കൈസറിന്റെ ലോകകപ്പ് ക്രൈഫിന്റെയും
text_fieldsജേതാക്കളായ പശ്ചിമ ജർമൻ ക്യാപ്റ്റൻ ബെക്കൻബോവർ ലോകകപ്പ് ട്രോഫിയുമായി
പുതുശക്തികളുടെ ഉദയത്തിനാണ് ജർമനിയിൽ (അന്നത്തെ പശ്ചിമ ജർമനി) നടന്ന 1974ലെ ലോകകപ്പ് സാക്ഷ്യംവഹിച്ചത്. ചാമ്പ്യന്മാരായ പശ്ചിമ ജർമനി ഫുട്ബാൾ ലോകത്ത് പുതിയ ശക്തികളല്ലെങ്കിലും പിന്നീടുള്ള രണ്ടു ദശകങ്ങൾ നിറഞ്ഞുനിന്ന ടീമായി വളർന്നതിന്റെ ആരംഭം ഈ ലോകകപ്പിലായിരുന്നു. അതിലും അൽഭുതകരമായ വരവ് നെതർലൻഡ്സിന്റേതായിരുന്നു. അതുവരെ കാൽപന്തുലോകം കണ്ടിട്ടില്ലാത്ത ടോട്ടൽ ഫുട്ബാൾ എന്ന പുതു ശൈലിയുമായാണ് ഓറഞ്ചുസംഘം വന്നത്.
ഒരർഥത്തിൽ ലോക ഫുട്ബാളിലെ തന്നെ അതികായരായി വളർന്ന രണ്ടു താരങ്ങളുടെ ഉദയമായിരുന്നു ഈ ലോകകപ്പിൽ കണ്ടത്. ജർമനിയുടെ ഫ്രൻസ് ബക്കൻബോവറും നെതർലൻഡ്സിന്റെ യൊഹാൻ ക്രൈഫും. അവസാന ചിരി 'കൈസർ' ബക്കൻബോവറുടേതായിരുന്നെങ്കിലും ലോകകപ്പ് കൂടുതൽ ഓർക്കപ്പെടുന്നത് ക്രൈഫിന്റെയും സംഘത്തിന്റെയും പേരിലാണ്.
ഫൈനലിൽ നെതർലൻഡ്സിനെ 2-1ന് തോൽപിച്ചായിരുന്നു പശ്ചിമ ജർമനിയുടെ കിരീടധാരണം. മ്യൂണികിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ജർമൻ താരങ്ങൾ പന്ത് തെടുന്നതിനുമുമ്പുതന്നെ നെതർലൻഡ്സ് ഗോൾ നേടി. ഒറ്റക്ക് മുന്നേറിയ ക്രൈഫിനെ യൂലി ഹോനസ് പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ സ്പോട്ട് കിക്ക് യൊഹാൻ നീസ്കെൻസ് ലക്ഷ്യത്തിലെത്തിച്ചതോടെ നെതർലൻഡ്സിന് ലീഡ്. എന്നാൽ, പിന്നീടങ്ങോട്ട് ജർമനിയായിരുന്നു ചിത്രത്തിൽ. പെനാൽറ്റിയിലുടെ പോൾ ബ്രൈറ്റ്നർ സമനില നേടിയ ശേഷം ഗെർഡ് 'ബോംബർ' മുള്ളറിലൂടെ ലീഡുമെടുത്ത ജർമനി പിന്നീട് ക്രൈഫിനെയും കൂട്ടരെയും അനങ്ങാൻ വിട്ടില്ല.
1954ൽ ചാമ്പ്യന്മാരായിരുന്ന ജർമനിക്കിത് രണ്ടാം ലോക കിരീടമായിരുന്നു. ആദ്യമായി ഫൈനലിലെത്തിയ നെതർലൻഡ്സിന് റണ്ണറപ്പ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മൂന്നാം സ്ഥാനം പോളണ്ടിനായിരുന്നു. തൊട്ടുമുമ്പത്തെ ലോകകപ്പിൽ മൂന്നാം കിരീടവുമായി യുൾറിമെ ട്രോഫി എന്നേക്കുമായി സ്വന്തമാക്കിയിരുന്ന ബ്രസീലിന് നാലാം സ്ഥാനമേ നേടാനായുള്ളൂ. പോളണ്ടിന്റെ ഗ്രെസ്ഗോർസ് ലാറ്റോയായിരുന്നു ഏഴു ഗോളുകളുമായി ടോപ്സ്കോറർ.
