15 പോയന്റ് മതി! ബാഡ്മിന്റണിൽ പുതിയ പോയന്റ് സംവിധാനം ഏപ്രിൽ മുതൽ
text_fieldsമുംബൈ: നിലവിലെ 21 പോയന്റ് സംവിധാനത്തിൽനിന്ന് 15 പോയന്റിലേക്ക് മാറാനൊരുങ്ങി ബാഡ്മിന്റൺ. ഏപ്രിൽ മുതൽ ചില ദേശീയ, അന്തർദേശീയ ടൂർണമെന്റുകളിൽ പരീക്ഷിക്കുമെന്ന് ലോക ബാഡ്മിന്റൺ ഫെഡറേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. 21 പോയന്റുള്ള മൂന്ന് സെറ്റുകളായിരുന്നത് ഇതോടെ 15 പോയന്റ് വീതമുള്ള അത്രയും സെറ്റുകളാകും.
ആദ്യ രണ്ടു സെറ്റും ആദ്യം 15 പോയന്റ് സ്വന്തമാക്കി പിടിച്ചാൽ മൂന്നാം സെറ്റ് വേണ്ടിവരില്ല. അതേസമയം, വിജയിക്കാൻ അവസാനം രണ്ട് പോയന്റ് അകലം വേണമെന്നതിലെ അവസാന അക്കത്തിലുമുണ്ട് മാറ്റം. സ്കോർ 29-29 വരെ തുല്യത പാലിച്ചാൽ അടുത്ത പോയന്റ് ആദ്യം നേടുന്നവർക്ക് വിജയമെന്നത് 20-20 ആയാൽ അടുത്ത പോയന്റ് ആദ്യം നേടി വിജയിക്കാമെന്നാകും. കഴിഞ്ഞ നവംബറിൽ ക്വലാലംപൂരിൽ നടന്ന ബാഡ്മിന്റൺ ലോക ഫെഡറേഷൻ യോഗത്തിലാണ് തീരുമാനമെടുത്തത്.
ഏപ്രിലിൽ നിയമം പരീക്ഷണാടിസ്ഥാനത്തിൽ വരുന്നുവെങ്കിലും അന്തിമമായി പ്രാബല്യത്തിലാകാൻ സമയമെടുക്കും. കളിക്കാർ, ഒഫീഷ്യലുകൾ, സമിതികൾ, വ്യാപാര പങ്കാളികൾ എന്നിങ്ങനെ എല്ലാവരിൽനിന്നും അഭിപ്രായമെടുത്ത ശേഷമാകും നടപ്പാക്കൽ.