ചെക്ക് ദേ ഇന്ത്യ
text_fieldsകിരീടം നേടിയപ്പോൾ വിതുമ്പുന്ന ഗുകേഷ്
ലോകം ജയിച്ചൊരു രാജകുമാരനിതാ. കറുപ്പും വെളുപ്പും നിറങ്ങൾകൊണ്ട് ആധുനിക ചതുരംഗക്കളത്തിൽ പലപ്പോഴായി ഇന്ത്യക്ക് ചെക്ക് വെച്ച റഷ്യക്കും നോർവേക്കും ഇപ്പോൾ ചൈനക്കും മീതെ പാറിപ്പറക്കുകയാണ് ത്രിവർണ പതാക. ചെസിലെ അതികായൻ വിശ്വനാഥൻ ആനന്ദും ദൊമ്മരാജു ഗുകേഷും തമ്മിലെ പ്രായവ്യത്യാസം 37 വയസ്സാണ്.
ഇന്ത്യ നിരവധി പ്രതിഭകളെ സംഭാവന ചെയ്തെങ്കിലും ആനന്ദിന് ശേഷം വർഷങ്ങളോളം ലോക ചാമ്പ്യന് വേണ്ടിയുള്ള കാത്തിരിപ്പ് തുടർന്നു. സമീപകാലത്ത് ചെസ് ലോകകപ്പ് ഫൈനലിൽ മറ്റൊരു കൗമാരക്കാരൻ രമേഷ് ബാബു പ്രഗ്നാനന്ദ സാക്ഷാൽ മാഗ്നസ് കാൾസനെ ഞെട്ടിച്ചാണ് കീഴടങ്ങിയത്.
ലോകകപ്പ് കിരീടം കൈയരികെ കൈവിട്ട രാജ്യത്തേക്ക് ലോക ചാമ്പ്യൻഷിപ്പിലെ 18ാം ജേതാവായി ഗുകേഷെത്തുകയാണ്. ചെസിൽ ആനന്ദിന്റെ പിൻഗാമിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് കൂടിയാണ് 18 വയസ്സും എട്ട് മാസവും മാത്രം പ്രായമുള്ള ഗുകേഷ് കരുക്കൾ നീക്കിയത്.
ഡിങ്ങിന് മീതെയൊരു കിങ്
അനുഭവസമ്പത്തുകൊണ്ട് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു ചൈനീസ് താരം ഡിങ് ലിറെന്. കഴിഞ്ഞ തവണ ടൈബ്രേക്കറിലെത്തിയ ലോക ചാമ്പ്യൻഷിപ്പിൽ ഇയാൻ നെപോംനിയാഷിയെ തോൽപിച്ച് കിരീടം നേടിയ 32കാരൻ സിംഗപ്പൂരിലെ വേൾഡ് സെന്റോസ റിസോർട്ടിൽ ചാമ്പ്യൻപട്ടം നിലനിർത്താൻ നേരത്തേ ഒരുക്കം തുടങ്ങിയിരുന്നു.
തന്ത്രപരമായ നീക്കമെന്നോണം ചെസ് ഒളിമ്പ്യാഡിൽ ഗുകേഷിനെതിരെ നേർക്കുനേർ ഏറ്റുമുട്ടാതെ മാറിനിന്നു. ഒരു വർഷത്തോളമായി മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്ന ലിറെൻ, ശാന്തപ്രകൃതനാണെങ്കിലും കൊടുങ്കാറ്റ് ഉള്ളിൽക്കൊണ്ടു നടന്നിരുന്നു.
11ാം ഗെയിം നേടി ഗുകേഷ് ലീഡ് പിടിച്ചപ്പോൾ ലിറെനിലെ പോരാളി ഉണർന്നതിന്റെ ഫലമാണ് തൊട്ടടുത്ത കളിയിലെ വിജയം. ഒരുപക്ഷേ 14ാം ഗെയിമും സമനിലയിൽ പിരിഞ്ഞിരുന്നെങ്കിലും അതിവേഗ പോരാട്ടങ്ങളിലെ തന്റെ മികവ് ഉപയോഗിച്ച് ഗുകേഷിനെ മറിച്ചിടാമെന്ന് ലിറെൻ കരുതിക്കാണണം.
സ്യൂട്ടബിൾ കാൻഡിഡേറ്റ്
റഷ്യയുടെ നെപോംനിയാഷി, യു.എസിന്റെ ഹികാരു നമാകുറ, ഫാബിയോ കരുവാന, ഇന്ത്യയുടെ തന്നെ ആർ. പ്രഗ്നാനന്ദ തുടങ്ങിയ പ്രമുഖരെ മറികടന്നാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ ഗുകേഷ് കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിച്ച് ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്.
ഈ ടൂർണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 1983-84ൽ റഷ്യൻ ഇതിഹാസം ഗാരി കാസ്പറോവ് 20 വയസ്സിൽ സ്ഥാപിച്ച റെക്കോഡാണ് ഗുകേഷ് പഴങ്കഥയാക്കിയത്. 14 റൗണ്ടുകളടങ്ങിയ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഗുകേഷ് നേടിയത് ഒമ്പത് പോയന്റാണ്. അവസാന റൗണ്ടിൽ യു.എസിന്റെ ഹികാരു നമാകുറക്കെതിരായ സമനിലയും കിരീട പ്രതീക്ഷയോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇയാൻ നെപോംനിയഷിയെ ഫാബിയോ കരുവാന തളച്ചതുമാണ് ഇന്ത്യൻ കൗമാര താരത്തിന് തുണയായത്.
ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായി ശ്രദ്ധിക്കപ്പെട്ട് തുടങ്ങുമ്പോൾ ഗുകേഷിന് 12 വയസ്സും ഏഴു മാസവും 17 ദിവസവുമായിരുന്നു പ്രായം. ചെന്നൈ സ്വദേശി ഇ.എൻ.ടി സർജൻ രജനീകാന്തിന്റെയും മൈക്രോബയോളജിസ്റ്റ് പദ്മയുടെയും മകനാണ്.
സ്കൂളിലെ ചെസ് പരിശീലകനായ ഭാസ്കർ കുഞ്ഞു ഗുകേഷിലെ കളി മികവ് കണ്ടെത്തി. ഏഴാം വയസ്സിൽ കരുനീക്കം തുടങ്ങി. ആറാം മാസത്തിൽ തന്നെ ഫിഡേ റേറ്റിങ്ങുള്ള താരമായി വളർന്നു. ആനന്ദിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായി. ഇപ്പോൾ ലോക ചാമ്പ്യനും. 2007ലും 08ലും 2010ലും 12ലും ജേതാവായിരുന്നു ആനന്ദ്.