ടോട്ടൽ കളി
നെതർലൻഡ്സിന്റെ ടോട്ടൽ ഫുട്ബാൾ ആയിരുന്നു ലോകകപ്പിലെ ഹൈലൈറ്റ്. യൊഹാൻ ക്രൈഫ് എന്ന മാന്ത്രികനെ കേന്ദ്രബിന്ദുവാക്കി വിഖ്യാത കോച്ച് റെനസ് മൈക്കിൾസ് അണിയിച്ചൊരുക്കിയ പുതിയ തന്ത്രം ഫുട്ബാൾ ലോകത്തിന് പുതുമയായിരുന്നു. എല്ലാ കളിക്കാരും എല്ലായിടത്തും ഓടിയെത്തുന്ന കേളീശൈലിയുടെ ന്യൂക്ലിയസ് അസാമാന്യ പ്രതിഭാശാലിയായ ക്രൈഫ് തന്നെയായിരുന്നു. ഏത് പൊസിഷനിലും ഏതുനേരവും കളിക്കാൻ കളിയുന്ന ഒരു പറ്റം കളിക്കാരെയാണ് ഇതിനായി മൈക്കിൾസ് ഒരുക്കിയെടുത്തത്. ക്രൈഫിനുപുറമെ യൊഹാൻ നീസ്കെൻസ്, റൂഡ് ക്രോൾ തുടങ്ങിയ കളിക്കാരും ഈ കളിരീതിയുടെ നട്ടെല്ലായി.
ഗ്രൂപ് റൗണ്ടിൽ ഉറുഗ്വായിയെ 2-0ത്തിനും ബൾഗേറിയയെ 4-1നും തോൽപിച്ച ഡച്ചുപട സ്വീഡനോട് ഗോൾരഹിത സമനില വഴങ്ങി. രണ്ടാം റൗണ്ടിലായിരുന്നു നെതർലൻഡ്സിന്റെ പടയോട്ടം. അർജന്റീനയെ 4-0ത്തിനും ബ്രസീലിനെ 2-0ത്തിനും തോൽപിച്ച ഡച്ചുകാർ കിഴക്കൻ ജർമനിയെ 2-0ത്തിനും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
മറുവശത്ത് ജർമനിയും മോശമാക്കിയില്ല. ചിലിയെ 1-0ത്തിനും ഓസ്ട്രിയയെ 3-0ത്തിനും തോൽപിച്ച പശ്ചിമ ജർമനി കിഴക്കൻ ജർമനിയോട് 1-0ത്തിന് തോറ്റെങ്കിലും മുന്നോട്ടുള്ള പ്രയാണത്തിന് അത് തടസ്സമായില്ല.
രണ്ടാം റൗണ്ടിൽ യുഗോസ്ലാവ്യയെ 2-0ത്തിനും സ്വീഡനെ 4-2നും പോളണ്ടിനെ 1-0ത്തിനും തോൽപിച്ചായിരുന്നു പശ്ചിമ ജർമനിയുടെ കുതിപ്പ്.
16 ടീമുകൾ, നാലു നവാഗതർ
അഞ്ചു കോൺഫെഡറേഷനുകളിൽനിന്നായി 16 ടീമുകളാണ് ലോകകപ്പിൽ പങ്കെടുത്തത്. നാലു ടീമുകൾ ആദ്യമായി ലോകകപ്പിനെത്തുന്നവയായിരുന്നു. ഓസ്ട്രിയ, കിഴക്കൻ ജർമനി, സയർ, ഹെയ്ത്തി എന്നിവ. നാലു ടീമുകൾ വീതമുള്ള നാലു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാർ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. രണ്ടാം റൗണ്ടിൽ നാലു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകൾ. ഗ്രൂപ് ചാമ്പ്യന്മാർ ഫൈനലിലേക്ക്. രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാന പ്ലേഓഫിലേക്കും.
പുതിയ ട്രോഫി
മൂന്നാം തവണയും ലോകകപ്പ് നേടിയ ബ്രസീൽ ടീം 1970ൽ യുൾറിമെ ട്രോഫി നാട്ടിലേക്ക് കൊണ്ടുപോയതോടെ പുതിയ ട്രോഫി ഏർപ്പെടുത്താൻ ഫിഫ നിർബന്ധിതരായി. അങ്ങനെയാണ് നിലവിലെ ഫിഫ ലോകകപ്പ് ട്രോഫി 1974 ലോകകപ്പിൽ നിലവിൽവന്നത്. 18 കാരറ്റ് സ്വർണം കൊണ്ടുണ്ടാക്കിയ ട്രോഫിക്ക് 6.1 കിലോ ഭാരവും 36.8 സെ.മീ. ഉയരവുമുണ്ട്. രണ്ടു പേർ ഭൂഗോളം ഉയർത്തിപ്പിടിക്കുന്നതാണ് ട്രോഫിയുടെ രൂപം. ഇറ്റലിയിലെ സ്റ്റബിലമിമെന്റോ ആർട്ടിസ്റ്റികോ ബെർട്ടോണി കമ്പനിയാണ് നിർമാതാക്കൾ.