ഹോങ്കോങ് ഓപൺ: പ്രണോയിയെ വീഴ്ത്തി ലക്ഷ്യ ക്വാർട്ടറിൽ; നരോക്കയെ അട്ടിമറിച്ച് ആയുഷ് ഷെട്ടി
text_fieldsഹോങ്കോങ്: ഇന്ത്യക്കാർ തമ്മിൽ നടന്ന ഹോങ്കോങ് ഓപൺ പുരുഷ സിംഗ്ൾസ് പ്രീക്വാർട്ടർ മത്സരത്തിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയെ വീഴ്ത്തി ലക്ഷ്യ സെൻ. തിരുവനന്തപുരത്തുകാരനായ പ്രണോയിയെ 15-21 21-18 21-10 സ്കോറിന് തോൽപിച്ച് ലക്ഷ്യ ക്വാർട്ടർ ഫൈനലിലെത്തി.
മുൻ ലോക രണ്ടാം നമ്പർ താരവും 2023 ലോക ചാമ്പ്യൻഷിപ് മെഡൽ ജേതാവുമായ ജപ്പാന്റെ കൊടൈ നരോക്കയെ ഇന്ത്യൻ യുവതാരം ആയുഷ് ഷെട്ടി അട്ടിമറിച്ചു. 21-19, 12-21, 21-14 സ്കോറിനായിരുന്നു നരോക്കക്കെതിരെ കർണാടക സ്വദേശിയായ 20കാരന്റെ വിജയം. വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടറിൽ ലക്ഷ്യയും ആയുഷും ഏറ്റുമുട്ടും.
അതേസമയം, പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിലെത്തി. തായ്‍ലൻഡിന്റെ സുക്ഫുൺ-തീരരാത് സകുൽ ജോടിയെ 18-21, 21-15, 21-11 സ്കോറിനാണ് ഇവർ തോൽപിച്ചത്. സെമി ഫൈനലിൽ ഇടം തേടി മലേഷ്യയുടെ ജുനൈദി ആരിഫ്-റോയ് കിങ് യാപ് സഖ്യത്തെ സാത്വിക്കും ചിരാഗും ഇന്ന് നേരിടും.
ലോക ബോക്സിങ്: മെഡലുറപ്പാക്കി പൂജ റാണിയും
ലിവർപൂൾ: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മൂന്നാം മെഡൽ ഉറപ്പാക്കി പൂജ റാണി സെമി ഫൈനലിൽ പ്രവേശിച്ചു. വനിത 80 കിലോ ഗ്രാം ക്വാർട്ടർ ഫൈനലിൽ പോളണ്ടിന്റെ എമിലിയ കോട്ടെർസ്കെയെ 3-2നാണ് പൂജ തോൽപിച്ചത്. ജാസ്മിൻ ലംബോറിയ (57 കിലോ), നൂപുർ ഷിയോറൻ (80+) എന്നീ വനിത താരങ്ങളും ഇതിനകം സെമിയിലെത്തി മെഡലുറപ്പിച്ചിട്ടുണ്ട്.
വനിത ഏഷ്യ കപ്പ് ഹോക്കി: ഇന്ത്യക്ക് തോൽവി
ഹാങ്ഷൂ (ചൈന): വനിത ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യക്ക് ആദ്യ തോൽവി. സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ചൈന ഇന്ത്യയെ ഒന്നിനെതിരെ നാല് ഗോളിന് തോൽപിച്ചു. 39ാം മിനിറ്റിൽ മുംതാസ് ഖാനാണ് ആശ്വാസ ഗോൾ നേടിയത്. ചൈനക്കായി സൂ മെയ്റോങ് (4, 56), ചെൻ യാങ് (31), ടാൻ ജിൻസുവാങ് (49) എന്നിവർ ലക്ഷ്യം കണ്ടു.
ജയത്തോടെ ഇവർ ഫൈനലും ഉറപ്പാക്കി. ചൈനയും (6) ഇന്ത്യയുമാണ് (3) ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ദക്ഷിണ കൊറിയക്കും ജപ്പാനും ഓരോ പോയന്റ് വീതമാണുള്ളത്. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ജപ്പാനെ തോൽപിച്ച് ഫൈനലിലെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.