ചൈന ഓപൺ: സാത്വിക്-ചിരാഗ് സഖ്യം പുറത്ത്
text_fieldsചാങ്ഷോ: ചൈന ഓപൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽനിന്ന് ഇന്ത്യയുടെ ഡബ്ൾസ് സഖ്യമായ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പുറത്ത്. സെമിഫൈനലിൽ മലേഷ്യയുടെ രണ്ടാം സീഡുകളായ ആരോൺ ചിയ- സോ വൂയി യിക് സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ ജോടി തോറ്റത്. സ്കോർ: 13-21, 17-21
തൻവിക്കും വെന്നലക്കും വെങ്കലം
സോളോ (ഇന്തോനേഷ്യ): ഏഷ്യ ജൂനിയർ ബാഡ്മിന്റൺ വനിത സിംഗ്ൾസിൽ ഇന്ത്യയുടെ തൻവി ശർമക്കും വെന്നല കലഗോട്ട്ലയും വെങ്കലം. ഇരു താരങ്ങളും സെമിയിൽ ചൈനീസ് താരങ്ങളോട് കീഴടങ്ങുകയായിരുന്നു. ചൈനയുടെ ലിയു സി യായ്ക്കെതിരെ 37 മിനിറ്റിൽ 15-21 18-21 എന്ന സ്കോറിന് വെന്നല പൊരുതി തോറ്റു. രണ്ടാം ഗെയിമിൽ 15-20 എന്ന സ്കോറിന് പിന്നിലായ ഇന്ത്യൻ താരം തിരിച്ചുവരവിന്റെ സൂചനകൾ കാണിച്ചിരുന്നു. എന്നാൽ, നിർണായക സമയത്ത് ഉണ്ടായ പിഴവ് തിരിച്ചടിയായി.
രണ്ടാം സീഡ് തൻവി ശർമ എട്ടാം സീഡ് ചൈനയുടെ യിൻ യി ക്വിങ്ങിനോട് 13-21 14-21 എന്ന സ്കോറിനാണ് തോറ്റത്. ആദ്യ ഗെയിം തോറ്റ ശേഷം രണ്ടാം മത്സരത്തിൽ തൻവി 6-ന് ലീഡ് നേടിയിരുന്നു. പൊരുതി കയറിയ എതിരാളി 8-8 എന്ന നിലയിൽ തുല്യത പാലിച്ചു. തുടർന്ന് വിജയം ഉറപ്പാക്കി. കഴിഞ്ഞ മാസം നടന്ന യുഎസ് ഓപ്പൺ സൂപ്പർ 300 ടൂർണമെന്റിൽ തൻവി റണ്ണേഴ്സപ്പായിരുന്നു.