Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right‘പൂർണ്ണമായും...

‘പൂർണ്ണമായും വ്യത്യസ്തമായ ഒരു ലോകം’; ഇന്ത്യൻ വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും പ്രശംസിച്ച് സിംബാബ്‌വെ യുവാവ്

text_fields
bookmark_border
Kalumba Dwale
cancel
camera_alt

കലുംബ ദ്വാലെ

വിദേശ രാജ്യങ്ങളിൽ ഉപരിപഠനവും മെച്ചപ്പെട്ട ജീവിതവും തേടുമ്പോൾ ഭൂരിഭാഗം പേരുടെയും മനസ്സിലേക്ക് ആദ്യം വരുന്നത് അമേരിക്ക, യു.കെ, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങളായിരിക്കും. എന്നാൽ, ഈ ചിന്താഗതി തിരുത്തിക്കുറിക്കുകയാണ് സിംബാബ്‌വെയിൽ നിന്നുള്ള കലുംബ ദ്വാലെ എന്ന യുവാവ്. ഇന്ത്യയിലെ തന്റെ ജീവിതാനുഭവങ്ങളും സ്വന്തം രാജ്യവുമായുള്ള വ്യത്യാസങ്ങളും തുറന്നുകാട്ടിക്കൊണ്ട് അദ്ദേഹം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരിക്കുകയാണ്.

സിംബാബ്‌വെയിൽ സർവ്വകലാശാലകളിൽ പ്രവേശനം നേടുക എന്നത് അതികഠിനമായ മത്സരമുള്ള കാര്യമാണെന്ന് കലുംബ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇന്ത്യയിലാകട്ടെ, വിവിധ മേഖലകളിൽ കുറഞ്ഞ ചെലവിൽ ലോകോത്തര പഠനം സാധ്യമാക്കുന്ന നൂറുകണക്കിന് കോളജുകളുണ്ട്.

തങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സിംബാബ്‌വെയിലെ വിദ്യാർഥികൾ സാധാരണയായി പടിഞ്ഞാറൻ രാജ്യങ്ങളെയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ലോകമെമ്പാടുമുള്ള ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇന്ത്യയെയാണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം അത്ഭുതത്തോടെ മനസ്സിലാക്കി.

‘വിദേശത്ത് പഠിക്കുകയോ ജീവിതം കെട്ടിപ്പടുക്കുകയോ ചെയ്യുക എന്ന് കേൾക്കുമ്പോൾ യു.കെ, യു.എസ്, കാനഡ, ആസ്‌ട്രേലിയ എന്നിവയാണ് ഓർമ വരിക. എന്നാൽ ഇവിടെ താമസിച്ചപ്പോൾ വിദേശ അവസരങ്ങൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഞാൻ മനസ്സിലാക്കി’ കലുംബ തന്റെ പോസ്റ്റിൽ കുറിക്കുന്നു.

ആരോഗ്യ സംരക്ഷണ മേഖലയെക്കുറിച്ചും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമായ താരതമ്യം നടത്തുന്നുണ്ട്. സിംബാബ്‌വെയിൽ പ്രത്യേക വൈദഗ്ധ്യമുള്ള ഉന്നത വൈദ്യസഹായം ലഭിക്കുക എന്നത് ചെലവേറിയതോ വളരെ പരിമിതമോ ആണ്.

എന്നാൽ, ലോകമെമ്പാടുമുള്ള ആളുകൾ മികച്ച ചികിത്സക്കായി ആശ്രയിക്കുന്ന പ്രധാന ആഗോള കേന്ദ്രമായി ഇന്ത്യ വളർന്നിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. മെഡിക്കൽ ടൂറിസത്തിന്റെ കാര്യത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാണെന്ന യാഥാർത്ഥ്യമാണ് ഈ യുവാവ് എടുത്തുപറയുന്നത്.

സ്വന്തം രാജ്യമായ സിംബാബ്‌വെയിലെ ഭക്ഷണശീലങ്ങളും ഇന്ത്യൻ രുചികളും തമ്മിലുള്ള അന്തരം വളരെ രസകരമായാണ് അദ്ദേഹം വിവരിക്കുന്നത്. സാദ്സ, അരി, വിവിധ തരം സ്റ്റൂവുകൾ എന്നിവയാണ് സിംബാബ്‌വെയിലെ പ്രധാന ഭക്ഷണങ്ങൾ. അവിടെ എരിവെന്നു പറഞ്ഞാൽ സാധാരണയായി മുളക് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ത്യൻ പാചകകല ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തവും വിപുലവുമാണ്.

ഇന്ത്യയിൽ നിങ്ങൾക്ക് ദിവസവും തികച്ചും വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കാം, എങ്കിലും ഇന്ത്യൻ ഭക്ഷണ വൈവിധ്യത്തിന്റെ ചെറിയൊരു ഭാഗം പോലും നിങ്ങൾക്ക് തൊടാൻ കഴിഞ്ഞേക്കില്ല കലുംബ പറയുന്നു. ഭക്ഷണത്തിലെ എരിവ് എന്നത് വെറുമൊരു രുചിയല്ല, മറിച്ച് അനന്തമായ വൈവിധ്യങ്ങളുടെ ലോകമാണ് ഇന്ത്യയിലെന്ന് കലുംബ പറഞ്ഞു.

കലുംബയുടെ ഈ വിഡിയോ ഇതിനകം 53 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ആയിരക്കണക്കിന് കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. "ഏറ്റവും മനോഹരവും എന്നാൽ അല്പം തിരക്കുപിടിച്ചതുമായ ഈ ഭൂമിയിലേക്ക് സ്വാഗതം. ഇന്ത്യയിൽ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കും എന്ന് ഒരു ഉപയോക്താവ് സ്നേഹത്തോടെ കുറിച്ചു.

Show Full Article
TAGS:zimbabwe India Travel Explore Indian culture social media viral 
News Summary - Zimbabwe Man Praises India's Education And Culture
Next Story