Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightഒടുവിൽ പൂട്ട്,...

ഒടുവിൽ പൂട്ട്, ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

text_fields
bookmark_border
ഒടുവിൽ പൂട്ട്, ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു
cancel

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിക്കെതിരെ ഉയർന്ന പരാതിയിൽ ആലുവ റൂറൽ സൈബർ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

അതിനിടെ, നിഹാലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ പൊലീസ് കോടതിയിൽ ശക്തമായി എതിർത്തു. എറണാകുളം സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് അന്വേഷണസംഘം നിലപാട് വ്യക്തമാക്കിയത്. പ്രതിക്കെതിരെയുള്ളത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണെന്നും അതിനാൽ യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, ലൈംഗിക ചൂഷണം, പോക്സോ കേസുകൾ തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് തൊപ്പിക്കും സുഹൃത്തുക്കൾക്കുമെതിരെ നിലവിലുള്ളത്. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡി.ജി.പി റവാഡ ചന്ദ്രശേഖറാണ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ലഭ്യമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.

ഒട്ടേറെ വിവാദങ്ങളിൽ ഉൾപ്പെട്ട ഒരു യുട്യൂബറാണ് തൊപ്പി. ഗെയിമിങ് വീഡിയോകളിലൂടെയും വ്ലോഗുകളിലൂടെയുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.

കുട്ടികളും കൗമാരക്കാരുമാണ് പ്രധാനമായും തൊപ്പിയുടെ വീഡിയോകളുടെ കാഴ്ചക്കാർ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇദ്ദേഹം യൂട്യൂബിൽ ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സിനെ നേടിയത്. വീഡിയോകളിൽ സ്ഥിരമായി അശ്ലീല പദങ്ങളും ദ്വയാർഥ പ്രയോഗങ്ങളും ഉപയോഗിക്കുന്നതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് നേരിട്ടിട്ടുള്ളത്. ഇത്തരം കണ്ടന്റുകൾ കുട്ടികളിൽ മോശം സ്വാധീനം ചെലുത്തുന്നു എന്ന് വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.

മുമ്പ് ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഗതാഗതം തടസ്സപ്പെടുത്തിയതിനും അശ്ലീല ഗാനം പാടിയതിനും കേരള പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കൾ ഉൾപ്പെടെ ഉന്നയിച്ച ലഹരിമരുന്ന് ഉപയോഗം, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതര ആരോപണങ്ങളും നിലവിലുണ്ട്. ഗെയിമിങ് ശൈലികൊണ്ട് ചെറിയ കുട്ടികൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കിയെങ്കിലും, മോശം ഭാഷാപ്രയോഗങ്ങളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും പേരിൽ നിരന്തരം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നയാളാണ് തൊപ്പി എന്ന മുഹമ്മദ് നിഹാൽ.

Show Full Article
TAGS:Thoppi YouTuber obscene video Cyber Police 
News Summary - YouTuber 'Thoppi's' channel removed over obscene content case
Next Story