സ്കൂൾ കായികമേള; താൽക്കാലിക ഇൻഡോർ സ്റ്റേഡിയം ഒരുക്കും
text_fieldsതിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ ഒക്ടോബർ 21 മുതൽ 28 വരെ തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് ജർമൻ സാങ്കേതികവിദ്യയിൽ ഊന്നി താൽക്കാലിക ഇൻഡോർ സ്റ്റേഡിയം നിർമിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ജർമൻ ഹാങ്ങർ പന്തലിനുള്ളിൽ കായികമത്സരങ്ങൾ നടക്കുന്നത്. ഒന്നരക്കോടിയോളം രൂപ ചെലവിൽ ട്രാക്ക് മാത്രം ഒഴിവാക്കി സെൻട്രൽ സ്റ്റേഡിയത്തിന്റെ 90 ശതമാനവും ഉൾക്കൊള്ളിച്ചുള്ള ജർമൻ ഹാങ്ങർ സ്റ്റേഡിയ രൂപരേഖ അന്തിമഘട്ടത്തിലാണ്.
ഗെയിംസ് മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സൗകര്യം നഗരത്തിൽ ഇല്ലാത്തതിനാലാണ് താൽക്കാലിക സംവിധാനം ഒരുക്കുന്നത്. ബോക്സിങ്, യോഗ, റസ്ലിങ്, ജൂഡോ, തൈക്വോണ്ടോ, വെയിറ്റ് ലിഫ്റ്റിങ്, ഖോ-ഖോ, കരാട്ടെ, കബഡി മത്സരങ്ങളാണ് ഇവിടെ നടക്കുക. ഗാലറി, വി.ഐ.പി പവലിയൻ, മീഡിയ പവലിയൻ, മെഡിക്കൽ റൂം എന്നിവയുമുണ്ടാകും. സമീപത്തായി വടംവലി മത്സര ട്രാക്കും വാം അപ്പ് ഏരിയയും സജ്ജമാക്കും.
ജർമൻ ഹാങ്ങർ പന്തലുകളിൽ ചൂട് വെല്ലുവിളിയാകുമെന്നതിനാൽ പൂർണമായി എ.സിയാക്കുന്നതും പരിഗണനയിലാണ്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കലോത്സവവും അടുത്തിടെ പമ്പയിൽ ആഗോള അയ്യപ്പ സംഗമവും ജർമൻ ഹാങ്ങർ പന്തലിലാണ് നടന്നത്.


