തീരാ ദുരിതം.., മടക്കയാത്രക്കും ട്രെയിൻ ടിക്കറ്റില്ല; ബാഡ്മിന്റൺ താരങ്ങൾ ഭോപ്പാലിൽ കുടുങ്ങി
text_fieldsഭോപ്പാൽ: അണ്ടർ 19 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കായികതാരങ്ങളുടെ മടക്ക യാത്രയും അനിശ്ചിതത്വത്തിൽ. ഭോപ്പാലിൽ നിന്ന് ഇന്ന് രാത്രി 10.50 പുറപ്പെടേണ്ട രപ്തിസാഗർ എക്സ്പ്രസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും അവസാന മണിക്കൂറിലും ടിക്കറ്റ് കൺഫേം ആകാത്തത് താരങ്ങളെ പെരുവഴിയിലാക്കി.
നേരത്തെ ചാമ്പ്യൻഷിപ്പിന് പുറപ്പെടുമ്പോഴും ടിക്കറ്റ് ലഭിക്കാതെ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി പോയ കായിക താരങ്ങളെ ഒടുവിൽ മന്ത്രി ഇടപ്പെട്ട് വിമാന ടിക്കറ്റ് നൽകിയാണ് കൊണ്ടുപോയത്. താരങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ മാധ്യമ വാർത്ത ആയതിനെ തുടർന്നാണ് സർക്കാർ തല ഇടപെടലുണ്ടായത്.
നവംബർ 17ന് 20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മൂന്നുപേർക്കും തേർഡ് എ.സി ടിക്കറ്റ് പൊതു വിദ്യാഭ്യാസ വകുപ്പ് എടുത്തു നൽകിയിരുന്നു. ടിക്കറ്റ് കൺഫേം ചെയ്യാൻ എമർജൻസി ക്വോട്ടയിൽ അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ മുഴുവൻ ടിക്കറ്റുകളും കൺഫേം ആയില്ല. തുടർന്നാണ് മന്ത്രിയുടെ ഇടപെടലിൽ വിമാനയാത്ര തരപ്പെട്ടത്.
എന്നാൽ മടക്ക യാത്രയിലും ഇതേ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടി താരങ്ങൾ ഇനി എന്ത് ചെയ്യുമെന്നറിയാതെ മധ്യപ്രദേശിൽ നിൽക്കുകയാണ്. സർക്കാർ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്. ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ കാലുകുത്താനിടമില്ലാത്ത ജനറൽ ടിക്കറ്റിൽ വരേണ്ടിവരുമോ എന്ന ആശങ്കയിലാണ് താരങ്ങൾ.