ലോക ബാഡ്മിന്റൺ: സാത്വിക്-ചിരാഗ് സഖ്യം സെമിയിൽ പുറത്ത്; വെങ്കലം
text_fieldsസാത്വിക്-ചിരാഗ്
പാരിസ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സെമി ഫൈനലിൽ പുറത്തായെങ്കിലും ചരിത്രംകുറിച്ച് സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ചാമ്പ്യൻഷിപ് ചരിത്രത്തിൽ രണ്ടുതവണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ജോടിയായി ഇവർ. സെമിയിൽ 11ാം സീഡ് ചൈനയുടെ ചെൻ ബോ യാങ്-ലിയു യി കൂട്ടുകെട്ടിനോടാണ് സാത്വികും ചിരാഗും മുട്ടുമടക്കിയത്. സ്കോർ: 19-21, 21-18, 12-21. സെമിയിൽ തോറ്റതോടെ ഇരുവരും വെങ്കലവുമായി മടങ്ങി. 2022ലും സാത്വിക്-ചിരാഗ് സഖ്യം വെങ്കലം നേടിയിരുന്നു.
ലോക ബാഡ്മിന്റൺ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ജോടിയെന്ന ചരിത്ര നേട്ടം കൈവരിക്കാനിറങ്ങിയ സാത്വികിനും ചിരാഗിനും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ആദ്യ ഗെയിമിൽ ഇഞ്ചോടിഞ്ച് പൊരുതി 19-21ന് അടിയറവ് പറഞ്ഞു. രണ്ടാമത്തെതിൽ തിരിച്ചടിച്ചതോടെ 21-18ന് ജയിച്ച് ഇന്ത്യക്ക് പ്രതീക്ഷ നൽകി. നിർണായകമായ മൂന്നാം ഗെയിമിൽ പക്ഷേ, ചെൻ-ലിയു സഖ്യം സാത്വികിനെയും ചിരാഗിനും അനായാസമെന്നോണം 12-21ന് മുട്ടുകുത്തിച്ചു. 67 മിനിറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു ചൈനീസ് സഖ്യത്തിന്റെ ജയം. നിലവിൽ ലോക റാങ്കിങ്ങിൽ ഒമ്പതാമതാണ് സാത്വികും ചിരാഗും. 2020 ടോക്യോ, 2024 പാരിസ് ഒളിമ്പിക്സുകളിൽ മെഡൽ നേടാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല.
ഒളിമ്പ്യൻ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്തായതോടെ ഇന്ത്യയുടെ അവശേഷിച്ച പ്രതീക്ഷയായിരുന്നു സാത്വിക്-ചിരാഗ് സഖ്യം. സിന്ധുവാണ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഏക ഇന്ത്യൻ താരം. രണ്ടുവീതം വെള്ളിയും വെങ്കലവുമായി അഞ്ച് മെഡലുകൾ ഹൈദരാബാദുകാരി സ്വന്തമാക്കിയിട്ടുണ്ട്.