സയ്യിദ് മോദി ബാഡ്മിന്റൺ: ട്രീസ-ഗായത്രി സഖ്യം, ശ്രീകാന്ത് ഫൈനലിൽ
text_fieldsകിഡംബി ശ്രീകാന്ത്
ലഖ്നോ: നിലവിലെ ചാമ്പ്യന്മാരായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം സയ്യിദ് മോദി ബാഡ്മിന്റൺ വനിത ഡബ്ൾസ് ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ മലേഷ്യയുടെ ഓങ് സിൻ യീ-കർമെൻ ടിങ് ജോടിയെയാണ് മലയാളിയായ ട്രീസയും ഗായത്രിയും ചേർന്ന ഇന്ത്യൻ കൂട്ടുകെട്ട് മടക്കിയത്. സ്കോർ: 21-11, 21-15. ജപ്പാന്റെ മായ് ടനാബെ-കഹോ ഒസാവ സഖ്യമാണ് ഞായറാഴ്ചത്തെ ഫൈനലിൽ ഇവരുടെ എതിരാളികൾ. പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ഫൈനലിലെത്തി. സെമിയിൽ സഹതാരം മിഥുൻ മഞ്ജുനാഥിനെ 21-15, 19-21, 21-13 സ്കോറിനാണ് ശ്രീകാന്ത് വീഴ്ത്തിയത്.
അതേസമയം, വനിത സിംഗ്ൾസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ സെമിയിൽ അവസാനിച്ചു. ഉന്നതി ഹുഡ 15-21, 10-21ന് തുർക്കിയയുടെ നെസ്ലിഹാൻ അരിനോടും താൻവി ശർമ 17-21, 16-21ന് ജപ്പാന്റെ ഹിന അകേചിയോടും മുട്ടുമടക്കി. മിക്സഡ് ഡബ്ൾസിൽ ട്രീസ ജോളി-ഹരിഹരൻ അംസകരുണൻ സഖ്യം 17-21, 19-21ന് ഇന്തോനേഷ്യയുടെ ദെജാൻ ഫെർഡിനൻസ്യ-ബെർനാഡിൻ അനിൻഡ്യ വാർഡാന ജോടിയോട് തോറ്റ് സെമിയിൽ പുറത്തായി.


