ചൈന ഓപൺ: സാത്വിക്-ചിരാഗ് സഖ്യം സെമിയിൽ, ഉന്നതി ഹൂഡ പുറത്ത്
text_fieldsബെയ്ജിങ്: വമ്പൻ അട്ടിമറിയുമായി ചൈന ഓപൺ വനിത സിംഗിൾസിൽ ചരിത്രം കുറിച്ച കൗമാര താരം ഉന്നതി ഹൂഡ പരാജയപ്പെട്ട ദിനത്തിൽ ഇന്ത്യൻ സ്വപ്നങ്ങൾക്ക് നിറം നൽകി സാത്വിക്- ചിരാഗ് ഷെട്ടി സഖ്യം. മലേഷ്യയുടെ ഓങ് യൂ സിൻ- ടിയോ ഈ യി കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകളിലാണ് ഇരുവരും തകർത്തുവിട്ടത്. സ്കോർ 21-18, 21-14. സെമിയിൽ രണ്ടാം സീഡായ ആരോൺ ചിയ, സോഹ് വൂയി യിക് സഖ്യമാകും എതിരാളികൾ.
ആദ്യ സെറ്റിൽ എതിരാളികൾ ഒപ്പത്തിനൊപ്പം നിന്ന് കളിച്ചതിനൊടുവിലാണ് അവസാനത്തിലെ മിന്നും പ്രകടനത്തിൽ സാത്വികും ചിരാഗും ചേർന്ന് കളി പിടിച്ചത്. രണ്ടാം സെറ്റിൽ പക്ഷേ, 11-9ൽ നിന്നത് മാത്രമായിരുന്നു മലേഷ്യൻ ജോടിക്ക് ആശ്വസിക്കാവുന്ന നേട്ടം. പിന്നീട് അതിവേഗം ബഹുദൂരം കുതിച്ച ഇന്ത്യൻ ടീം അനായാസം അവസാന നാലിലേക്ക് മാർച്ച് ചെയ്തു.
അതേസമയം, ലോക നാലാം നമ്പർ താരം അകാനി യമാഗുച്ചിക്ക് മുന്നിൽ ഇന്ത്യൻ കൗമാര താരം ഉന്നതി ഹൂഡ വീണു. നേരിട്ടുള്ള സെറ്റുകളിലായിരുന്നു തോൽവി. സ്കോർ 16-21 12-21. സിന്ധുവിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു കഴിഞ്ഞ ദിവസം ഉന്നതി വീഴ്ത്തിയത്.
കന്നി സൂപ്പർ 1000 ടൂർണമെന്റിൽ അരങ്ങേറിയ ഉന്നതി ഓരോ കളിയിലും ഗംഭീര പ്രകടനവുമായി ഓളം തീർത്തിരുന്നു. സൂപ്പർ 1000 ടൂർണമെന്റിൽ സെമി കളിക്കുന്ന നാലാമത്തെ ഇന്ത്യൻ വനിതയായിരുന്നു താരം.