Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightഅന്ന് നീരജിനൊപ്പം...

അന്ന് നീരജിനൊപ്പം ത്രിവർണ പതാകക്ക് കീഴില്‍ നിന്നതിന് അധിക്ഷേപം; അർഷാദ് നദീം സ്വർണത്തിലേക്ക് എറിഞ്ഞുകയറിയത് ദുർഘട പാതകളിലൂടെ...

text_fields
bookmark_border
അന്ന് നീരജിനൊപ്പം ത്രിവർണ പതാകക്ക് കീഴില്‍ നിന്നതിന് അധിക്ഷേപം; അർഷാദ് നദീം സ്വർണത്തിലേക്ക് എറിഞ്ഞുകയറിയത് ദുർഘട പാതകളിലൂടെ...
cancel

2023ലെ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഹംഗറിയിലെ ബുഡാപെസ്റ്റ് വേദിയാകുമ്പോൾ ലോകം കാത്തിരുന്നത് വീണ്ടുമൊരു ഇന്ത്യ-പാക് പോരിനായിരുന്നു. ഇന്ത്യക്കായി നീരജ് ചോപ്രയും പാകിസ്താനായി അർഷാദ് നദീമും ജാവലിൻ എറിയാനിറങ്ങുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 35 സെന്റി മീറ്റർ വ്യത്യാസത്തിൽ നീരജ് നദീമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വർണമണിഞ്ഞു. അന്ന് ഒന്നാമതെത്തിയ നീരജ് ത്രിവർണ പതാകയേന്തി ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അടുത്തുണ്ടായിരുന്ന നദീമിനെയും സമീപത്തേക്ക് വിളിച്ചു. ഇന്ത്യൻ പതാകയുടെ തണലിൽ നദീം നിന്നപ്പോൾ കായിക വേദിയിലെ എതിരാളികളുടെ സൗഹൃദം ലോകമാകെ ചർച്ച ചെയ്തു.

അന്ന് ഇന്ത്യൻ പതാകക്ക് കീഴില്‍ നിന്നതിന് സമൂഹമാധ്യമങ്ങളില്‍ പാകിസ്താൻകാരുടെ വലിയ വിമർശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അർഷാദ് ഇരയായപ്പോൾ ഏറ്റവും വിലപ്പെട്ട അഭിനന്ദനം ലഭിച്ചത് നീരജിന്റെ അമ്മ സരോജ് ദേവിയിൽനിന്നായിരുന്നു. ‘കളിക്കളത്തിൽ എല്ലാവരും താരങ്ങൾ മാത്രമാണ്. എല്ലാവരും എത്തുന്നത് മത്സരിക്കാനാണ്. ഒരാളല്ലെങ്കിൽ മറ്റൊരാൾ എന്തായാലും ജയിക്കും. അതുകൊണ്ട് പാകിസ്താനിയാണോ ഹരിയാനക്കാരനാണോ എന്നത് ചോദ്യമല്ല. പാകിസ്താനിൽനിന്ന് വിജയിച്ച താരത്തെ ഓർത്ത് ഞാൻ സന്തോഷവതിയാണ്’ -എന്നിങ്ങനെയായിരുന്നു സരോജിന്റെ വാക്കുകൾ. ഒളിമ്പിക്സിൽ നീരജിനെ പിന്നിലാക്കി നദീം സ്വർണം നേടിയപ്പോഴും അവർ പ്രതികരണവുമായെത്തി. ‘വെള്ളി നേട്ടത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. സ്വര്‍ണം നേടിയ അര്‍ഷാദും എനിക്ക് മകനെ പോലെയാണ്. കഠിനാധ്വാനം ചെയ്താണ് എല്ലാവരും ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്’.

