക്കൂ? ഈ വിഡിയോ എല്ലാ ഗ്രൂപ്പിലും കാണിക്കണമെന്ന് ഞാൻ നിങ്ങളോട് കൈകൾ കൂപ്പി അഭ്യർഥിക്കുന്നു, അങ്ങനെ ഇന്ത്യയിലെ എല്ലാ ജനങ്ങളും ഈ ശബ്ദം കേൾക്കും’ -എന്നായിരുന്നു അന്ന് ഇതിനൊപ്പമുള്ള കുറിപ്പ്. ട്വിറ്ററിൽ നിരവധി വ്യക്തികൾ സമാനമായ വിവരണത്തോടെ വീഡിയോ പങ്കുവെച്ചിരുന്നു.
നേരത്തെ, മലേഷ്യൻ മാധ്യമമായ ‘ന്യൂ സ്ട്രെയിറ്റ്സ് ടൈംസി’ൽ ഈ വിഡിയോ സംബന്ധിച്ച് വാർത്ത വന്നിരുന്നു. മലേഷ്യയിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെടുത്തി 2018 മാർച്ചിൽ അവിടെ ഈ വിഡിയോ വൈറലായിരുന്നു. ഇത് തെക്കേ അമേരിക്കയിൽ നടന്ന കൊലപാതകമാണ് എന്നായിരുന്നു മലേഷ്യൻ പൊലീസിന്റെ വിശദീകരണം.
ഡിജിറ്റൽ വെരിഫിക്കേഷൻ ടൂളായ ഇൻവിഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സംഭവം നടന്നത് തെക്കേ അമേരിക്കയിലെ ബ്രസീലിലാണ് എന്ന് ആൾട്ട് ന്യൂസ് കണ്ടെത്തി. 19 കാരിയായ ബ്രസീലിയൻ യുവതി ഡെബോറ ബെസ്സയെ, മയക്കുമരുന്ന് സംഘത്തിലെ അംഗമായ ആൻഡ്രെ ഡി സൂസ മാർട്ടിൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകസംഘത്തിനെതിരെ മുമ്പ് നടന്ന അക്രമത്തിൽ ഡെബോറ പങ്കെടുത്തതായി സൂചനയുണ്ടെന്നും അതിനുള്ള പ്രതികാരമായാണ് കൊലപാതകമെന്നും പൊതു സുരക്ഷാ സെക്രട്ടറി എമിൽസൺ ഫാരിയാസിനെ ഉദ്ധരിച്ച് വാർത്തകൾ ഉണ്ടായിരുന്നു.


