ദേശീയ ഗെയിംസിന്റെ മറവിൽ തട്ടിപ്പും വെട്ടിപ്പും
text_fieldsതിരുവനന്തപുരം: ദേശീയ ഗെയിംസിന് കായിക അസോസിയേഷനുകൾക്ക് പണം മുൻകൂർ അനുവദിക്കുന്നതിൽ കർശന നിലപാടുമായി ധനവകുപ്പ്. മുൻകാലങ്ങളിൽ കായികതാരങ്ങൾക്ക് അനുവദിച്ച കോടികളിൽ നല്ലൊരു പങ്കും ചില അസോസിയേഷൻ നേതാക്കൾ കൈയിട്ടുവാരിയതോടെ മുൻകൂർ പണം അനുവദിക്കുന്നതിന് പകരം ചെലവായ തുകയുടെ ബിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന് സമർപ്പിക്കുന്ന മുറക്ക് മാത്രം പണം നൽകിയാൽ മതിയെന്ന നിലപാടിലാണ് ധനവകുപ്പ്. കായിക വകുപ്പിനും സംസ്ഥാന സ്പോർട്സ് കൗൺസിലിനും ഈ നിർദേശം നൽകിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ഡറാഡൂണിൽ ജനുവരി 28 മുതൽ നടക്കുന്ന 38ാമത് ദേശീയ ഗെയിംസിന് അഞ്ഞുറോളം വരുന്ന കേരള ടീമിന്റെ ഒരുക്കങ്ങൾക്ക് 9.90 കോടിയാണ് സ്പോർട്സ് കൗൺസിൽ കായിക വകുപ്പിനോട് ആവശ്യപ്പെട്ടത്. കായിക വകുപ്പ് ഫയൽ കഴിഞ്ഞ ദിവസം കൈമാറിയെങ്കിലും മുൻകാല അനുഭവം ചൂണ്ടിക്കാട്ടി ധനവകുപ്പ് നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
ഗോവയിൽ 2023 ഒക്ടോബറിൽ നടന്ന ദേശീയ ഗെയിംസിന് സർക്കാർ അഞ്ചു കോടി അനുവദിച്ചെങ്കിലും ചെലവായ തുകയുടെ ബില്ലുകൾ പല അസോസിയേഷനും ധനവകുപ്പിന് സമർപ്പിച്ചിട്ടില്ല. കായിക ഉപകരണങ്ങൾ വാങ്ങിയതിലും ക്യാമ്പ് നടത്തിയതിലുമടക്കം സമർപ്പിച്ച പല ബില്ലും വ്യാജമാണെന്നും പരിശോധനയിൽ കണ്ടെത്തി. 10 ദിവസം ക്യാമ്പ് നടത്തിയ ശേഷം മൂന്നാഴ്ച നടത്തിയതായി കാണിച്ച് ചില അസോസിയേഷനുകൾ പണം തട്ടി.
ക്യാമ്പിൽ ഒരു താരത്തിന് പ്രതിദിന ഭക്ഷണ-താമസ അലവൻസായി 800 രൂപയാണ് അനുവദിക്കുക. ഇതിൽ 500 രൂപ ഭക്ഷണത്തിനാണ്. സ്പോർട്സ് കിറ്റിന് അനുവദിച്ച തുകപോലും പലർക്കും നൽകിയില്ല. ഭാവി നശിപ്പിക്കുമെന്ന് ഭയന്ന് അസോസിയേഷൻ നേതാക്കൾക്കെതിരെ പലരും പരാതി പറയാൻ മടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ക്യാമ്പുകൾ പൂർത്തിയാക്കിയ ശേഷം ചെലവുകൾ സമർപ്പിച്ചാൽ തുക അനുവദിക്കാമെന്ന നിലപാട് ധനവകുപ്പ് സ്വീകരിച്ചത്.
• ഒരു കായിക അസോസിയേഷനും മുൻകൂർ പണം അനുവദിക്കില്ല. ബില്ലുകൾ നൽകുന്ന മുറക്ക് പണം നൽകിയിരിക്കും. ബില്ലുകൾ കൃത്യമായാൽ പണം ലഭിക്കുമെന്ന കാര്യത്തിൽ അസോസിയേഷനുകൾക്ക് സംശയം വേണ്ട.
-ധനമന്ത്രിയുടെ ഓഫിസ്
•മുൻകാലങ്ങളിൽ സർക്കാർ അഡ്വാൻസ് പോലെ ഒരു തുക അനുവദിച്ചിരുന്നു. ആ തുക ക്യാമ്പുകൾ സംഘടിപ്പിക്കാനും മറ്റും അസോസിയേഷനുകൾക്ക് വീതം വെച്ച് നൽകുകയാണ് പതിവ്. ഇത്തവണ മുൻകൂർ പണം അനുവദിച്ചില്ലെങ്കിലും ദേശീയ ഗെയിംസ് ഒരുക്കങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ക്യാമ്പുകൾ ആരംഭിക്കാൻ കഴിഞ്ഞ മാസം 30ന് തന്നെ അസോസിയേഷനുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗം ക്യാമ്പും തുടങ്ങിയിട്ടുണ്ട്. ബാസ്കറ്റ് ബാൾ അടക്കം ചില ഇനങ്ങളിൽ ദേശീയ മത്സരങ്ങൾ നടക്കുന്നേയുള്ളൂ. ഇതിന് ശേഷമാകും ക്യാമ്പുകൾ. വിഷു ടീമിന്റെ പരിശീലനം ഉത്തരാഖണ്ഡിൽ ആരംഭിച്ചു. കാലാവസ്ഥയും ഉത്തരാഖണ്ഡ് വരെ ട്രെയിൻ യാത്രയും ബുദ്ധിമുട്ടായതിനാൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇതെല്ലാം കൂടി ചേർത്തുള്ള ബജറ്റ് എസ്റ്റിമേറ്റാണ് കായികവകുപ്പിന് സമർപ്പിച്ചിട്ടുള്ളത്.
-യു. ഷറഫലി (കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)
• സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കായിക അസോസിയേഷനുകൾ സ്വതന്ത്ര, സ്വകാര്യ സംഘടനകളാണ്. ഒരു സ്വകാര്യ സംഘടനക്കും സർക്കാർ മുൻകൂർ പണം അനുവദിക്കാറില്ല. ക്യാമ്പ് നടത്തി ബിൽ ഹാജരാക്കുന്ന മുറക്ക് പണം അനുവദിക്കും. മുൻകൂർ പണം അനുവദിച്ചാൽ അതെല്ലാം കായികതാരങ്ങളിലേക്കെത്തുമെന്ന് ഒരുറപ്പുമില്ല. പണം അനുവദിക്കാത്തതുകൊണ്ട് ദേശീയ ഗെയിംസിന്റെ മുന്നൊരുക്കങ്ങൾക്ക് കുറവുണ്ടായിട്ടില്ല. ക്യാമ്പുകൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്.
- കായിക മന്ത്രിയുടെ ഓഫിസ്