ഇത്തവണ പാകിസ്താന് വേണ്ടി പാരിസ് ഒളിമ്പിക്സിൽ ഏഴുപേരാണ് മത്സരിക്കാനെത്തിയത്. മൂന്നുപേർ ഷൂട്ടിങ്ങിനും രണ്ടുപേർ നീന്തലിലും മറ്റു രണ്ടുപേർ അത്‍ലറ്റിക്സിലും. മറ്റെല്ലാവരും ആദ്യ റൗണ്ടിൽ തന്നെ മടങ്ങിയപ്പോൾ അവശേഷിച്ച നദീമിലായിരുന്നു അവരുടെ എല്ലാ മെഡൽ പ്രതീക്ഷ‍യും. ആ പ്രതീക്ഷയവൻ തെറ്റിച്ചില്ല. പാകിസ്താന്റെ ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വർണമെഡൽ നേടിയെടുത്താണ് അവൻ പാകിസ്താന്റെ ഹീറോയായിരിക്കുന്നത്. ഒളിമ്പിക്സ് റെക്കോഡും രാജ്യത്തിനായി ആദ്യ വ്യക്തിഗത സ്വർണവും സമ്മാനിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. 92ലെ ബാഴ്സലോണ ഒളിമ്പിക്സില്‍ ഹോക്കി ടീം വെങ്കലം നേടിയ ശേഷം ആദ്യമായാണ് പാകിസ്താനിലേക്ക് ഒളിമ്പിക്സ് മെഡലെത്തുന്നത്. സ്വന്തം ഗ്രാമവാസികളിൽനിന്ന് വരെ സംഭാവന സ്വീകരിച്ച് പരിശീലനത്തിനിറങ്ങിയ അര്‍ഷാദ് നദീം പാകിസ്താന്റെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത നേട്ടം കൂടിയാണ് സ്വന്തം പേരിലാക്കിയത്. ബെയ്ജിങ്ങ് ഒളിമ്പിക്സില്‍ നോര്‍വെയുടെ ആന്‍ഡ്രെയസ് തോര്‍കില്‍ഡ്‌സെന്‍ കുറിച്ച 90.57 മീറ്റര്‍ ദൂരമെന്ന ഒളിമ്പിക്സ് റെക്കോഡ് ഇന്നലെ മറികടന്നത് രണ്ടുതവണയാണ്. രണ്ടാം ശ്രമത്തിൽ 92.97 മീറ്ററും അവസാന ശ്രമത്തില്‍ 91.79 മീറ്ററും ജാവലിന്‍ എറിഞ്ഞാണ് അതുല്യ നേട്ടത്തിലെത്തിയത്. ഫൈനലില്‍ രണ്ടുവട്ടം 90 മീറ്റര്‍ മറികടക്കുന്ന താരമെന്ന നേട്ടവും നദീം സ്വന്തമാക്കി. .

പാകിസ്താനിലെ പഞ്ചാബ് മേഖലയിലെ മിയാൻ ചന്നു ഗ്രാമത്തിൽ നിന്നുള്ള അർഷാദ് നദീമിന്റെ പിതാവ് നിർമാണ തൊഴിലാളിയായിരുന്നു. ഏഴുമക്കളിൽ മൂന്നാമനായിരുന്നു നദീം. ദാരിദ്ര്യത്തോട് പടവെട്ടുന്ന കുടുംബത്തിന് വർഷത്തിലൊരിക്കൽ ബലിപെരുന്നാൾ ദിനത്തിൽ മാത്രമാണ് ഇറച്ചികഴിക്കാൻ കഴിഞ്ഞിരുന്നതെന്നാണ് സഹോദരൻ വെളിപ്പെടുത്തുന്നത്. കുട്ടിക്കാലം മുതലേ സ്​പോട്സിനെ നെഞ്ചേറ്റിയ അവൻ വിവിധ കായിക ഇനങ്ങളിൽ മികവറിയിച്ചു. ക്രിക്കറ്റിനെ അതിരറ്റ് പ്രണയിച്ച നാട്ടിൽനിന്ന് ഷോട്ട് പുട്ടും ഡിസ്‍കസ് ത്രോയുമെല്ലാം പരീക്ഷിച്ച ശേഷം ജാവലിൻ കൈയിലെടുത്തത് 18ാം വയസ്സിൽ. തുടക്കത്തിൽ പരിശീലത്തിന് പോലും പണമില്ലാതിരുന്നപ്പോൾ ഗ്രാമവാസികളും ബന്ധുക്കളുമായിരുന്നു താങ്ങായത്. പരിശീലനത്തിന് ആവശ്യത്തിന് പണവും മൈതാനവുമില്ലാതിരുന്നപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ സഹായമഭ്യർഥിക്കാനും നദീമിന് മടിയുണ്ടായിരുന്നില്ല. ഒളിമ്പിക്‌സിന് മാസങ്ങള്‍ക്ക് മുമ്പ് താനുപയോഗിക്കുന്ന ജാവലിൻ തകരാറിലായതും അന്താരാഷ്ട്ര നിലവാരത്തിലുള്ള ജാവലിൻ ഇല്ലാത്തതും വെളിപ്പെടുത്തിയ താരം ദേശീയ കായിക ഫെഡറേഷനോട് പുതിയൊരെണ്ണം നൽകാൻ അഭ്യർഥിച്ചത് ലോകം അവിശ്വസനീയതയോടെയാണ് കേട്ടത്.



