ചൈന മാസ്റ്റേഴ്സ്: സാത്വിക്-ചിരാഗ് സഖ്യം ഫൈനലിൽ
text_fieldsഷെൻജെൻ (ചൈന): ഇന്ത്യയുടെ നമ്പർ വൺ ജോടിയായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ചൈന മാസ്റ്റേഴ്സ് സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റ് ഫൈനലിൽ പ്രവേശിച്ചു.
പുരുഷ ഡബ്ൾസ് സെമി ഫൈനലിൽ മലേഷ്യയുടെ മുൻ ലോക ചാമ്പ്യന്മാരായ ആരോൺ ചിയ-സോ വൂയ് യിക് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപിച്ചത്. സ്കോർ: 21-17, 21-14. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലുമായി മടങ്ങിയതിനു പിന്നാലെ ഹോങ്കോങ് ഓപൺ ഫൈനലിൽ വീണ സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീട വരൾച്ചക്ക് അന്ത്യമിടാനുള്ള മറ്റൊരു അവസരമാണ് ഫൈനൽ പ്രവേശനം.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പറുകാരായ ദക്ഷിണ കൊറിയയുടെ സിയോ സ്യൂങ് ജേയ്-കിം വോൻ ഹോ സഖ്യമാണ് ഇവരുടെ എതിരാളികൾ. 41 മിനിറ്റ് നീണ്ട സെമിയിൽ ആധികാരികമായിരുന്നു ഇന്ത്യൻ ജോടിയുടെ ജയം. നേർക്കുനേർ വിജയക്കണക്കിൽ മുന്നിൽ നിൽക്കുന്ന ആരോൺ-യിക് സഖ്യത്തിന് ആദ്യ ഗെയിമിൽ 10-7ന്റെ മുൻതൂക്കമുണ്ടായിരുന്നു. തുടർച്ചയായ നാല് പോയന്റുകൾ നേടിയായിരുന്നു കുതിപ്പ്.
എന്നാൽ, സർവിസ് ഫോൾട്ടടക്കം ആരോൺ വരുത്തിയ പിഴവുകൾ സാത്വിക്കിനെയും ചിരാഗിനെയും കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. രണ്ടാം ഗെയിമിൽ കൃത്യമായ മേധാവിത്വം പുലർത്തി ഇന്ത്യൻ താരങ്ങൾ.