യൂറോപ്പിൽ മണികിലുക്കം
text_fieldsവിലപേശലുകളും നാടകീയതകളും ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ വാർത്തകളല്ല. നോട്ടമിട്ട താരത്തെ കൂടാരത്തിലെത്തിക്കാൻ എന്തിനും തയാറായവർ, മറ്റുള്ളവരുടെ ആവശ്യങ്ങളെ കൈമുതലാക്കി സ്വന്തം കാര്യങ്ങൾ നേടിയെടുക്കുന്നവർ, എല്ലാവരുടെയും ലക്ഷ്യം ഒന്നുമാത്രം. സീസണിന് കൊടിയിറങ്ങുമ്പോൾ തലയുയർത്തി നിൽക്കാൻ പാകത്തിലുള്ള ടീമായിരിക്കണം. എന്ത് വില കൊടുത്തും വിജയകിരീടത്തിൽ മുത്തമിടണം.
കളി മൈതാനത്ത് മാന്ത്രിക ചുവടുറപ്പിക്കാൻ പുതിയ പടയും പടക്കോപ്പുകളുമായാണ് ഒരോ ടീമുകളും എഴുന്നള്ളുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂൾ തന്നെയാണ് യൂറോപ്പിലെ ട്രാൻസ്ഫർ മാർക്കറ്റിലും ഒന്നാമത്. 475 മില്യൺ പൗണ്ടിലധികമാണ് ഈ സമ്മറിൽ മാത്രം ടീം ചെലവഴിച്ചത്. സമ്മറിലെ ഏറ്റവും വലിയ മൂന്ന് ഡീലുകളും നടത്തിയതും ലിവർപൂൾ തന്നെ.
അനിശ്ചിതത്വങ്ങൾക്കും നിഗൂഢതകൾക്കുമൊടുവിലാണ് വിൻഡോയുടെ അവസാനദിനത്തിൽ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ റെക്കോഡ് തുകക്ക് അലക്സാണ്ടർ ഇസാക്കിനെ ആൻഫീൽഡിലെത്തിച്ചത്. ന്യൂകാസിൽ യുനൈറ്റഡിൽ നിന്നും താരത്തെ റാഞ്ചാൻ ചെലവിട്ടത് 125 മില്യൺ പൗണ്ട്. 116 മില്യൺ പൗണ്ട് ചെലവഴിച്ച് ലിവർപൂൾ തന്നെ സ്വന്തമാക്കിയ ഫ്ലോറിയൻ വിർട്സ് ആണ് പട്ടികയിൽ രണ്ടാമതുള്ളത്. ബയർ ലെവർകൂസനിൽ നിന്നാണ് ഈ ജർമൻതാരം ഇംഗ്ലീഷ് മണ്ണിലെത്തുന്നത്.
79 മില്യൺ പൗണ്ട് ചെലവഴിച്ച് ഫ്രാങ്ക്ഫർട്ടിൽ നിന്ന് എകിടികെയെയും ചെങ്കുപ്പായക്കാർ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലീഗിൽ താളം കണ്ടെത്താൻ പാടുപെട്ട മാഞ്ചസ്റ്റർ യുനൈറ്റഡാണ് ട്രാൻസ്ഫർ മാർക്കറ്റിൽ പണമെറിഞ്ഞ മറ്റൊരു ടീം. 200 മില്യൺ പൗണ്ടിന് മൂന്നു കിടയറ്റ മുന്നേറ്റക്കാരെ അണിയിലെത്തിച്ചാണ് പുതു സീസണിന് ചെകുത്താൻമാർ കോപ്പുകൂട്ടിയത്. 73 മില്യൺ പൗണ്ടിനാണ് അവർ ബെഞ്ചമിൻ സെസ്കോയെ ഓൾഡ് ട്രാഫോർഡിലെത്തിച്ചത്. ഒപ്പം, 71 മില്യൺ പൗണ്ടിന് ബ്രയാൻ ബ്യൂമോയെയും.
ഇറ്റാലിയൻ ക്ലബായ നാപ്പോളിയിൽ നിന്നും നൈജീരിയൻ താരം വിക്ടർ ഒസിമനെ സൈൻ ചെയ്യാനായി ഗാലറ്റ്സറായി ചെലവഴിച്ച 64.8 മില്യൺ പൗണ്ടാണ് പട്ടികയിലെ ആറാമത്തെ ഉയർന്ന തുക. 64 മില്യൺ പൗണ്ടിന് സ്റ്റട്ട്ഗാർട്ടിൽ നിന്നും ന്യൂകാസിലിന്റെ തട്ടകത്തിലെത്തിയ നിക്ക് വോൾട്ട്മേഡും മാത്യൂസ് കുഞ്ഞക്കായി യുനൈറ്റഡ് ചെലവിട്ട 62 മില്യൺ പൗണ്ടുമാണ് ഏഴും എട്ടും സ്ഥാനങ്ങളിൽ. ലിവർപൂളിൽ നിന്നും 60.5 മില്യൺ ചെലവിട്ട് ബയേൺ സ്വന്തമാക്കിയ കൊളംബിയൻ മുന്നറ്റതാരം ലൂയിസ് ഡയസും. 60 മില്യൺ പൗണ്ടിന് ആഴ്സനൽ എമിറേറ്റ്സിലെത്തിച്ച എബെറെച്ചി എസെയെയും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.