തീ പാറിയ നീരജ്-നദീം പോരാട്ടങ്ങൾ

പാരിസ് ഒളിമ്പിക്സിന് മുമ്പ് ഏറ്റുമുട്ടിയ ഒമ്പത് വേദികളിലും നീരജിന് പിന്നിലായിരുന്നു നദീമിന്റെ ഇടം. നീരജ് സ്വർണമണിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ നദീം മത്സരിച്ചിരുന്നെങ്കിലും നാലാംസ്ഥാനത്തായിരുന്നു. 2016ൽ ഗുവാഹത്തിയിൽ സൗത്ത് ഏഷ്യൻ ഗെയിംസ് വേദിയിലാണ് ഇരുവരും ആദ്യമായി നേർക്കുനേർ വരുന്നത്. അന്ന് നീരജ് സ്വർണം നേടിയപ്പോൾ നദീമിന് ലഭിച്ചത് വെങ്കലമായിരുന്നു. ഇതേ വർഷം ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ നീരജ് രണ്ടും നദീം മൂന്നും സ്ഥാനത്തായി. ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കാരൻ ഒന്നാമതെത്തിയപ്പോൾ പാകിസ്താൻകാരന് 30ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്.

2017ലെ ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ്, 2018ലെ കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, 2020ലെ ടോക്യോ ഒളിമ്പിക്സ് എന്നിവയിലെല്ലാം നീരജ് ഒന്നാമതെത്തിയപ്പോൾ നദീം യഥാക്രമം ഏഴ്, എട്ട്, മൂന്ന്, അഞ്ച് സ്ഥാനങ്ങളിലായിരുന്നു. 2022ലെ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് രണ്ടും നദീം അഞ്ചും സ്ഥാനത്തായെങ്കിലും അതേ വർഷം ബർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ പരിക്ക് കാരണം നീരജ് വിട്ടുനിന്നപ്പോൾ നദീം 90.18 മീറ്റർ എറിഞ്ഞ് സ്വർണമണിഞ്ഞു. 2023ലെ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നദീമിനെ പിന്നിലാക്കി നീരജ് ഒന്നാമതെത്തുകയും ചെയ്തു. 2018ന് ശേഷം പതിയെപ്പതിയെ നീരജുമായുള്ള അകലം കുറച്ചുകൊണ്ടുവന്ന നദീം പാരിസിൽ നീരജിനെ മറികടന്ന് സ്വപ്നനേട്ടത്തിലെത്തുകയും ചെയ്തു.

Show Full Article
TAGS:Paris Olympics 2024 Neeraj Chopra Arshad Nadeem Javelin Throw 
News Summary - Abused for standing under the tricolor with Neeraj that day; Arshad Nadeem shot his way to gold through tough paths...
Next Story