‘ഒരു സ്വകാര്യ ഓപ്പറേറ്റർ ഒന്ന് കാലിടറിയപ്പോൾ രാജ്യത്തിന്റെ മൊബിലിറ്റി നെറ്റ്‌വർക്ക് മുഴുവൻ സ്തംഭിച്ചു’
text_fieldsകഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇൻഡിഗോ വിമാന യാത്രാ പ്രതിസന്ധിയെ മുർനിർത്തി നിലവിലെ ഇന്ത്യനവസ്ഥയെയും പൗരൻമാർ തുടർന്നും നേരിടാനിരിക്കുന്ന സമാനമായ ജീവൽ പ്രതിസന്ധിയുടെ ആഴവും വിവരിച്ച് പബ്ലിക് ഇന്ററസ്റ്റ് ടെക്നോളജിസ്റ്റായ അനിവർ അരവിന്ദ്. രണ്ട് ഫേസ്ബുക്ക് കുറിപ്പുകളിലായാണ് ഈ വിഷയത്തിൽ അനിവർ സുപ്രധാന നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
‘ഇൻഡിഗോ ഇന്ത്യയെ തുറന്നുകാട്ടിയത് ഒരു അസുഖകരമായ യാഥാർത്ഥ്യത്തിലേക്കാണ്’ എന്ന് തുടങ്ങുന്ന ആദ്യ കുറിപ്പിൽ സ്വകാര്യവൽക്കരണ നയങ്ങൾ രാജ്യത്തെ പൗരൻമാരുടെ ദൈനംദിന ജീവിതത്തെ എവ്വിധം സ്തംഭിപ്പിക്കുമെന്നതിന്റെ വിവിത തലങ്ങൾ വിശകലനം ചെയ്യുന്നു. ഇതൊരു ആക്സിഡന്റ് അല്ലെന്നും ഇത് മോഡേൺ ഇന്ത്യയുടെ ‘ഗവേണൻസ് ബാക്ക് ബോൺ’ എങ്ങനെയാണെന്ന് കാണിച്ച ‘ലൈവ് ഡെമോ’ ആണെന്നും അദ്ദേഹം ഇൻഡിഗോ പ്രതിസന്ധിയെ വിശേഷിപ്പിച്ചു. തന്റെ രണ്ടാമത്തെ പോസ്റ്റിൽ ‘സ്വകാര്യ കുത്തക ഇൻഫ്രാസ്ട്രക്ചർ’ എന്താണെന്നും അത് എങ്ങനെ രാജ്യത് വേരൂന്നിയെന്നും അനിവർ അക്കമിട്ട് വിവരിക്കുന്നു.
‘ഒരു സ്വകാര്യ ഓപ്പറേറ്റർ ഒന്ന് കാലിടറിയപ്പോൾ രാജ്യത്തിന്റെ മൊബിലിറ്റി നെറ്റ്‌വർക്ക് മുഴുവൻ സ്തംഭിച്ചു. ഫ്ലൈറ്റുകൾ ഇല്ലാതായി. എയർപോർട്ടുകൾ നിറഞ്ഞു. ജനങ്ങൾ കുടുങ്ങി. നിയമങ്ങൾ കർശനമാക്കേണ്ട സർക്കാർ നിസ്സഹായരായി ചട്ടങ്ങളിൽ ഇളവ് വരുത്തിക്കൊടുത്തു. കാരണം ലളിതമാണ്. ആ കമ്പനിയെ മാറ്റിനിർത്തിക്കൊണ്ട് ഇന്ത്യക്ക് ഇന്ന് ചലിക്കാൻ കഴിയില്ല. ഇത് ആക്സിഡന്റ് അല്ല. ഇത് മോഡേൺ ഇന്ത്യയുടെ ‘ഗവേണൻസ് ബാക്ക് ബോൺ’ എങ്ങനെയാണെന്ന് കാണിച്ച ലൈവ് ഡെമോ ആണ്. ഇത് ഭരണകൂടത്തിന്റെ ആശീർവാദത്തോടെ നിലനിൽക്കുന്ന സ്വകാര്യ കുത്തക ഇൻഫ്രാസ്ട്രക്ചർ (എസ്.പി.എം.ഐ) ആണെന്നും ആദ്യ പോസ്റ്റിൽ വിവരിക്കുന്നു. ഒരു സ്വകാര്യ സംവിധാനം ഇത്രയധികം നിർണായകമാകുമ്പോൾ ഭരണകൂടത്തിന് അതിനെ നിയന്ത്രിക്കാനോ മാറ്റിക്കളയാനോ തള്ളിക്കളയാനോ കഴിയാതെ വരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ഇതിനെ ’റെഗുലേറ്ററി ഹോസ്റ്റേജ്’ എന്ന് വിളിക്കും. നിയന്ത്രിക്കേണ്ടവർ തന്നെ കുത്തകകളുടെ ബന്ദികളാകുന്ന അവസ്ഥ. അതായത്, ഭരണകൂടത്തിന്റെ ആശീർവാദത്തോടെ നിലനിൽക്കുന്ന സ്വകാര്യ കുത്തക ഇൻഫ്രാസ്ട്രക്ചർ.
