പി.വി. സിന്ധുവിന് അപ്രതീക്ഷിത തോൽവി; ഉന്നതി ഹൂഡ ചൈന ഓപൺ ക്വാർട്ടറിൽ
text_fieldsഹാങ്ഷൂ: ചൈന ഓപൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡലിസ്റ്റ് പി.വി. സിന്ധുവിന് ഞെട്ടിക്കുന്ന തോൽവി. ഇന്ത്യൻ താരം തന്നെയായ 17കാരി ഉന്നതി ഹൂഡ മുൻ ലോക ചാമ്പ്യനെ വനിത സിംഗ്ൾസ് രണ്ടാം റൗണ്ടിൽ അട്ടിമറിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു. സ്കോർ: 21-16, 19-21, 21-13. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് സിന്ധു സഹതാരത്തോട് തോൽവി ഏറ്റുവാങ്ങുന്നത്. 2018ൽ സൈന നെഹ് വാളിനോട് കോമൺവെൽത്ത് ഗെയിംസ് ഫൈനലിൽ മുട്ടുമടക്കിയ ശേഷം ഹൈദരാബാദുകാരി ഒരു ഇന്ത്യൻ താരത്തോടും പരാജയം രുചിച്ചിട്ടില്ല. സൂപ്പർ ടൂർണമെന്റിൽ ഉന്നതിയുടെ ആദ്യ ക്വാർട്ടറാണിത്.
അതേസമയം, ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബ്ൾസ് ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ ഇന്തോനേഷ്യയുടെ ലിയോ റോളി കർനാൻഡോ-ബാഗാസ് മൗലാന ജോടിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് വീഴ്ത്തിയത്. സ്കോർ: 21-19 21-19. സിംഗ്ൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ടിൽ പുറത്തായി. ആറാം സീഡ് ചൈനീസ് തായ്പേയിയുടെ ചൗ ടിയേൻ ചെന്നിനോട് 21-18, 15-21, 8-21ന് തോൽക്കുകയായിരുന്നു പ്രണോയ്.