Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസിന്ധുവിന് വീണ്ടും...

സിന്ധുവിന് വീണ്ടും നിരാശ; ഇന്തോനേഷ്യൻ ഓപ്പൺ പ്രീ ക്വാർട്ടറിൽ തോറ്റ് പുറത്ത്

text_fields
bookmark_border
സിന്ധുവിന് വീണ്ടും നിരാശ; ഇന്തോനേഷ്യൻ ഓപ്പൺ പ്രീ ക്വാർട്ടറിൽ തോറ്റ് പുറത്ത്
cancel

ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് തോൽവി. പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരവും ഒളിമ്പിക് ചാമ്പ്യനുമായ ദക്ഷിണ കൊറിയയുടെ ആൻ സെ യങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി (സ്കോർ: 21-17, 21-14/15).

ആൻ സെ യങ്ങിനെതിരെ സിന്ധു നേരിടുന്ന തുടർച്ചയായ പത്താം തോൽവിയാണിത്. കഴിഞ്ഞ ആഴ്ച നടന്ന സിംഗപ്പൂർ ഓപ്പൺ ക്വാർട്ടറിലും സിന്ധു കൊറിയൻ താരത്തോട് പരാജയപ്പെട്ടിരുന്നു.

ആദ്യ ഗെയിമിൽ മികച്ച പോരാട്ടമാണ് സിന്ധു കാഴ്ചവെച്ചത്. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ ഒരു ഘട്ടത്തിൽ 10-10 എന്ന നിലയിലും പിന്നീട് 15-14 എന്ന സ്കോറിലും സിന്ധു മുന്നിലെത്തി കൊറിയൻ താരത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ തന്റേതായ ശൈലിയിൽ ശക്തമായി തിരിച്ചടിച്ച ആൻ സെ യങ് 41 ഷോട്ടുകൾ നീണ്ട മികച്ചൊരു റാലിയുൾപ്പെടെ സ്വന്തമാക്കി ആദ്യ ഗെയിം (21-17) കൈക്കലാക്കി.

രണ്ടാം ഗെയിമിൽ പൂർണ്ണമായും കൊറിയൻ താരത്തിന്റെ ആധിപത്യമാണ് കോർട്ടിൽ കണ്ടത്. 13-6 എന്ന നിലയിൽ കുതിച്ച ആൻ സെ യങ്ങിനെതിരെ വിട്ടുകൊടുക്കാതെ തിരിച്ചടിക്കാൻ സിന്ധു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോർട്ടിലെ മികച്ച നീക്കങ്ങളിലൂടെ കൊറിയൻ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.

ആൻ സെ യങ്ങിനെതിരെ ഇതുവരെ ഒരു മത്സരം പോലും ജയിക്കാൻ സിന്ധുവിന് കഴിഞ്ഞിട്ടില്ല. 2023 ഏപ്രിലിലാണ് അവസാനമായി ഒരു സെറ്റെങ്കിലും സിന്ധുവിന് നേടാനായത്. തുടക്കത്തിൽ മികച്ച പോരാട്ടം കാഴ്ചവെക്കുമെങ്കിലും അവസാന നിമിഷങ്ങളിലെ, പ്രത്യേകിച്ച് 17 പോയിന്റുകൾക്ക് ശേഷമുള്ള സിന്ധുവിന്റെ പ്രകടനത്തിലെ ഇടിവാണ് വലിയ തിരിച്ചടിയാകുന്നത്. മികച്ച പ്രതിരോധത്തിനൊപ്പം നിർണായക ഘട്ടങ്ങളിൽ ആത്മവിശ്വാസം നിലനിർത്താൻ കഴിയാത്തത് സിന്ധുവിന് വിനയാകുന്നുണ്ട്.

പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ യുവതാരം ആയുഷ് ഷെട്ടിയും പരാജയപ്പെട്ട് പുറത്തായി. ഹോങ്കോങ്ങിന്റെ ലീ ച്യൂക് യിയുവിനോടാണ് ലോക ഇരുപതാം നമ്പർ താരമായ ആയുഷ് പരാജയപ്പെട്ടത്. ആദ്യ ഗെയിം സ്വന്തമാക്കി മികച്ച തുടക്കം ലഭിച്ച ശേഷമായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി (സ്കോർ: 21-16, 13-21, 14-21). ലോക 23-ാം നമ്പർ താരമായ ലീയുടെ കരുത്തുറ്റ ഷോട്ടുകൾക്ക് മുന്നിൽ രണ്ടും മൂന്നും ഗെയിമുകളിൽ ആയുഷിന് പിടിച്ചുനിൽക്കാനായില്ല.

Show Full Article
TAGS:PV Sindu An Seyoung badminton indonesian open 
News Summary - the An Se-young dominance over PV Sindhu
Next Story