ഈ സ്റ്റാർട്ടപ്പ് തന്ത്രം ഇന്ത്യ അതിന്റെ രാഷ്ട്രനിർമാണത്തിൽ പ്രയോഗിച്ചു. പൊതുജനങ്ങൾക്ക് തെരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതാക്കി. എല്ലാം ‘ഒരൊറ്റ കുടക്കീഴിൽ’ എന്ന രീതിയിലേക്ക് മാറ്റി. ഇങ്ങനെ രൂപപ്പെട്ട സ്വകാര്യ കുത്തക ഇൻഫ്രാസ്ട്രക്ചർ (എസ്.പി.ഐ.എം) റെയിലുകൾ ഇന്ത്യയിൽ നിരവധി ഉണ്ട്. തുടർന്ന് അവയോരോന്നും അദ്ദേഹം തന്റെ പോസ്റ്റിൽ എടുത്തു പറഞ്ഞു.
അതിലൊന്നാണ് ആധാർ. ഇതൊരു ’സർക്കാർ സേവനം’ മാത്രമല്ല പൗരന്റെ അസ്തിത്വം തെളിയിക്കാനുള്ള ഏക മാർഗവുമാണ്. ഇതിന്റെ കോഡ് (ബ്ലാക്ക് ബോക്സ്) ആർക്കും പരിശോധിക്കാൻ കഴിയില്ല.
യു.പി.ഐ പണമിടപാട്: ലോകം പുകഴ്ത്തുന്ന യു.പി.ഐ നിയന്ത്രിക്കുന്നത് എൻ.പി.സി.ഐ എന്ന സ്വകാര്യ കൺസോർഷ്യം ആണ്. വിവരാവകാശ നിയമം ഇതിന് ബാധകമല്ല. മിക്ക ഡിജിറ്റൽ പണമിടപാടും ഈ ഒരൊറ്റ സ്വിച്ചിലൂടെയാണ് നടക്കുന്നത്.
റിലയൻസ് ജിയോ കണക്റ്റിവിറ്റി: സൗജന്യ ഡേറ്റ നൽകി വിപണി പിടിച്ചടക്കി. എതിരാളികളെ ഇല്ലാതാക്കി. ഇന്ന് ഇന്ത്യയുടെ ഡിജിറ്റൽ നട്ടെല്ല് ജിയോ ആണ്.
അദാനി സപ്ലൈ ചെയിൻ: തുറമുഖങ്ങൾ, എയർപോർട്ടുകൾ, ഊർജം. ഇന്ത്യയിലേക്ക് എന്ത് വരണമെങ്കിലും അദാനിയുടെ ഗേറ്റ് കടക്കണം.
ഒ.എൻ.ഡി.സിയും ഡി.ഇ.പി.എയും: ഡിജിറ്റൽ കൊമേഴ്സും ഡേറ്റയും നിയന്ത്രിക്കാൻ വരാനിരിക്കുന്ന പുതിയ കുത്തകകൾ.
ഇതൊന്നും യാദൃശ്ചികമല്ല. ഡിസൈൻ ചെയ്തതാണ്. സിസ്റ്റം നിർബന്ധിതമാകുമ്പോൾ, മറ്റ് വഴികൾ ഇല്ലാതാകുമ്പോൾ അവിടെ എസ്.പി.ഐ.എം ജനിക്കുന്നു. പിന്നെ നിയന്ത്രണം മാറുമെന്നും സിസ്റ്റത്തിന്റെ ‘അപ്പ്‌ടൈം’ മാത്രമാകും സർക്കാറിന്റെ ലക്ഷ്യമെന്നും അനിവർ അരവിന്ദ് വ്യക്തമാക്കുന്നു.
ഇൻഡിഗോയുടെ കാര്യത്തിൽ സംഭവിച്ചത് അതാണ്. തെറ്റ് തിരുത്തുന്നതിനേക്കാൾ പ്രധാനം എങ്ങനെയെങ്കിലും വണ്ടി ഓടിക്കുക എന്നതായി മാറുന്നു. ഇൻഡിഗോയും ആധാറും യു.പി.ഐയും ‘പബ്ലിക് ഇൻഫ്രാസ്ട്രക്ചർ’ ആണോ എന്ന് സംശയമുണ്ടെങ്കിൽ ഈ ലളിതമായ പരീക്ഷണം നടത്തുക: സർക്കാറിന് ഇത് ഓഡിറ്റ് ചെയ്യാൻ സാധിക്കുന്നുണ്ടോ? ഇതിന് സമാന്തരമായി മറ്റൊന്ന് നിർമിക്കാൻ കഴിയുമോ? പൗരന് ഇത് വേണ്ടെന്ന് വെക്കാൻ കഴിയുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം ‘ഇല്ല’ എന്നാണെങ്കിൽ, അത് പബ്ലിക് ഇൻഫ്രാസ്ട്രക്ചർ അല്ല. അത് എസ്.പി.എം.ഐ ആണ്.
എസ്.പി.എം.ഐ സാധാരണ സമയത്ത് വളരെ കാര്യക്ഷമമെന്നുതോന്നും. പക്ഷേ, സമ്മർദമുണ്ടാകുമ്പോൾ അത് പൊട്ടിപ്പോകും. ഇൻഡിഗോ നമുക്ക് ഇത് തത്സമയം കാണിച്ചുതന്നു. ഇനിയെങ്കിലും ഉണർന്നില്ലെങ്കിൽ, ഓരോ മേഖലക്കും അതിന്റെതായ ‘ഇൻഡിഗോ മുഹൂർത്തം’ വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
രണ്ടു പോസ്റ്റുകളും സമൂഹ മാധ്യമത്തിൽ വായിക്കാം:


