ഏഷ്യാഡിലുദിച്ചത് യാക്കരയുടെ രണ്ടാം വെള്ളി നക്ഷത്രം
text_fieldsലോങ് ജംപിൽ മത്സരിക്കുന്ന എം.ശ്രീശങ്കർ
പാലക്കാട്: രാജ്യാന്തര ഹൈജംപ് താരം എം. ശ്രീശങ്കർ ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേട്ടം കുറിച്ചപ്പോൾ പാലക്കാട് യാക്കരക്കാർക്ക് ആഹ്ലാദ നിമിഷങ്ങൾ. 41 വർഷം മുമ്പ് കെ.കെ. പ്രേമചന്ദ്രനിലൂടെ ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ നേടിയ യാക്കര ദേശം ശങ്കുവിലൂടെ വീണ്ടും ആ നേട്ടം ആവർത്തിച്ചിരിക്കുകയാണ്. 1982ൽ ഡൽഹി ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലായിരുന്നു പ്രേമചന്ദ്രൻ മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായത്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന പ്രേമചന്ദ്രന്റെ കരിയറിലെ ഏറ്റവും ഉയർന്ന നേട്ടമായിരുന്നു ആ വെള്ളിമെഡൽ.
പ്രേമചന്ദ്രൻ
മിൽഖ സിങ്ങിന്റെ നേട്ടത്തിന് സമാനമായി 1981ലെ ലഖ്നോ സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ 100, 200, 400 മീറ്ററുകളിൽ ഒന്നാമനായി ട്രിപ്പിളടിച്ച പ്രേമചന്ദ്രൻ, അക്കാലത്ത് പറക്കുംചന്ദ്രൻ എന്നാണ് അറിയപ്പെട്ടിരുന്നത്. കെ.കെ. പ്രേമചന്ദ്രന് ശേഷം ഏഷ്യൻ ഗെയിംസിൽ മെഡലിൽ മുത്തമിടുന്ന പാലക്കാട്ടുകാരനാണ് രാജ്യാന്തര കായിക താരങ്ങളായ എസ്. മുരളിയുടെയും ബിജിമോളുടെയും മകനായ ശ്രീശങ്കർ.


