‘സമാധാനം വേണം, ഇനി രണ്ടുവഴിക്ക്’; കശ്യപുമായി പിരിയുന്നുവെന്ന് സൈന നെഹ്‌വാൾ
text_fieldsന്യൂഡൽഹി: ഭർത്താവ് പാരുപ്പള്ളി കശ്യപുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഒളിമ്പിക് മെഡൽ ജേതാവ് സൈന നെഹ്‌വാൾ. ഏഴ് വർഷം നീണ്ട ദാമ്പത്യമാണ് മുൻ ബാഡ്മിന്‍റൺ താരങ്ങൾ അവസാനിപ്പിക്കുന്നത്. പരസ്പര ധാരണയോടെയാണ് തങ്ങൾ വേർപിരിയാനുള്ള തീരുമാനത്തിലെത്തിയതെന്ന് മുൻ ലോക ഒന്നാംനമ്പർ താരമായ സൈന ഇസ്റ്റഗ്രാമിൽ കുറിച്ചു.
‘‘ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് നയിക്കും. ഒരുപാട് ആലോചനകൾക്ക് ഒടുവിൽ ഞാനും പാരുപ്പള്ളി കശ്യപും പിരിയാമെന്ന് തീരുമാനമെടുത്തു. ഞങ്ങൾ ഞങ്ങൾക്കുവേണ്ടിയും പരസ്പര സമാധാനത്തിനും ഉയർച്ചയ്ക്കും വേണ്ടി ഈ വഴി തെരഞ്ഞെടുക്കുന്നു. ഇതുവരെ നൽകിയ മികച്ച ഓർമകൾക്ക് നന്ദി. അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നതിനും മനസ്സിലാക്കുന്നതിനും നിങ്ങളോട് നന്ദി അറിയിക്കുന്നു’’– സൈന കുറിച്ചു.
ദീർഘകാല പ്രണയത്തിനുശേഷം, 2018 ഡിസംബറിലാണ് കശ്യപും സൈനയും വിവാഹിതരായത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സൈന 2010, 2018 കോമണ്‍വെല്‍ത്ത് ഗെയിംസുകളിൽ സ്വർണ മെഡല്‍ ജേതാവായിരുന്നു. ഒളിമ്പിക്സ് ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരമാണ് പി.കശ്യപ്. 2012ൽ കശ്യപിന് കേന്ദ്രസർക്കാർ അർജുന പുരസ്കാരം നൽകി. 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസിൽ കശ്യപ് സ്വർണവും നേടിയിരുന്നു.
ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് അക്കാദമിയിലാണ് ഇരുവശും പരിശീലനം നടത്തിയിരുന്നത്. 2015ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് റാങ്കിങ്ങില്‍ നമ്പര്‍ വണ്‍ ആയ ആദ്യ ഇന്ത്യന്‍ വനിത സൈനയാണ്. സൈനയുടെ ഭാഗത്തുനിന്നും വേര്‍പിരിയല്‍ സ്ഥിരീകരണം വന്നെങ്കിലും കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2024ല്‍ താന്‍ ആര്‍ത്രൈറ്റിസ് നേരിടുകയാണെന്നും ഇതുതന്നെ ബാഡ്മിന്റണ്‍ കരിയറില്‍ തുടരുമോ ഇല്ലയോ എന്ന തീരുമാനത്തിലേക്ക് എത്തിച്ചേക്കാമെന്നും സൈന പറഞ്ഞത്. ‘മുട്ടുവേദന തീവ്രമായ അവസ്ഥയിലാണ്, കാൾറ്റിലേജ് മോശം രീതിയിലാണ്. എട്ടു മുതൽ ഒമ്പതു മണിക്കൂർ വരെ കഠിന പരിശീലനം നടത്താൻ ഇപ്പോള്‍ ബുദ്ധിമുട്ടാണ്’ എന്നാണ് സൈന പറഞ്ഞത്. മത്സരങ്ങളില്‍ നിന്നെ് മാറിനില്‍ക്കേണ്ട അവസ്ഥയും സൈനക്ക് വന്നിരുന്നു.