സ്ഫടികം ജോർജിനൊപ്പമുള്ള സെൽഫി പങ്കുവെച്ചതിന് യുവതിക്ക് നേരെ സൈബർ ആക്രമണം, വ്യാജമെന്നും ആരോപണം, യുവതിയെ ആശ്വസിപ്പിച്ച് നടൻ
text_fieldsസ്ഫടികം ജോർജിനൊപ്പമുള്ള സെൽഫി ചിത്രം പങ്കുവച്ച റഫീല റസാഖ് എന്ന യുവതിക്കെതിരെ സൈബർ ആക്രമണം. നടന്റെ ചിത്രം വ്യാജമായി നിർമിച്ച് പങ്കുവെച്ചെന്ന് ആരോപിച്ചാണ് റഫീലക്കെതിരെ ചിലരെത്തിയത് എങ്കിൽ ചിലർ നടന്റെ മെലിഞ്ഞ രൂപത്തെ പരിഹസിച്ചാണ് സോഷ്യൽ മീഡിയയിൽ ചിലരെത്തിയത്.
വിമർശനം സഹിക്കായതായതോടെ സ്ഫടികം ജോർജ് തനിക്ക് നേരിട്ട് അയച്ച മെസേജിന്റെ സ്ക്രീൻഷോട്ടുകൾ യുവതി പോസ്റ്റ് ചെയ്തു. താൻ തന്നെയാണ് ചിത്രത്തിലുള്ളതെന്നും ചികിത്സയുടെ ഭാഗമായി ഭാരം കുറച്ചതാണെന്നും സ്ഫടികം ജോർജ് റഫീലയോട് പറയുന്ന സ്ക്രീൻ ഷോട്ടാണ് പങ്കുവെച്ചത്. സാരമില്ലെന്ന് പറഞ്ഞ് താരം റഫീലയെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇതേക്കുറിച്ച് റഫീല ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ഇപ്പോൾ വൈറലാണ്.
ഫേസ്ബുക്ക് കുറിപ്പ്
‘സ്ഫടികത്തിലെ പൊലീസുകാരനായി അഭിനയിച്ച നടനെ അപ്രതീക്ഷിതമായി ആളൂരൊരു ബേക്കറിയിൽ വച്ച് കണ്ടപ്പോൾ ആകാംക്ഷ കൊണ്ട് വണ്ടി നിർത്തിയിറങ്ങി ഫോട്ടോയെടുത്തു. അദ്ദേഹം എന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു. എനിക്കും കൂടി ആ ഫോട്ടോകൾ പങ്കുവയ്ക്കണമെന്ന് പറഞ്ഞ് ഫോൺനമ്പറും തന്നു. ഞാൻ അത് അയച്ച് കൊടുത്തു. ദിവസവും ഗുഡ് മോണിങ് ഒക്കെ അയയ്ക്കും. ഷൂട്ടിങ് സൈറ്റിലാണെന്ന് ഒരീസം പറഞ്ഞിരുന്നു. പിന്നെ ഉമ്മ പെട്ടെന്ന് അറ്റാക്ക് വന്നു മരണപ്പെട്ടതോടെ വാട്സാപ്പ് ഉപയോഗം കുറഞ്ഞു. എന്റെ എല്ലാ സന്തോഷവും ദുഃഖവും ഒക്കെ ഫെയ്സ്ബുക്കിൽ ഇറക്കി വയ്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ഡോളർ കണ്ടിട്ട് തുടങ്ങിയതല്ല അതൊന്നും..ആളെ കണ്ട എന്റെ ആ സന്തോഷം ഞാൻ ഇവിടെ പങ്കുവച്ചപ്പോൾ അതിനടിയിൽ വന്ന പല കമന്റുകളും ഈ ഫോട്ടോ ഫേക്കാണെന്നതും പിന്നെ അശ്ലീലമായതും ഇദ്ദേഹത്തിന്റെ രൂപത്തെ പരിഹസിച്ചിട്ടുള്ളതുമാണ്. ഇദ്ദേഹത്തിനുണ്ടായ ആരോഗ്യ പ്രശ്നങ്ങളുടെ പത്തിലൊന്ന് വന്നാൽ നീയൊക്കെ കിടന്ന് പോകുകയേയുള്ളൂ. അദ്ദേഹം ഇപ്പോഴും നല്ല സ്മാർട്ടായി നടക്കുന്നുണ്ട്. പ്രായവും അസുഖങ്ങളും ഒരു മനുഷ്യന്റെ പഴയ രൂപത്തിനെ മാറ്റിക്കളഞ്ഞതിന് വരെ വൃത്തികെട്ട രീതിയിലുള്ള പ്രതികരണം ആണ്...
നിങ്ങളൊക്കെ എന്ത് തരം മനുഷ്യരാണ്. ജീവിതത്തിൽ എന്നും ചെറുപ്പമായി അസുഖങ്ങളൊന്നുമേയില്ലാതെ ജീവിച്ച് മരിച്ച് പോകുമെന്ന ആത്മവിശ്വാസം ഉള്ള എല്ലാ മക്കളും മോശമായി കമന്റിട്ട് മെഴുകിക്കോ....നിങ്ങളുടെ വീട്ടിലും ഉണ്ട് പ്രായമായ അവതാരങ്ങൾ... അവരേയും ഇങ്ങനെ തന്നെയൊക്കേ അഭിസംബോധന ചെയ്യുന്നവരോടന്ത് പറഞ്ഞിട്ടെന്താ കാര്യം....നിന്റെയൊക്കെ മോശം കമന്റുകൾക്ക് തെറി തന്നെ മറുപടി ഇട്ട് ഹൈഡാക്കി വച്ചത് ആ പാവം മനുഷ്യന് നോവരുതെന്ന് ഓർത്തിട്ടാണ്.. വലിയൊരു കലാകാരൻ ആണ്...നിന്നെ കൊണ്ടൊക്കെ ഒന്നുമാകാൻ കഴിയാതെ പോയ ഫ്രസ്ട്രേഷനൊക്കെ ഇങ്ങനെ തീർക്കുന്നത് ശരിയാണോ ഊളകളേ...ഇന്നലെ ആരോ കുത്തിപ്പൊക്കിയ പോസ്റ്റിലെ കമന്റുകൾ കണ്ട് കിളിപോയി...പറ്റാവുന്നതൊക്കേ നീക്കം ചെയ്തു..
ആയുരാരോഗ്യ സൗഖ്യത്തോടേ നീണാൾ വാഴട്ടേയെന്ന് പ്രാർഥിക്കുന്നു...നാളെ ഞാനും നീയും ഒക്കെ മെലിയാൻ ഉള്ളവരാണ്.. ആറടി മണ്ണിലേക്ക് തന്നെ മടങ്ങി പോകേണ്ടിവരുമാണ്...അത് കൊണ്ട് വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക.’